- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട് നാല് വരെ തുടർച്ചയായി ചോദ്യം ചെയ്യൽ; വിശ്രമം അൽപസമയം മാത്രം; ആകെ തകർന്ന് പോപ്പുലർ ഫിനാൻസ് ഉടമകൾ; തട്ടിയെടുത്ത പണം വിദേശത്ത് നിക്ഷേപിച്ചുവെന്നും മൊഴി; സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ആസൂത്രകർ ഉടമകളുടെ മക്കളായ റീനു മറിയം തോമസും റിയ ആൻ തോമസും; ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു; ആന്ധ്രയിൽ രണ്ട് കോടിയുടെ ഭൂമി വാങ്ങി; റിയയ്ക്കായി തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ റിനു, റേബ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് വേണ്ടി തെരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാൽ തിരുവല്ല മജിസ്ട്രേറ്റിന് മുൻപാകെ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. റിമാൻഡ് റിപ്പോർട്ട് പൊലീസ് നേരിട്ട് മജിസ്ട്രേറ്റിന്റെ വസതിയിൽ എത്തിച്ച ശേഷം എസ്പി ഓഫീസിൽ വീഡിയോ കോൺഫറൻസ് മൂഖേനെയാണ് ഹാജരാക്കിയത്.
ഇന്ന് രാവിലെ മുതൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എആർ ക്യാമ്പിൽ പ്രതികളെ ചോദ്യം ചെയ്ത് വരികയായിരുന്നു. പലപ്പോഴും ഇവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധം മൊഴി മാറ്റിപ്പറഞ്ഞിരുന്നു. തട്ടിയെടുത്ത പണം തങ്ങൾ വിദേശത്ത് ഇൻവെസ്റ്റ് ചെയ്തുവെന്നാണ് ഇവരുടെ മൊഴി. സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണം 12 ശതമാനം പലിശ നിക്ഷേപത്തിന് കൊടുക്കാൻ കഴിയാതിരുന്നതാണ് എന്നാണ്. ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട് നാല് വരെ പ്രതികളെ ചോദ്യം ചെയ്യുകയായിരുന്നു. രാത്രിയിൽ അൽപ സമയം മാത്രമാണ് വിശ്രമം അനുവദിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആകെ തകർന്ന മട്ടിലാണ് പ്രതികൾ. കേസിൽ അഞ്ചാം പ്രതിയായ റിയയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പിന് പിന്നിലെ ആസൂത്രകർ ഉടമകളുടെ മക്കളാണെന്ന് പൊലീസ് പറയുന്നു. മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകരെന്ന് പൊലീസ് വ്യക്തമാക്കി.
നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. 2014ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ തുടർന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാൻ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്.
പിന്നീട് ഇവർ തന്നെ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചു. നിക്ഷേപകരുടെ പണം വക മാറ്റി. ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയിൽ രണ്ട് കോടിയുടെ ഭൂമി വാങ്ങി. പോപ്പുലർ ഫിനാൻസിന്റെ മറവിൽ നിരവധി എൽഎൽപി. കമ്പനികൾ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയിൽ പലതും കടലാസ് കമ്പനികളാണ്.
പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. നിക്ഷേപകർ പരാതിയുമായി രംഗത്തു വന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. തോമസിന്റെ രണ്ട് മക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. പിന്നാലെ തോമസ് ഡാനിയേലിനെയും ഭാര്യയെയും ചങ്ങനാശ്ശേരിയിലെ ഒരുലോഡ്ജിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
. തിരുവല്ല-ചങ്ങനാശേരി അതിർത്തിയിലെ ഇടിഞ്ഞില്ലത്ത് ലോഡ്ജിൽ താമസിച്ചിരുന്ന ഇരുവരും കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ ഉദ്യോഗസ്ഥനായ അടൂർ ഡിവൈഎസ്പി ആർ ബിനുവിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പന്തളം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ ഇവിടെ എത്തി ഇരുവരെയും ജില്ലാ പൊലീസ് മേധാവിയൂടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികൾ കീഴടങ്ങിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നതെങ്കിലും കോടതിയിൽ ഇവർക്ക് അനായാസം രക്ഷപ്പെടാൻ കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. 15 കോടിയുടെ നിക്ഷേപതട്ടിപ്പാണ് ഇതുവരെ ഇവർക്കെതിരേ പരാതിയായി വന്നിട്ടുള്ളത്. ആകെ ഇരുന്നൂറിലധികം പരാതിയും എത്തിയിട്ടുണ്ട്. നിക്ഷേപകരെ വിദഗ്ധമായി കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്. ഇതു കാരണം നിയമത്തിന്റെ പിൻബലവും ഇവർക്കുണ്ട്. ആരിൽ നിന്നും ഇവർ സ്ഥിര നിക്ഷേപം സ്വീകരിച്ചിട്ടില്ല.
ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ തന്നെ ഓഹരി മറ്റുള്ളവർക്ക് വിറ്റ് പണം ശേഖരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായി നിധി ലിമിറ്റഡ് പോലെയുള്ള പേര് സ്വീകരിച്ചു. മറ്റ് നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്കുള്ളതു പോലെ ഇവയ്ക്ക് വലിയ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന് അതും കരുത്തായി. നിക്ഷേപത്തിനുള്ള സർട്ടിഫിക്കറ്റിന് പകരം പോപ്പുലറിന്റെ തന്നെ വിവിധ കടലാസ് കമ്പനികളുടെ ഷെയർ രസീതാണ് നൽകിയിരുന്നത്. പണം നിക്ഷേപിച്ചവർ ഇത് ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ആണെന്നാണ് കരുതിയിരുന്നത്.
ഈ രസീതുകളിൽ വ്യക്തമായി പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പിലേക്ക് (എൽ.എൽ.പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നൽകിയിരിക്കുന്നുവെന്നാണ്. 12 ശതമാനം ഓഹരി ലാഭം (ഷെയർ പ്രോഫിറ്റ്) ആണ് രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനർഥം ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകൻ സഹിക്കണമെന്നാണ്. അങ്ങനെ വരുമ്പോൾ കോടതിയുടെ മുന്നിൽ ഇവർ രക്ഷപ്പെടും. ഇത്തരമൊരു നിയമോപദേശം കിട്ടിയതു കൊണ്ടാണ് ഇവർ കീഴടങ്ങിയത് എന്നാണ് അറിയുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്