- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2014ൽ റിസർവ് ബാങ്ക് കണ്ടെത്തിയത് കോടികളുടെ തട്ടിപ്പുകൾ; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മുഖ്യ പ്രതികളായത് മേരിക്കുട്ടിയും തോമസ് ഡാനിയേലും പ്രഭയും; സ്റ്റേ വാങ്ങി മുങ്ങിയ മേരിക്കുട്ടി ഇപ്പോഴും ഓസ്ട്രേലിയയിൽ; അന്നും തട്ടിപ്പിന് സർക്കാരിന്റെയും മാധ്യമങ്ങളുടെയും ഒത്താശ; ഇപ്പോഴും നടക്കുന്നത് കേസ് തേച്ച് മാച്ച് കളയാനുള്ള ശ്രമം; ചരട് വലിക്കുന്നത് ഉന്നതരാഷ്ട്രീയ നേതാക്കൾ; പ്രബലമാകുന്നത് മൂവായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പും അട്ടിമറിക്കപ്പെടുമെന്ന ആശങ്ക
തിരുവനന്തപുരം: മൂവായിരം കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പിണറായി സർക്കാർ മുക്കുന്നു. കേസ് തേച്ച് മാച്ച് കളയാനും പ്രതികൾക്ക് അനായാസം ജാമ്യത്തിൽ ഇറങ്ങി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉന്നതരാണ് കേസ് ഒതുക്കാൻ ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കേണ്ട കേസ് അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസിനെ ഏൽപ്പിച്ചതിൽ തന്നെ ഇതിന്റെ സൂചനകൾ അടങ്ങിയിരിക്കുന്നു.
കേരളത്തിലും പുറത്തുമുള്ള എല്ലാ പരാതികളും പോപ്പുലർ ഫിനാൻസിന്റെ ഹെഡ് ഓഫീസ് ഇരിക്കുന്ന കോന്നി സ്റ്റേഷനിൽ നൽകാനാണ് പറഞ്ഞിരിക്കുന്നത്. 3000 കോടി രൂപയുടെ തട്ടിപ്പിന്റ്‌റെ പേരിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യാനും നടപടികൾ സ്വീകരിക്കാനും മാസങ്ങൾ പിടിച്ചേക്കും. ഇതിന്നിടയിൽ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും. മൂവായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഇന്ത്യയിൽ ഒരിടത്തും ലോക്കൽ പൊലീസ് അന്വേഷിച്ച ചരിത്രമില്ല. ഈ ചരിത്രമാണ് പോപ്പുലർ ഫിനാൻസ് കേസിൽ പിണറായി സർക്കാർ തിരുത്തി എഴുതുന്നത്.
ഒരു കോടി രൂപവരെയുള്ള കേസുകൾ മാത്രമാണ് ലോക്കൽ പൊലീസ് അന്വേഷിക്കേണ്ടത്. ഒന്ന് മുതൽ അഞ്ചു കോടി വരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ്. മുന്നൂറോളം ബ്രാഞ്ച്കളാണ് പോപ്പുലർ ഫിനാന്‌സിനു സൗത്ത് ഇന്ത്യയിൽ ഉള്ളത്. ഒരു പൊലീസ് സ്റ്റെഷനിലും കേസ് എടുക്കേണ്ട എന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.എല്ലാം കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രം വിടുക. ഈ നീക്കം സംശയാസ്പദമായി തുടരുകയാണ്. കേസിൽ കുറ്റപത്രം ഫയൽ എത്ര മാസം വേണം എന്ന് ഈ തീരുമാനത്തിനു ഉത്തരവിട്ടവർക്കറിയാം. ഇവിടെ മൂവായിരം കോടിയുടെ തട്ടിപ്പ് കേസാണ്. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് മാത്രമല്ല ഈ കേസ് അന്വേഷിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയുമാണ്.
തട്ടിപ്പിന്റെ പ്രധാന സൂത്രധാരകരിൽ ഒരാളായ തോമസ് ഡാനിയേലിന്റെ മാതാവും പോപ്പുലർ ഫിനാൻസ് ചെയർ പേഴ്‌സണുമായ മേരിക്കുട്ടി ഓസ്‌ട്രേലിയയിലാണ്. തട്ടിപ്പ് നടത്തി ഇവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങവെയാണ് ഡൽഹി എയർപോർട്ടിൽ വെച്ച് റോയിയുടെ രണ്ടു പെൺമക്കൾ അകത്താകുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2014-ൽ ഇതേ തട്ടിപ്പിന്റെ പേരിൽ ക്രൈംബ്രാഞ്ച് ഇവരുടെ പേരിൽ കുറ്റപത്രം ഫയൽ ചെയ്യുകയും അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരിക്കവേ തന്നെയാണ് ഒരു മുടി നാരിഴയ്ക്ക് പോലും കോട്ടം തട്ടാതെ ഓസ്‌ട്രേലിയയിലേക്ക് മേരിക്കുട്ടി രക്ഷപ്പെടുന്നത്. ഇപ്പോഴുള്ള അന്വേഷണത്തിലും മുഖ്യപ്രതികളിൽ ഒരാളായ മേരിക്കുട്ടിയെ കേരള പൊലീസിനു അവശ്യവുമുണ്ട്. മൂവായിരം കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ലോക്കൽ പൊലീസിനെ ഏൽപ്പിച്ചതിലും പൊലീസ് ആസ്ഥാനത്തെ ഉന്നതർ അപകടം മണക്കുന്നുണ്ട്.
നടക്കുന്നത് മൂവായിരം കോടിയുടെ തട്ടിപ്പ് മുക്കാനുള്ള ശ്രമം;
പ്രതികളെ രക്ഷപ്പെടുത്താനും കേസ് ഒതുക്കാനും സർക്കാരിലെ ഉന്നതർ ശ്രമിക്കുന്നതിനു പിന്നിൽ ഇതുവരെ പുറത്ത് പറയാത്ത ആയിരം കോടി രൂപയുടെ തട്ടിപ്പാണ്. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് മാത്രമല്ല എൻഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷിക്കേണ്ട ആവശ്യം കേസിൽ വരുന്നുണ്ട്. രണ്ടായിരം കോടിയുടെ തട്ടിപ്പ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. രണ്ടായിരമല്ല മൂവായിരം കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് മറുനാടന്റെ അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. ഇതിൽ ആയിരം കോടി രൂപയുടെ തട്ടിപ്പ് ഗോപ്യമായി വെച്ചിരിക്കുകയാണ്. ഈ ആയിരം കോടി പുറത്ത് പറയാതിരിക്കാൻ കാരണം കേരളത്തിലെ ഉന്നതരുടെ കള്ളപ്പണമാണ് ആയിരം കോടി എന്നതിനാലാണ്.
കള്ളപ്പണം ആയതിനാൽ ഇവർ ആരും പരാതി പറയാൻ വരില്ല. പക്ഷെ പണം നഷ്ടമായതിന്റെ വേവലാതി ഇവർക്കുണ്ട്. പക്ഷെ പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയും. അതാണ് ആയിരം കോടി പുറത്ത് പറയാതിരിക്കുന്നത്. ഇത് പുറത്ത് വന്നാൽ ഉന്നതരുടെ കള്ളപ്പണവിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് മുൻപാകെ എത്തും. അന്വേഷണം വരും. ഉന്നതർ അകത്താകും. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പോപ്പുലർ ഉടമയായ തോമസ് ഡാനിയൽ എന്ന റോയിയെയും ഭാര്യ പ്രഭാ തോമസിനെയും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ ഇവരുടെ മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്.
ഇതിനു മുൻപും പോപ്പുലർ ഫിനാൻസ് ഉന്നതരെ രക്ഷിക്കാൻ ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ട്. അത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2014ലാണ്.
കഴിഞ്ഞ യുഡിഎഫ് സർക്കാർ പോപ്പുലർ ഫിനാൻസിനെ രക്ഷിച്ചത് ഇങ്ങനെ:
2014-ൽ പോപ്പുലർ ഫിനാൻസിൽ റിസർവ് ബാങ്കിന്റെ അന്വേഷണ സംഘം എത്തിയിരുന്നു. എൻബിഎഫ്‌സിയായ ഇവരുടെ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് സ്വീകരിക്കൽ നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനാണ് റിസർവ് ബാങ്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വരുകയും എഫ്‌ഐആർ ഇടുകയും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു.
പോപ്പുലർ ഉടമയായ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും മേരിക്കുട്ടിയുമാണ് അന്ന് ക്രൈംബ്രാഞ്ച് പ്രതികളായി കണ്ടെത്തിയത്. റിസർവ് ബാങ്ക് റിപ്പോർട്ട് നല്കിയതും ക്രൈംബ്രാഞ്ച് അന്വേഷണം വന്നതും മേരിക്കുട്ടി അടക്കമുള്ള പോപ്പുലർ ഫിനാൻസ് ഉടമകൾ പ്രതികളായതുമോന്നും അന്ന് പുറംലോകം അറിഞ്ഞില്ല. എല്ലാം ഇവർ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. മാധ്യമങ്ങളും അന്ന് വാർത്ത മുക്കി. ഇതേ തട്ടിപ്പ് തന്നെയാണ് അന്ന് നടന്നത്. ഹൈക്കോടതിയിൽ വിചാരണ നടക്കുമ്പോൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയാണ് മേരിക്കുട്ടി ഓസ്‌ട്രേലിക്ക് രക്ഷപ്പെട്ടത്.
2014 മുതൽ ഇരുപത് വരെ നടന്ന ഈ നാല്വർഷ കാലയളവിലെ തട്ടിപ്പ് ആണ് ഈ മൂവായിരം കോടി രൂപ. അന്ന് ഇവരെ നിയമനടപടിക്ക് വിധേയമാക്കിയിരുന്നെങ്കിലോ വിവരം പുറത്ത് അറിഞ്ഞിരുന്നെങ്കിലോ ഈ തട്ടിപ്പ് ഈ രീതിയിൽ തുടരുകയോ നിക്ഷേപകർക്ക് കോടികൾ നഷ്ടമാവുകയോ ചെയ്യുമായിരുന്നില്ല.
പ്രതിസന്ധി തുടങ്ങിയത് മാർച്ച് മുതൽ:
കഴിഞ്ഞ മാർച്ചിനു ശേഷമാണ് പ്രതിസന്ധി തലപൊക്കിയത്. നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ മാർച്ചിനു ശേഷം തിരികെ ലഭിച്ചിട്ടില്ല. ഈ വാർത്ത പരന്നപ്പോൾ നിക്ഷേപകർ പണത്തിനു തിടുക്കം കൂട്ടി പോപ്പുലർ ഫിനാൻസിനെ സമീപിച്ചു. പണം തിരികെ ചോദിച്ചവർക്ക് ആർക്കും പണം തിരികെ ലഭ്യമായില്ല. ഇതോടെയാണ് നിക്ഷേപകർ പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രം ഇരുനൂറോളം നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക. ഈ രീതിയിൽ പല തവണ ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവുമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്. കോന്നി സ്റ്റേഷൻ സ്റ്റേഷൻ ലിമിറ്റിൽ മാത്രം പതിനഞ്ചു കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. രേഖാമൂലമുള്ള പരാതിയിലെ തുകയാണ് ഈ പതിനഞ്ചു കോടി. നിരവധി കേസുകൾ കോന്നി പൊലീസ് ചാർജ് ചെയ്തു കഴിഞ്ഞു.
കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പൊലീസ് സ്റ്റെഷനുകളിലും പോപ്പുലർ ഫിനാൻസ് കേസിന്റെ പേരിലുള്ള പരാതികൾ വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മധ്യ കേരളത്തിലെ നിക്ഷേപകർ മുഴുവൻ പരിഭ്രാന്തമായ അവസ്ഥയിലാണ്. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ ലക്ഷങ്ങളാണ് ഓരോരുത്തർക്കും നഷ്ടമായത്. സൗത്ത് ഇന്ത്യയിൽ വേര് പടർത്തിയ സ്ഥാപനമാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
തട്ടിപ്പ് നടത്തിയത് കടലാസ് കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച്
പോപ്പുലർ ഫിനാൻസ് എന്നത് മുഖ്യ എജന്റാക്കി ഇതിന്റെ മറവിൽ ഒൻപതോളം കടലാസ് കമ്പനികൾ തുടങ്ങി നിക്ഷേപകരെ അവർ അറിയാതെ ഈ കമ്പനികളിലെ ഷെയർ ഹോൾഡേഴ്‌സ് ആക്കുകയാണ് പോപ്പുലർ ഫിനാൻസ് ചെയ്തത്. പോപ്പുലർ ഫിനാൻസിൽ തങ്ങൾ പണം നിക്ഷേപിച്ചു എന്ന് നിക്ഷേപകർ കരുതിയപ്പോൾ കടലാസ് കമ്പനിയുടെ ഷെയറുകൾ ആണ് കമ്പനി നൽകിയിരിക്കുന്നത്. കമ്പനി പൊളിഞ്ഞാൽ മുങ്ങാനുള്ള ഉടമകളുടെ അടവ് ആയാണ് ഈ രീതിയിൽ പണം നിക്ഷേപിച്ചത്.
കമ്പനി നഷ്ടത്തിലായപ്പോൾ ഷെയറുകൾ തിരികെ നൽകാൻ കഴിയുന്നില്ല എന്ന് ഉടമകൾക്ക് പറഞ്ഞു നിൽക്കാനുള്ള അവസരമാണ് ഉടമകൾ തന്നെ സൃഷ്ടിച്ചിരിക്കുന്നത്. പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചപ്പോൾ വിവിധ കമ്പനികളുടെ നിക്ഷേപങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ കണ്ടു പൊലീസ് പരിശോധിച്ചപ്പോഴാണ് വളരെ ആഴത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ബോധ്യമായത്. കോടികൾ നഷ്ടപ്പെട്ട നിക്ഷേപർ പരിഭ്രാന്തരാണ്.
ഓഫീസ് കയ്യേറാനും സ്റ്റാഫുകളെ ആക്രമിക്കാനും നിക്ഷേപകർ മുതിർന്നതോടെ തുറന്ന ബ്രാഞ്ചുകൾ പോലും ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്.
തട്ടിപ്പ് ആസൂത്രിതം:
ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങൾ പൂർണമായും പഠിച്ച് ലൂപ്പ് ഹോൾസ് മനസിലാക്കിയുള്ള അതിഭീകരമായ തട്ടിപ്പ് ആണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കുമ്പോൾ ആറു വർഷം കഴിഞ്ഞാൽ ഇരട്ടി തുക നൽകുന്ന രീതിയാണ് അവലംബിച്ചത്. ഇങ്ങനെ തുക പത്ത് ലക്ഷമായവർ അത് പിന്നെയും പിന്നെയും നിക്ഷേപിച്ച് ഇരുപത് ലക്ഷത്തോളം രൂപയാക്കി. കമ്പനി മുങ്ങിയപ്പോൾ നിക്ഷേപകർക്ക് ഇരുപത് ലക്ഷവും ഒറ്റയടിക്ക് നഷ്ടമായി.
ലക്ഷങ്ങൾ തന്നെ ഇങ്ങനെ നിക്ഷേപിച്ചപ്പോൾ സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് നഷ്ടമായി. സൗത്ത് ഇന്ത്യയിലെ അയ്യായിരത്തിലേറെ നിക്ഷേപകരുടെ 2000 കോടിയോളമാണ് കമ്പനി തട്ടി എടുത്ത് മുങ്ങിയിരിക്കുന്നത്. അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷ നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ ഇരട്ടി തുകയാകും. അത് പിന്നെയും നിക്ഷേപിച്ചാൽ പതിനഞ്ചു ലക്ഷമാകും. പിന്നെയും നിക്ഷേപിച്ചാൽ ഇരുപത് ലക്ഷമാകും. ഈ രീതിയിലുള്ള തട്ടിപ്പ് ആണ് ഇവർ നടത്തിയത്.
നിക്ഷേപതുക തിരികെ നൽകുന്നത് ഷെയർ മാർക്കറ്റ് നിബന്ധനകൾ അനുസരിച്ചാകും എന്ന് താഴെ ചെറിയ അക്ഷരങ്ങളിൽ എഴുതും. ഇത് പലരുടെയും കണ്ണിൽപ്പെടില്ല. അപ്പോഴാണ് പലരും ഇത് ശ്രദ്ധിക്കുന്നത്.
തട്ടിപ്പിന്റെ ആദ്യഘട്ടത്തിനു രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ്:
തട്ടിപ്പിനായി ഇവർ ആദ്യം രൂപീകരിച്ചത് പോപ്പുലർ ഫിനാൻസ് ആണ്. ഒൻപത് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് കമ്പനികളുടെ ഷെയർ വിൽപ്പനയ്ക്കുള്ള എജന്റ്‌റ് മാത്രമാണ്. പോപ്പുലർ ഫിനാൻസ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായാണ് രൂപീകരിച്ചത്. സ്വർണപണയം എടുക്കാൻ അർഹതയുള്ള കമ്പനിയാണ്.
സ്വർണം പണയം എടുക്കുക. പലിശ സ്വീകരിക്കുക. ഇത് മറയാക്കി ഒൻപത് കമ്പനികൾ രൂപീകരിക്കുകയാണ് ഇവർ ചെയ്തത്. നിക്ഷേപകർ പണം മുടക്കുമ്പോൾ നിക്ഷേപം സ്വീകരിക്കുന്നത് കമ്പനികളുടെ പേരിലാണ്. കമ്പനി ലാഭത്തിലായാൽ ലാഭം കൊടുക്കാം. നഷ്ടത്തിലായാൽ പണം പോകും. കടലാസ് കമ്പനികൾ ആയതിനാൽ ഒരു ലാഭവും വരാൻ പോകുന്നില്ല. കടലാസ് കമ്പനികൾ രൂപീകരിച്ചത് പണം തട്ടുക എന്ന ഉദ്ദേശ്യം മുൻ നിർത്തിയാണെന്ന സൂചനകളാണ് പൊലീസിനു ലഭിക്കുന്നത്.
നിക്ഷേപം സ്വീകരിച്ചത് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്:
വ്യത്യസ്തമായ രീതിയിലാണ് നിക്ഷേപം സ്വീകരിച്ചത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് ആക്റ്റ് വഴിയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. ഈ ആക്റ്റ് വഴി കമ്പനികൾ രൂപീകരിച്ച് വിവിധ കമ്പനികളുടെ ഷെയർ ആയിട്ടാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഒൻപത് കമ്പനികളാണ് ഇവർ ഇതിനു വേണ്ടി രൂപീകരിച്ചത്. എല്ലാം കടലാസ് കമ്പനികൾ. കമ്പനി പൊട്ടിയാലും തങ്ങൾക്ക് എതിരെ ഒരു കേസും വരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്. നിക്ഷേപകർ വന്നാൽ ഏതെങ്കിലും കമ്പനിയുടെ അക്കൗണ്ട് നമ്പർ ഇവർ നൽകും.
തൊട്ടടുത്ത ബാങ്കിൽ നിന്ന് ആർടിബിഎസ് ആയി തുക അക്കൗണ്ടിലേക്ക് ഇടാൻ പറയും. നിക്ഷേപകർക്ക് വിശ്വാസം കൂടും. ബാങ്ക് വഴിയുള്ള ട്രാൻസ്‌ക്ഷൻ ആയതിനാൽ. ഇത് കമ്പനിക്ക് രക്ഷപ്പെടാനുള്ള പഴുതായിരുന്നു. നിക്ഷേപകർക്ക് നൽകിയത് കമ്പനിയുടെ ഷെയർ ആണ്. കമ്പനി നഷ്ടത്തിലായതിനാൽ ഷെയർ തിരികെ കൊടുക്കാൻ കഴിയുന്നില്ല. ഇതിനു അനുസരിച്ചാണ് കമ്പനി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്.
പോപ്പുലർ ഫിനാൻസിന്റെ പേരിൽ ഒരു രേഖയും നൽകിയിട്ടില്ല:
പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്താൻ വന്ന നിക്ഷേപകർക്ക് ബുദ്ധിപൂർവ്വം പോപ്പുലർ ഫിനാൻസിന്റെ ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ല. പകരം കടലാസ് കമ്പനികളുടെ സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്.
പലരും ഇത് പോപ്പുലർ ഫിനാൻസിന്റെ സർട്ടിഫിക്കറ്റ് ആയി കണ്ടു. കമ്പനികളുടെ പേരിൽ കൊടുത്തത് നിക്ഷേപകർ പലരും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. പോപ്പുലർ ട്രേഡേഴ്‌സ്, വകയാർ ലാബ്, പോപ്പുലർ പ്രിന്റെഴ്‌സ്, മറൈൻ പോപ്പുലർ, മേരി റാണി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വിവിധ കമ്പനികളുടെ പേരിലാണ് നിക്ഷേപകർക്ക് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. പോപ്പുലർ ഫിനാൻസിന്റെ പേരിൽ നിക്ഷേപം നടത്തിയവർ ഏറ്റുവാങ്ങിയത് പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് അല്ല പകരം കടലാസ് കമ്പനികളുടെ ഷെയർ സർട്ടിഫിക്കറ്റ് ആണ്.
ഇത് കമ്പനി പൊളിഞ്ഞപ്പോഴാണ് നിക്ഷേപകർ മനസിലാക്കുന്നത്. പല തരത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് പരാതിയുമായി വന്നപ്പോൾ പൊലീസ് കണ്ടത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.