- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജില്ലകൾ തിരിച്ച് അന്വേഷണം നടത്തുന്നത് വിവിധ സംഘങ്ങൾ; പാപ്പർ ഹർജിയുടെ വരവ് ശരിവയ്ക്കുന്നത് പോപ്പുലർ ഫിനാൻസ് ഉടമകൾ കേരളം വിട്ടിട്ടില്ലെന്നു പൊലീസ് നിഗമനം; മക്കൾക്ക് പിന്നാലെ തോമസ് ഡാനിയൽ എന്ന റോയിയെയും ഭാര്യ പ്രഭാ തോമസിനെയും പിടികൂടാൻ അന്വേഷണം ഊർജിതം; പോപ്പുലർ ഉടമകളുടെ ബിനാമി നിക്ഷേപത്തെക്കുറിച്ചും തലനാരിഴ കീറിയുള്ള അന്വേഷണം; കൂടത്തായി ഹീറോയുടെ ശ്രമം പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ കണ്ണീരൊപ്പാൻ; നീതി ഉറപ്പാക്കുമെന്ന് കെ.ജി.സൈമൺ മറുനാടനോട്
തിരുവനന്തപുരം: നിയമത്തിന്റെ ലൂപ്പ് ഹോളുകൾ പഠിച്ച് നിക്ഷേപകരിൽ നിന്നും 2000 കോടിയിലേറെ തട്ടിയെടുത്ത് മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ എന്ന റോയിയെയും ഭാര്യ പ്രഭാ തോമസിസിനെയും പിടികൂടാൻ പത്തനംതിട്ട പൊലീസ് അന്വേഷണം ശക്തമാക്കി. വിവിധ പൊലീസ് സംഘങ്ങൾ അവരെ അന്വേഷിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവരുടെ മക്കളെ ഡൽഹിയിൽ പിടികൂടിയിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
പാപ്പർ ഹർജി ഫയൽ ചെയ്തത് കൂടി കണക്കിലെടുത്ത് തട്ടിപ്പ് വീരന്മാർ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോടികൾ കവർന്ന വഞ്ചനാകേസിന്റെ ആസൂത്രകരെ ഒളിവിടത്തിൽ നിന്ന് അതിവേഗം പൊക്കനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ കെ.ജി.സൈമണിന്റെ ശ്രമം. കൂടത്തായി ഹീറോയായ എസ്പി പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകരുടെ കണ്ണീരിനു പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ച് പോലുള്ള അന്വേഷണ ഏജൻസികൾക്ക് തത്ക്കാലംകൈമാറാൻ പരിപാടിയില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി മറുനാടനോട് പറഞ്ഞത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് നിലവിൽ അന്വേഷണത്തിലുള്ള അനേഷണ സംഘത്തിന്റെ കയ്യിൽ സുരക്ഷിതമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ മറുനാടനോട് പറഞ്ഞത്. പൊലീസിന്റെ മറ്റു ഏജൻസികൾ അന്വേഷിക്കണമെന്ന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ തോന്നുന്നില്ല. അന്വേഷണം മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. പോപ്പുലർ ഫിനാൻസ് കമ്പനികൾക്ക് മറ്റു കമ്പനികളുമായി ബന്ധമുണ്ട്. പൊലീസ് അതും കൂടി അന്വേഷിക്കുന്നുണ്ട്.
പത്തുകോടിയിലേറെ കോടി രൂപ തട്ടിപ്പ് നടത്തിയതായി കോന്നി പൊലീസ് സ്റ്റേഷൻ ലിമിറ്റിലെ പരാതികളുണ്ട്. അന്വേഷിക്കാൻ കഴിയാത്ത രീതിയിലുള്ള പരാതികളുടെ ബാഹുല്യം നിലവിലില്ല. മറ്റൊന്ന് തട്ടിപ്പിന്നരയായവർ വഞ്ചനാക്കേസ് ഫയൽ ചെയ്യുന്നുണ്ട്. ഓരോരുത്തരും പ്രത്യേകം പ്രത്യേകമായിട്ടാണ് ഫയൽ ചെയ്യുന്നത്. ഞങ്ങൾ ഫയൽ ചെയ്തിരിക്കുന്നത് വഞ്ചനാകേസാണ്. ഫിനാൻസ് ഉടമകളെ ഞങ്ങൾ അന്വേഷിക്കുകയാണ്. നിലവിൽ അവർ ഒളിവിലാണ്. വീടൊക്കെ അടഞ്ഞു കിടക്കുകയാണ്. അവർ കേരളം വിട്ടോ അതോ ഇവിടെത്തന്നെയുണ്ടോ എന്നൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അനേകം പേരെ വഞ്ചിച്ച് കോടികൾ തന്നെ തട്ടിയെടുത്ത് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് അങ്ങനെ മുങ്ങാൻ കഴിയില്ല. ഇന്ത്യയ്ക്ക് അകത്ത് മാത്രമേ അവർക്ക് ഒളിവിൽ കഴിയാൻ സാധിക്കൂ. ലൂക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഇന്ത്യ വിടാൻ കഴിയില്ല-ജില്ലാ പൊലീസ് മേധാവി പറയുന്നു.
പ്രത്യേക പൊലീസ് സംഘങ്ങൾ പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയൽ എന്ന റോയിക്കും ഭാര്യ പ്രഭാ തോമസിനും പിന്നാലെയുണ്ടെന്നു അടൂർ ഡിവൈഎസ്പി ബിനു മറുനാടനോട് പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യാനാണ് ഞങ്ങളുടെ നീക്കം. ഓരോ പരാതിയും ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും ഇവരുടെ ആസ്തികളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബിനാമി രീതിയിലുള്ള നിക്ഷേപങ്ങളുണ്ടോ എന്ന് പഠിക്കുന്നുമുണ്ട്. പരാതികൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. അമ്പതോളം പരാതികളിൽ കേസ്എടുത്തിട്ടുണ്ട്. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റെഷനുകളിൽ ഇവർക്ക് എതിരെ പരാതികൾ വന്നിട്ടുണ്ട്. തോമസ് ഡാനിയൽ എന്ന റോയിയേയും ഭാര്യ പ്രഭാ തോമസിനേയും അറസ്റ്റ് ചെയ്യാനാണ് പ്രഥമ പരിഗണന. അന്വേഷണം മുന്നോട്ടു നീങ്ങുകയാണ് കേസ് അന്വേഷണ ചുമതലയുള്ള അടൂർ ഡിവൈഎസ്പി പറയുന്നു.
കേരളത്തെ ഞെട്ടിച്ച ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ്. കേരള പൊലീസിന്റെ കണക്കനുസരിച്ച് നിക്ഷേപകരെ പറ്റിച്ച് 2000 കോടിയിലേറെ രൂപയാണ് കമ്പനി തട്ടി എടുത്തിരിക്കുന്നത്. നിക്ഷേപത്തിന്റെയും തട്ടിപ്പിന്റെയും വ്യാപ്തിയെക്കുറിച്ച് പൊലീസ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കണക്കെടുത്ത് കഴിഞ്ഞാൽ കേരളത്തെ ഞെട്ടിക്കുന്ന ഈ തട്ടിപ്പിന്റെ വ്യാപ്തി രണ്ടായിരം കോടിയിലും മുകളിൽ പോയേക്കും. സൗത്ത് ഇന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന തമിഴ്നാടിലും, മുംബൈയിലും ബംഗളൂരുമോക്കെയായി മുന്നൂറോളം ഓളം ബ്രാഞ്ചുകളുള്ള പോപ്പുലർ ഫിനാൻസ് ആണ് തട്ടിപ്പിന്റെ പടുകുഴിയിൽ നിക്ഷേപകരെ വീഴ്ത്തിയിരിക്കുന്നത്.
കള്ളപ്പണം നിക്ഷേപിച്ച ബിഗ് ഷോട്സ് അനങ്ങാതിരിക്കുമ്പോൾ സ്വത്ത് പണയപ്പെടുത്തിയും ആഭരണങ്ങൾ മുഴുവൻ വിറ്റും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുക മുഴുവൻ നിക്ഷേപം നടത്തിയ സാധാരണക്കാരുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ ഒൻപത് കടലാസ് കമ്പനികളുടെ ഷെയർ ആണ് നൽകിയത്. നിക്ഷേപത്തിനു പകരം ഷെയർ ആണ് തങ്ങളുടെ കയ്യിലുള്ളത് എന്ന് നിക്ഷേപകരിൽ ഒരാൾ പോലും അറിഞ്ഞില്ല. പന്ത്രണ്ടു ശതമാനം പലിശ കിട്ടും എന്ന് അറിഞ്ഞപ്പോൾ നിക്ഷേപകർ കണ്ണും പൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. വളരെ ആസൂത്രിതമായ തട്ടിപ്പിന്റെ രീതികൾ പൊലീസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ശേഷമുള്ള കോടികളുടെ വൻ തട്ടിപ്പാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസ് നിക്ഷപേകരെ പരസ്യമായി വഞ്ചിക്കുകയായിരുന്നുവെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകും. 12 ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപം ഇട്ടുവെന്നാണ് പണം കൊടുത്തവർ വിചാരിച്ചിരിക്കുന്നത്. പക്ഷേ, അവരുടെ കൈയിൽ കിട്ടിയ രസീതിൽ പറയുന്നത് ഇതൊരു ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ആണെന്നാണ്. പണവും കൊടുത്ത് രസീതും കൈപ്പറ്റിയവർ ഇതൊന്നും ശ്രദ്ധിക്കാതെ പോയതാണ് സ്ഥാപനം ഉടമകൾക്ക് തുണയായത്. അവർ കൃത്യമായി 12 ശതമാനം പലിശ നൽകിയും പോന്നു.
ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പിലേക്ക് (എൽഎൽപി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നൽകിയിരിക്കുന്നുവെന്നാണ് രസീതിൽ പറഞ്ഞിരുന്നത്. നിയമപരമായി നോക്കിയാൽ ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകൻ സഹിക്കണം. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ആർബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങൾ അത് മറികടക്കാനുള്ള മാർഗം ആലോചിച്ചത്. കേരളത്തിൽ നിരവധി സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങൾ നിധി ലിമിറ്റഡുമായി രംഗത്ത് വന്നു. ആർബിഐ നിയന്ത്രണം വന്നതോടെ പോപ്പുലർ ഫിനാൻസ് എട്ട് കടലാസ് സ്ഥാപനങ്ങൾ കൂടി തുടങ്ങി. പോപ്പുലർ ട്രേഡേഴ്സ്, മൈ പോപ്പുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി പോപ്പുലർ നിധി ലിമിറ്റഡ്, സാൻസ് പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, വകയാർ ലാബ്സ് എന്നിങ്ങനെയാണ് തട്ടിപ്പിന് കമ്പനികൾ രൂപീകരിച്ചത്.
സ്ഥിര നിക്ഷേപമാണെന്ന് കരുതി പണം ഇടുന്നവർക്ക് പോപ്പുലർ ഫിനാൻസിന്റെ ഒരു രേഖയും നൽകിയിരുന്നില്ല. പകരം നൽകിയിരുന്ന വിവിധ കമ്പനികളുടെ പേരിലുള്ള രസീതിൽ സർട്ടിഫിക്കേറ്റ് ഓഫ് കോൺട്രിബ്യൂഷൻ ടു എൽഎൽപി എന്നാണ് എഴുതിയിരുന്നത്. ഇത് നിക്ഷേപ സർട്ടിഫിക്കറ്റാണെന്ന് കരുതി നാളെകളിൽ കിട്ടാൻ പോകുന്ന വൻ ലാഭമോർത്ത് പലരും സ്വപ്നങ്ങൾ മെനഞ്ഞിരുന്നു. അതാണിപ്പോൾ തകർന്നിരിക്കുന്നത്. കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും പോപ്പുലർ ഫിനാൻസിന്റെ പേരിലുള്ള പരാതികൾ വന്നിട്ടുണ്ട്. അതേ സമയം, പോപ്പുലർ ഫിനാൻസിന്റെ വകയാറിലെ ആസ്ഥാന മന്ദിരം മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. മിക്ക ശാഖകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ സ്വർണം പണയം വച്ചിട്ടുള്ളവർക്ക് അത് മടക്കി നൽകുന്നതിന് വേണ്ടിയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. സ്ഥാപനം പൊട്ടുമെന്ന് നേരത്തേ മനസിലാക്കിയ മിക്ക ബ്രാഞ്ച് മാനേജർമാരും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ്, സബ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്യുമ്പോൾ വെട്ടിലാകുന്ന് നൂറു കണക്കിന് നിക്ഷേപകരാണ്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. 2000 കോടിയോളം രൂപയാണ് ഈ സ്ഥാപനം പലരിൽ നിന്നായി നിക്ഷേപം വാങ്ങിയത് പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, മാനേജിങ് പാർട്നർ തോമസ് ഡാനിയേൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ പേരിലാണ് പാപ്പർ ഹർജി നൽകിയത്. ഹർജി കോടതി അംഗീകരിച്ചാൽ രാജ്യത്തെ നിയമ നടപടികളിൽ നിന്ന് സ്ഥാപന ഉടമകൾക്ക് സംരക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തു നിക്ഷേപകർക്ക് കോടതി വഴി തുക വിതരണം ചെയ്യും. ഇതിനിടെ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ എന്ന റോയിക്കെതിരെ ജില്ലാ പൊലീസ് തിരച്ചിൽ (ലുക്ക് ഔട്ട്) നോട്ടിസ് ഇറക്കി. വിദേശത്തേക്കു കടക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണിത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും തിരച്ചിൽ നോട്ടിസ് നൽകിയിട്ടുണ്ട്
1965-ൽ ടി.കെ. ഡാനിയേൽ എന്നയാൾ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലർ ഫിനാൻസ് എന്ന പേരിൽ വളർന്നത്. ചിട്ടിക്കമ്പനിക്കൊപ്പം സ്വർണം പണയത്തിന്മേൽ വായ്പകളും നൽകിയിരുന്നു. പിതാവിന് പിന്നാലെ മകൻ തോമസ് ഡാനിയേൽ എന്ന റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വർണപണ്ട പണയത്തിന് പുറമേ പലമേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി 274 ബ്രാഞ്ചുകളാണ് ഈ കമ്പനിക്കുള്ളത്. ഇത്രയും വലിയ നെറ്റ് വർക്കുള്ള കമ്പനിയാണ് പൊളിയുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം തട്ടിയെടുത്തതാണെന്ന ആരോപണവും അതിശക്തമാണ്. ബിനാമി പേരുകളിൽ ഇത് മാറ്റിയിട്ടുണ്ടാകാമെന്നാണ് ഉയരുന്ന സംശയം. ചിട്ടിതട്ടിപ്പിൽ തടുങ്ങി വൻ കമ്പനിയായി മാറിയ പോപ്പുലറിന്റെ തകർച്ചയ്ക്ക് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് സംശയം. വീടുപണി, വിവാഹം, വാർദ്ധക്യകാലത്തെ വരുമാനം എന്നീ ലക്ഷ്യങ്ങൾ വച്ചാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ കമ്പനി ഉടമകൾ വഞ്ചിച്ചതോടെ ഇവരെല്ലാം നിരാശരാണ്.
ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ മുങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പരാതി വന്നതാടെ കോന്നി പൊലീസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു.
നാലു വർഷമായി ബാങ്കിന്റെ പ്രവർത്തനം കുത്തഴിഞ്ഞരീതിയിൽ ആയിരുന്നു. ഉടമകൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ തുക നിക്ഷേപമായി നൽകിയവരാണ് നിലവിൽ പരാതിയുമായി പൊലീസിനെ ആശ്രയിച്ചിരിക്കുന്നത്. കോന്നിക്ക് പുറമേ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, മാന്നാർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലും പരാതികൾ കിട്ടിയിട്ടുണ്ട്. വൻ തുക നിക്ഷേപിച്ചവർ ഇപ്പോഴും മൗനം പാലിക്കുകയാണ്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.