കോന്നി: നാട്ടുകാരെ പറ്റിച്ച് കാശുമായി മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമയ്ക്ക് ഇന്ത്യയിലെ ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിലുള്ളത് 1760 അക്കൗണ്ടുകൾ. ഇത് മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷ്, ബാങ്കുകൾക്ക് കത്ത് നൽകി. ഉടമകൾക്കെതിരേ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സ്ഥലങ്ങളിൽ പതിനൊന്നു കേസുകളിൽ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ട്.

കോന്നിയിൽ മൂവായിരം നിക്ഷേപകരുടെ പരാതിയാണ് ലഭിച്ചിരിക്കുന്നത്. ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ച പുതിയ പരാതിയുമുണ്ട്. ഒരുകേസിൽ പൊലീസ് കസ്റ്റഡി കഴിഞ്ഞതിനാൽ തിങ്കളാഴ്ച പ്രതികളായ പോപ്പുലർ ഉടമകൾ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരെ വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.

പോപ്പുലർ ഫിനാൻസിന്റെ വകയാർ ഹെഡ് ഓഫീസിൽനിന്ന് ഡയറക്ടർമാരിലൊരാളായ റിനു മറിയം തോമസ് രേഖകൾ കടത്താൻ ശ്രമിച്ചത് നടന്നില്ല. ജീവനക്കാരുടെ ഇടപെടൽ കാരണമാണ് നടക്കാതെ പോയത്. പോപ്പുലർ മേരിറാണി നിധി ലിമിറ്റഡ് എന്ന എൽ.എൽ.പി.യുടെ അക്കൗണ്ടിലേക്കു പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താൻ ശ്രമിച്ചത്. ഈ വിവരങ്ങൾ വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പൊലീസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഴുവൻ നിക്ഷേപകരുടെ വിവരങ്ങളും വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്.രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും പൊലീസ് അന്വേഷണത്തിൽ ഇവരുടെ 125 കോടി രൂപയുടെ ആസ്തിയാണ് കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായി പറയുന്ന തുക നാട്ടിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലേ നിക്ഷേപകർക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സിബിഐ. അന്വേഷണത്തിലേക്ക് നയിക്കുന്നത് പൊലീസിന്റെ പരിമിതികൾ. കേസിന്റെ ആഴവും വ്യാപ്തിയുമാണ് അന്വേഷണം സിബിഐ.യ്ക്ക് വിടാൻ സർക്കാർ ഒരുങ്ങുന്നതിന് കാരണം. രാജ്യാന്തര നിക്ഷേപങ്ങളും കള്ളപ്പണ ഇടപാടുകളും സംശയിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് ഏറെ പരിമിതികളുണ്ട്. കേസ് സിബിഐ. ഏറ്റെടുക്കുന്നതോടെ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനാവും.പോപ്പുലർ ഉടമകളുടെ പണമിടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം സിബിഐ. ഏറ്റെടുക്കുന്നതോടെ രണ്ട് കേന്ദ്ര ഏജൻസികളാണ് സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നത്.

രാജ്യത്തും പുറത്തുമായി ഉള്ള പോപ്പുലർ ഉടമകളുടെ നിക്ഷേപവും വസ്തു ഇടപാടുകളും ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ നേരത്തേ ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണം സിബിഐ.ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. സിബിഐ. അന്വേഷണം ഏറ്റെടുക്കുന്നമുറയ്ക്ക് പൊലീസ് അന്വേഷണ വിവരങ്ങൾ സിബിഐക്ക് കൈമാറും.കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലായി 284 ശാഖകളാണ് പോപ്പുലർ ഫിനാൻസിനുള്ളത്. 30,000-ഓളം നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. ഓസ്ട്രേലിയ, ദുബായ് എന്നിവടങ്ങളിൽ പോപ്പുലർ ഉടമകൾക്ക് വൻ നിക്ഷേപമുള്ളതായാണ് വിവരം.