- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസാവസാനമാകുമ്പോൾ വാടക നൽകാൻ കുട്ടികളോട് കൈനീട്ടും; ആകെയുള്ള 45 ക്ലാസ് മുറികളിൽ 18 എണ്ണവും വാടകകെട്ടിടത്തിൽ; വാടക പിരിക്കുന്നത് 1500ൽ അധികം വിദ്യാർത്ഥികളോട്; ശുചിമുറികളും ലാബ് സൗകര്യങ്ങളുമില്ല; സർക്കാരിന്റെ 'ഹൈടെക് തള്ളുകളുടെ' കാലത്ത് പരാധീനതകൾക്ക് നടുവിൽ പൊന്മുണ്ടം സർക്കാർ സ്‌കൂൾ
മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക് ആക്കിയെന്ന് അവകാശപ്പെടുന്ന സർക്കാറിന്റെ കണ്ണിൽ പെടാത്ത ഒരു സ്‌കൂളുണ്ട് മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത പൊന്മുണ്ടം എന്ന പ്രദേശത്ത്. പൊന്മുണ്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളാണ് ഇക്കാലത്തും പരാധീനതകൾക്ക് നടുവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യത്തിന് കെട്ടിടങ്ങളോ, ക്ലാസ്മുറികളോ, ലാബുകളോ, ശുചിമുറികളോ ഇല്ലാത്ത സംസ്ഥാനത്തെ അപൂർവ്വം സർക്കാർ സ്‌കൂളുകളിലൊന്നാണ് ഇന്ന് പൊന്മുണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ.
പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ 1500ൽ അധികം വിദ്യാർത്ഥികളാണ് ഈ സ്‌കൂളിലുള്ളത്. ഇവർക്കാവശ്യമായ കെട്ടിടങ്ങളോ മറ്റ് സൗകര്യങ്ങളോ സ്‌കൂളിലില്ല. 32 സെന്റ് സ്ഥലത്താണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ആകെയുള്ളത് 45 ക്ലാസ് മുറികളാണ്. ഇതിൽ 18 എണ്ണവും പ്രവർത്തിക്കുന്നത് സമീപത്തെ വാടക കെട്ടിടത്തിലാണ്. വിദ്യാർത്ഥികളിൽ നിന്ന് പിരിവെടുത്താണ് പലപ്പോഴും വാടക നൽകുന്നത്. 2014ലാണ് സ്‌കൂളിൽ ഹയർസെക്കൻഡറി ആരംഭിക്കുന്നത്. എന്നാൽ കോഴ്സുകൾക്കാവശ്യമായ ക്ലാസ് മുറികളോ ലാബുകളോ ഇവിടെ ഒരുക്കിയില്ല. ലാബ് സൗകര്യങ്ങൾക്ക് തൊട്ടടുത്ത സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്.
വിദ്യാർത്ഥികൾക്കോ അദ്ധ്യാപകർക്കോ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള ശുചിമുറികളും ഈ സ്‌കൂളിലില്ല. 1500ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ആകെ 32 സെന്റ് സ്ഥലത്താണ്. ഇത് ക്ലാസെടുക്കുന്ന അദ്ധ്യാപകരെയും പ്രശ്നത്തിലാക്കുന്നു. ഒരു ക്ലാസിൽ നിന്നും ക്ലാസെടുക്കുന്നത് സ്‌കൂളിലെ മറ്റു ക്ലാസുകളിലെല്ലാം കേൾക്കാനാകും. ക്ലാസ്മുറികളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. പലയിടത്തും ക്ലാസ് മുറികൾ തമ്മിൽ വേർതിരിവുകളില്ല. ആർട്സ് സ്പോർട് തുടങ്ങി പാഠ്യേതര പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യങ്ങളും സ്‌കൂളിലില്ല. പലപ്പോഴും റോഡരികിൽ വച്ചാണ് സ്‌കൂളിലെ കായിക മേളകൾ നടത്താറുള്ളത്.
2006 ൽ സ്‌കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌കൂളിന് സമീപത്തു തന്നെ ഒരേക്കറിൽ അധികം വരുന്ന സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലം മണ്ണിട്ട് നികത്തി കെട്ടിടം പണിയാനായിരുന്നു തീരുമാനിച്ചിരുന്നത്.രേഖയിൽ നിലമായിരുന്നഈ സ്ഥലം തരം മാറ്റി ഉപയോഗപ്പെടുത്താനായിരുന്നു ധാരണ. തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് കൃഷിക്ക് യോഗ്യമല്ല എന്ന റിപ്പോർട്ട് നൽകിയാൽ മാത്രമേ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുകയുള്ളു. നിലവിൽ കൃഷി വകുപ്പ് നിലം നികത്താനാവില്ല എന്ന റിപ്പോർട്ട് നൽകിയതും നീർത്തട സംരക്ഷണ നിയമ പ്രകാരം നീരൊഴുക്ക് തടസ്സപ്പെടുന്നു എന്നുള്ളതും ഇവിടെ കെട്ടിട നിർമ്മാണത്തിന് തടസ്സമായി.
മാറിമാറി വരുന്ന എംഎൽഎമാർ കോടിക്കണക്കിനു രൂപ എംഎൽഎ വികസന ഫണ്ടുകളിൽ നിന്നും അനുവദിക്കുന്നുണ്ടെങ്കിലും സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കെട്ടിടം നിർമ്മിക്കാനോ മറ്റു വികസന പ്രവർത്തനങ്ങൾക്കോ ആ തുക വിനിയോഗിക്കാൻ സാധിക്കുന്നില്ല. പി.ടി.എ പോലുള്ള സ്‌കൂൾ സമിതികൾ അധികൃതർക്ക് പരാതി നൽകിയിട്ടും കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.2014 ൽ ഹയർ സെക്കണ്ടറി സ്‌കൂളായി ഉയർത്തിയെങ്കിലും ആവശ്യമായ അദ്ധ്യാപകരോ ലാബ് സൗകര്യങ്ങളോ ഇല്ലാതെ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്.
നിലവിൽ ലാബ് സൗകര്യങ്ങൾക്ക് മറ്റു സ്‌കൂളുകളെ ആശ്രയിക്കുന്നത് വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയിരിക്കുന്നു. ശുചിമുറികളുടെ അപര്യാപ്തത വിദ്യാർത്ഥികളിൽ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. നാല്പതോളം ഭിന്ന ശേഷി വിദ്യാർത്ഥികളും ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ലാബുകളും തിയേറ്ററുകളുമൊക്കെയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മാറിയപ്പോഴും പൊന്മുണ്ടം സ്‌കൂളിന് അതെല്ലാം വിദൂര സ്വപ്നങ്ങൾ മാത്രമായിരുന്നു. ഇത്രയും പരാധീനതകളുള്ള സ്‌കൂളിൽ നിന്നും നിരവധി അദ്ധ്യാപകർ സ്ഥലം മാറ്റത്തിനായി കാത്തിരിക്കുന്നുമുണ്ട്.
എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയിലാണ് പല അദ്ധ്യാപകരും ഈ സ്‌കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങിപ്പോകുന്നത്. സ്‌കൂളിന്റെ പരാധീനതകൾ കാരണം പത്തിൽ അധികം വരുന്ന പ്രധാന അദ്ധ്യാപകർ സ്‌കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങിപോയിട്ടുണ്ട്.പരാധീനതകൾക്ക് ഇടയിലും സ്‌കൂളിന്റെ അക്കാഡമിക നിലവാരം വളരെ ഉയർന്നതാണ്. ഫെബ്രുവരി മാസത്തോടെ തന്നെ സ്‌കൂളിൽ എല്ലാ വർഷവും അഡ്‌മിഷൻ പൂർത്തിയാകുന്ന അവസ്ഥയാണുള്ളത്.
നിലവിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും വിദ്യാർത്ഥികളിൽ നിന്നും വാങ്ങുന്ന പിടിഎ ഫണ്ടും ഉപയോഗിച്ചാണ് സ്‌കൂളിന് വാടക നൽകുന്നത്. സർക്കാർ ഏറ്റെടുത്ത ഒരേക്കറിന് മുകളിൽ വരുന്ന സ്ഥലത്തു വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചുകൊണ്ടും നൂതന രീതികളിലൂടെയും കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിടം നിർമ്മിക്കാൻ ഉടൻ നടപടി എടുക്കണമെന്നും പൊന്മുണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനെയും ഹൈടെക് വിദ്യാഭ്യാസ നിലവാരത്തിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ,മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,കൃഷി മന്ത്രി എന്നിവരെ നേരിൽ കണ്ട് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
നിലവിലുള്ള മുഴുവൻ തടസ്സങ്ങളും നീക്കി കെട്ടിട നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലത്തു ഉടൻ നിർമ്മാണ പ്രവത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടിലെ യുവജനങ്ങളെ ഉൾപ്പെടുത്തി സമര പരിപാടികൾ ആരംഭിക്കാനും തീരുമാനമുണ്ട്. ആദ്യ ഘട്ടമായി ഫെബ്രുവരി 12 വെള്ളിയാഴ്ച ഉച്ചക്ക് 3 .30 നു സ്‌കൂളിന് ചുറ്റും മനുഷ്യ ചങ്ങല സൃഷ്ടിക്കുമെന്ന് പൊന്മുണ്ടം പഞ്ചായത്ത് യൂത്ത് കോ ഓർഡിനേറ്റർ ഷകീർ പൊന്മുണ്ടം ,സലീം നേരാല ,ഹസീബ് മണാട്ടിൽ,മുഫസ്സിൽ എന്നിവർ പറഞ്ഞു.