- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർച്ചയ്ക്ക് കാരണം നിക്ഷേപങ്ങൾക്ക് നൽകിയ അമിത പലിശയും കോവിഡുമെന്ന് പോപ്പുലർ ഫിനാൻസ് ഉടമകളുടെ മൊഴി; പറയുന്നത് അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ച മൊഴിയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; കോവിഡിന്റെ ആനുകൂല്യത്തിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ മുൻകരുതൽ; പത്തനംതിട്ട ആംഡ് പൊലീസ് ക്യാമ്പിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും: പഴുതുകൾ എല്ലാമടച്ച് തട്ടിപ്പ് സംഘത്തെ പൂട്ടാൻ കെജി സൈമണും കൂട്ടരും
പത്തനംതിട്ട: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പോപ്പുലർ ഫിനാൻസ് ഉടമകളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
ആംഡ് പൊലീസ് ക്യാമ്പിലെ വിശാലമായ ഹാളിൽ ജില്ലാ പൊലീസ് മേധാവി കെജി സൈമൺ, അടൂർ ഡിവൈഎസ്പി ആർ ബിനു, പൊലീസ് ഇൻസ്പെക്ടർമാരായ ടി. ബിജു(കൂടൽ), പിഎസ് രാജേഷ്(കോന്നി), യു ബിജു (അടൂർ), എസ്. ജയകുമാർ (ഏനാത്ത്) എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉടമകളായ തോമസ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ റീയ, റിനു എന്നിവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാത്രി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അമ്മയെയും മക്കളെയും പാർപ്പിച്ചിരുന്നത്. തോമസിനെ അടൂരിലെ പൊലീസിന്റെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയിരുന്നു.
അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് ഉടമകൾ നൽകികൊണ്ടിരിക്കുന്നത്. നാലു പേരെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയുമാണ് ചോദ്യം ചെയ്യുന്നത്. നിക്ഷേപങ്ങൾക്ക് 12 ശതമാനം പലിശ നൽകിയത് വൻ സാമ്പത്തിക ബാധ്യത വരുത്തി വച്ചെന്നാണ് ഉടമകളുടെ വിശദീകരണം. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും മൂലം വരുമാനം നിലച്ചതും ബിസിനസ് നടത്താൻ കഴിയാതെ വന്നതും തിരിച്ചടിയായി. മൈക്രോ ഫിനാൻസിൽ നിന്നുള്ള തിരിച്ചടവും നിലച്ചു.
ആറു മാസത്തെ ലോക്ഡൗണിൽ കമ്പനിയുടെ അടിത്തറ ഇളകിയെന്നും മൊഴി നൽകിയെന്നാണ് സൂചന. അന്വേഷണ സംഘം ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വ്യക്തമായ ആസൂത്രണത്തോടെയാണ് ഉടമകൾ മുങ്ങിയിരിക്കുന്നത്. കോവിഡ് കാലമായതിനാൽ കോടതി ജാമ്യം അനുവദിക്കുമെന്നൊരു ആത്മവിശ്വാസവും ഇവർക്കുണ്ട്. എന്നാൽ, പഴുതുകൾ അടച്ചാകും പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പുകൾ തന്നെയാണ് ഇതിനായി ചുമത്തിയിട്ടുണ്ട്. നിക്ഷേപത്തിന് പകരം ഓഹരി സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചത് കോടതിയെ ബോധ്യപ്പെടുത്താനാകും പ്രോസിക്യൂഷൻ ശ്രമിക്കുക.
മക്കളായ റിയയും റിനുവും രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായതിന് പിന്നാലെയാണ് ഇന്നലെ പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയലും ഭാര്യ പ്രഭയും പൊലീസിൽ കീഴടങ്ങിയത്. തിരുവല്ല-ചങ്ങനാശേരി അതിർത്തിയിലെ ഇടിഞ്ഞില്ലത്ത് ലോഡ്ജിൽ താമസിച്ചിരുന്ന ഇരുവരും കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണ ഉദ്യോഗസ്ഥനായ അടൂർ ഡിവൈഎസ്പി ആർ ബിനുവിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പന്തളം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ ഇവിടെ എത്തി ഇരുവരെയും ജില്ലാ പൊലീസ് മേധാവിയൂടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
വൈകിട്ട് അഞ്ചു മണിയോടെ തോമസ് ഡാനിയലിയെും ഭാര്യയെയും എസ്പി കെജി. സൈമണിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ രാത്രി എട്ടു മണിയോടെയാണ് മക്കളായ റിയ ആൻ തോമസ്, റിനു മറിയം തോമസ് എന്നിവരെ ഇവിടെ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ഇരുവരെയും ഇന്നലെ വൈകിട്ടാണ് വിമാന മാർഗം നെടുമ്പാശേരിയിൽ എത്തിച്ചത്. അവിടെ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ കൊണ്ടു വന്നപ്പോഴേക്കും രാത്രിയായി.
അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികൾ കീഴടങ്ങിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നതെങ്കിലും കോടതിയിൽ ഇവർക്ക് അനായാസം രക്ഷപ്പെടാൻ കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. 15 കോടിയുടെ നിക്ഷേപതട്ടിപ്പാണ് ഇതുവരെ ഇവർക്കെതിരേ പരാതിയായി വന്നിട്ടുള്ളത്. ആകെ ഇരുന്നൂറിലധികം പരാതിയും എത്തിയിട്ടുണ്ട്. നിക്ഷേപകരെ വിദഗ്ധമായി കബളിപ്പിക്കുകയാണ് ഇവർ ചെയ്തത്. ഇതു കാരണം നിയമത്തിന്റെ പിൻബലവും ഇവർക്കുണ്ട്. ആരിൽ നിന്നും ഇവർ സ്ഥിര നിക്ഷേപം സ്വീകരിച്ചിട്ടില്ല.
ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ തന്നെ ഓഹരി മറ്റുള്ളവർക്ക് വിറ്റ് പണം ശേഖരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായി നിധി ലിമിറ്റഡ് പോലെയുള്ള പേര് സ്വീകരിച്ചു. മറ്റ് നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്കുള്ളതു പോലെ ഇവയ്ക്ക് വലിയ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന് അതും കരുത്തായി. നിക്ഷേപത്തിനുള്ള സർട്ടിഫിക്കറ്റിന് പകരം പോപ്പുലറിന്റെ തന്നെ വിവിധ കടലാസ് കമ്പനികളുടെ ഷെയർ രസീതാണ് നൽകിയിരുന്നത്. പണം നിക്ഷേപിച്ചവർ ഇത് ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ആണെന്നാണ് കരുതിയിരുന്നത്.
ഈ രസീതുകളിൽ വ്യക്തമായി പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പിലേക്ക് (എൽ.എൽ.പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നൽകിയിരിക്കുന്നുവെന്നാണ്. 12 ശതമാനം ഓഹരി ലാഭം (ഷെയർ പ്രോഫിറ്റ്) ആണ് രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനർഥം ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകൻ സഹിക്കണമെന്നാണ്. അങ്ങനെ വരുമ്പോൾ കോടതിയുടെ മുന്നിൽ ഇവർ രക്ഷപ്പെടും. ഇത്തരമൊരു നിയമോപദേശം കിട്ടിയതു കൊണ്ടാണ് ഇവർ കീഴടങ്ങിയത് എന്നാണ് അറിയുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്