- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീടുകളിലും നിന്നും ഒന്നും കിട്ടിയില്ല; കൊച്ചിയിലെ വില്ലകളും ഫ്ളാറ്റുകളും പരിശോധിച്ചു; തമിഴ്നാട്ടിൽ ഏക്കർ കണക്കിന് കൃഷിത്തോട്ടം ആന്ധ്രയിൽ ചെമ്മീൻകെട്ടും; തെങ്കാശിയിൽ ഭൂമി ഇഷ്ടം പോലെ ഉണ്ടെങ്കിലും വില തുച്ഛമായ വിലയും നിക്ഷേപകർക്ക് തിരിച്ചടിയാകും; പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മുഴുവൻ വിറ്റാലും നിക്ഷേപകർക്ക് തിരികെ കൊടുക്കാൻ തികയില്ല; ജീവനക്കാരെ എസ്പി കെജി സൈമൺ നേരിട്ട് ചോദ്യം ചെയ്തു
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു. റോയ് ഡാനിയലുമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സംഘം തമിഴനാട്ടിലെ തെളിവെടുപ്പ് പുർത്തിയാക്കി ആന്ധ്രയിലേക്ക് മടങ്ങി. കേരളാ അതിർത്തിയായ തെങ്കാശിയിലും പരിസരത്തുമായി ഏക്കർ കണക്കിന് വസ്തുവാണ് പോപ്പുലർ ഗ്രൂപ്പ് ഉടമകൾ വാങ്ങിക്കൂട്ടിയിരുന്നത്. കേരളത്തിലേത് പോലെ ഭൂമി വില ഇവിടെ ഇല്ല. തുച്ഛമായ തുകയ്ക്കാണ് ഒരേക്കർ ഭൂമിക്ക് ലഭിക്കുക. വ്യാഴാഴ്ച തെങ്കാശിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ സംഘം ആന്ധ്രയിലേക്ക് കടന്നിരുന്നു. ഇവിടെ ഒരു ചെമ്മീൻ കെട്ട് മാത്രമാണുള്ളത്.
റോയിയുടെ ഭാര്യ പ്രഭ, മക്കളായ റീനു, റീബ എന്നിവരുമായി തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലും വീടുകളിലും തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായിട്ടൊന്നും കിട്ടിയിരുന്നില്ല. തുടർന്ന് ഇവരുമായി എറണാകുളത്തേക്ക് അന്വേഷണസംഘം പോയി. ഇവിടെയുള്ള വില്ലകളും ഫ്ളാറ്റുകളും പരിശോധിച്ചിരുന്നു. ഇന്ന് പോപ്പുലർ ഫിനാൻസ്: ജീവനക്കാരെ ജില്ലാ പൊലീസ് മേധാവി ചോദ്യം ചെയ്തു. വകയാറുള്ള ആസ്ഥാനത്തെ ജീവനക്കാരിൽ ചിലരെ ജില്ലാപൊലീസ് ആസ്ഥാനത്തു ചോദ്യം ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. അക്കൗണ്ട്സ് മാനേജർ, ട്രഷറി മാനേജർ, ഐറ്റി മാനേജർ, അക്കൗണ്ടന്റ്, ഓഡിറ്റർ ഇൻസ്പെക്ടർ എന്നിവരെയാണ് ജില്ലാപൊലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തത്.
ഫിനാൻസ് സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും, പുറത്തേക്കു പോയ തുകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ജില്ലാ സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ കണക്കുകൾ വിശകലനം ചെയ്തുവരുന്നതായും, ചോദ്യംചെയ്യലിൽ വിലപ്പെട്ട വിവരങ്ങൾ ലഭിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പരിശോധനകൾ തുടരുകയാണ്. നിക്ഷേപകരുടെ പണം വിവിധ പേരുകളിൽ രജിസ്റ്റർ ചെയ്ത മറ്റു സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതു സംബന്ധിച്ചും, മറ്റുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ടോണിക് രേഖകൾ വിശകലനം ചെയ്യുന്നതെന്ന് ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. അതിനിടെ, പ്രതികളുടെ പേരിൽ തമിഴ്നാട്ടിൽ ഉണ്ടെന്നു പറയപ്പെടുന്ന വസ്തുവകകളെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിന് കോന്നി എസ്ഐ കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു. പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണമാണ് നടന്നുവരുന്നതെന്ന് എസ്പി പറഞ്ഞു.
പ്രതികളുമായി രണ്ടു ടീമുകളായി തിരിഞ്ഞുള്ള പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കോന്നി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയായി. ഇനി ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലേക്ക് സംഘം പ്രതികളുമായി തെളിവെടുപ്പിന് നീങ്ങുകയാണ്. അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ കമ്പനി മാറ്റിയ അക്കൗണ്ടുകളെപ്പറ്റിയും അവിടങ്ങളിലെ സഹായികളെപ്പറ്റിയും അന്വേഷണവും രേഖകളുടെ പരിശോധനയും തുടരുകയാണ്.
നിക്ഷേപകരുടെ തുകകൾ ഇതര കമ്പനികളുടെ പേരിൽ വകമാറ്റിയതിനെ സംബന്ധിച്ചും വിവരം ലഭിച്ചതായി ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. തെളിവെടുപ്പുകൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ ഒരുമിച്ച് ഐജി ചോദ്യം ചെയ്യുമെന്നും, അതിനുശേഷം മാത്രമേ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കുകയുള്ളൂവെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്