കൊച്ചി: പൂജാ ബമ്പർ നറുക്കെടുപ്പിൽ വിജയിച്ചത് കൂത്താട്ടുകുളം കിഴകൊമ്പിലെ ലോട്ടറി ഏജന്റായ ജേക്കബ് കുര്യൻ. അഞ്ച് കോടി രൂപ ഒന്നാം സമ്മാനമാണ് ജേക്കബ് കുര്യനെ തേടിയെത്തിയത്. സമ്മാനാർഹമായ ടിക്കറ്റ് കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ഏൽപിച്ചു.

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഫല പ്രഖ്യാപനം വന്ന് രണ്ടു ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ ടിക്കറ്റിനെക്കുറിച്ച് ഊഹാപോഹങ്ങളും പ്രചരിച്ചു. സമ്മാനം അടിച്ച ടിക്കറ്റുമായി ഫോട്ടോ സഹിതം ചിലർ നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചു. ഇവയെല്ലാം വ്യാജമാണെന്നു വ്യക്തമായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി ജേക്കബിന്റെ വെളിപ്പെടുത്തൽ വന്നത്.

'ആ ഭാഗ്യവാൻ ഞാൻ തന്നെ' എന്നു വെളിപ്പെടുത്തി ജേക്കോബ് കുര്യൻ രംഗത്തെത്തുകയായിരുന്നു. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കൽ ആയിരുന്നെന്നും ടിക്കറ്റ് കനറാ ബാങ്കിലെ കൂത്താട്ടുകുളം ശാഖയിൽ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബാങ്കിൽ പോകാൻ കാലതാമസം വന്നേക്കും എന്നു കരുതിയാണ് ഭാഗ്യമെത്തിയ കാര്യം വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂജാ ബംപർ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് ആർഎ 591801 എന്ന ടിക്കറ്റിൽ അടിച്ചിട്ടുണ്ട് എന്നു മാത്രമായിരുന്നു ആദ്യം പുറത്തു വന്ന വിവരം. ടിക്കറ്റ് വിറ്റത് യാക്കോബിന്റെ കടയിൽ നിന്നാണെന്നും വ്യക്തമായിരുന്നു. രണ്ടു ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ മറ്റെവിടെ നിന്നെങ്കിലും എത്തിയവർ വാങ്ങിയ ടിക്കറ്റിനാവാം സമ്മാനം എന്നും സംശയിച്ചു. ടിക്കറ്റുമായി ആരെങ്കിലും ബാങ്കിൽ എത്തുമോ എന്ന കാത്തിരിപ്പായിരുന്നു പിന്നീട്.

കൂത്താട്ടുകുളത്തെ മൊത്ത വിതരണ ഏജൻസിയിൽനിന്നു വാങ്ങിയ പത്തു കിക്കറ്റുകൾ 15 ദിവസം കൊണ്ടാണ് വിറ്റു തീർന്നത്. അതിനാൽ ടിക്കറ്റ് വാങ്ങിയവരെ ഓർത്തെടുക്കാനാവുന്നില്ല എന്നായിരുന്നു ജേക്കബിന്റെ വിശദീകരണം. ഗ്രാമത്തിൽ ആയതിനാൽ നാട്ടുകാർ ആരെങ്കിലും ടിക്കറ്റ് എടുത്തിട്ടുണ്ടാകുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.

രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.

സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിൽ നിന്നാണ് യാക്കോബ് എന്ന ജേക്കബ് കുര്യൻ വിൽപ്പനക്കായി ടിക്കറ്റ് വാങ്ങിയത്.RA 591801 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.

സമ്മാനം ലഭിച്ച ആളെ അറിയില്ലെന്നും ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിന്റെ ഭർത്താവ് ജിയോ പി കുര്യൻ നേരത്തേ പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്താണ് തനിക്ക് ലൈസൻസ് ഉള്ളതെന്നും ഇവിടെ നിന്നും ടിക്കറ്റെടുത്ത് കൂത്താട്ടുകുളത്ത് വിൽക്കുകയാണ് ചെയ്യുന്നതെന്നും മെർളിൻ വ്യക്തമാക്കിയിരുന്നു