പത്തനംതിട്ട: നിക്ഷേപതട്ടിപ്പ് കേസിൽ സ്വീകരിക്കേണ്ട വ്യക്തമായ പദ്ധതി തയാറാക്കിയ ശേഷമാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ പൊലീസിന് മുന്നിൽ കീഴടങ്ങിയെന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർ ഷിപ്പ് മുഖാന്തിരമാണ് തങ്ങൾ നിക്ഷേപം സ്വീകരിച്ചതെന്നും ഇക്കാര്യം നിക്ഷേപകരെ അറിയിച്ചിരുന്നുവെന്നുമാണ് ഇവർ കോടതിയിൽ സ്വീകരിക്കാൻ പോകുന്ന നിലപാട്. ഇതോടെ വഞ്ചനാക്കുറ്റം നിലനിൽക്കാതെ വരികയും ക്രിമിനൽ ഗൂഢാലോചനയ്ക്ക് സാധുതയില്ലാതെ വരികയും ചെയ്യും. കമ്പനിയുടെ നിലപാട് ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട മെയിൻ ബ്രാഞ്ച് മാനേജർ ജോയിക്കുട്ടിയാണ് ഇടപാടുകാരോട് തുറന്നടിച്ചത്. വഴിയിൽ വച്ച് വാഹനം തടഞ്ഞ നിക്ഷേപകരോടാണ് ജോയിക്കുട്ടി ഇക്കാര്യം അറിയിച്ചത്.

പോപ്പുലർ ഫിനാൻസ് വായ്പ നൽകാൻ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ച സ്വർണം കൂടിയ തുകയ്ക്ക് ധനലക്ഷ്മി ബാങ്കിൽ പണയം വച്ചിരുന്നത് എടുക്കാൻ എത്തിയതായിരുന്നു മാനേജർ ജോയിക്കുട്ടി. നിക്ഷേപകർ പിന്തുടർന്ന് ഇയാളെ തടഞ്ഞു. കോളജ് റോഡിലെ ധനലക്ഷ്മി ബാങ്കിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സെൻട്രൽ ജങ്ഷനിലുള്ള പോപ്പുലർ ഫിനാൻസിലുള്ള മാനേജരാണ് ജോയിക്കുട്ടി. ഇടപാടുകാരിൽ നിന്ന് കുറഞ്ഞ തുക നൽകി എടുക്കുന്ന പണയം പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ നിന്ന് ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ പണയം വയ്ക്കുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു. ഇതിന് ശേഷം നിക്ഷേപകർ സ്ഥാപനത്തിന് മുന്നിൽ കാവൽ ഏർപ്പെടുത്തിയിരുന്നു. ഈ രീതിയിൽ വച്ച പണയം എടുക്കാൻ ബ്രാഞ്ചിലെ വനിതാ സ്റ്റാഫുമായി വന്നതായിരുന്നു ജോയിക്കുട്ടി.

കേസിൽ കിടക്കുന്ന സ്ഥാപനത്തിൽ നിന്ന് എങ്ങനെ ഒരു പണയ സ്വർണം എടുക്കാൻ കഴിയുമെന്നായിരുന്നു നിക്ഷേപകരുടെ ചോദ്യം. അതിന് തടസമില്ലെന്നും തങ്ങൾ സ്വർണപ്പണയം തിരികെ എടുക്കാൻ വന്നതാണെന്നുമായിരുന്നു മാനേജരുടെ മറുപടി. നിങ്ങൾ പണം നിക്ഷേപിച്ചവരോട് ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പി(എൽ.എൽ.പി)ലാണോയെന്ന് പറഞ്ഞിരുന്നോയെന്നും ഇടപാടുകാർ ചോദിച്ചു. എല്ലാം പറഞ്ഞിട്ടാണ് പണം വാങ്ങിയത് എന്നായിരുന്നു മാനേജരുടെ മറുപടി. നിക്ഷേപകർക്ക് നൽകിയ അപേക്ഷാ ഫോമിൽ ഇക്കാര്യം എഴുതിയിട്ടുണ്ടായിരുന്നുവെന്നും പോരെങ്കിൽ അവരോട് പറഞ്ഞിരുന്നുവെന്നും മാനേജർ പറഞ്ഞു.

ഏറെ നേരത്തേ വാഗ്വാദത്തിന് ശേഷമാണ് മാനേജരെ പോകാൻ അനുവദിച്ചത്. മറിച്ചൊരു വാദഗതി ഉന്നയിക്കാൻ നിക്ഷേപകർക്കും കഴിയില്ല. സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ഉള്ളവരാണ് പണം നിക്ഷേപിച്ചിരുന്നത്. അവർക്ക് ഇതേപ്പറ്റി വായിച്ച് മനസിലാക്കാനുള്ള അറിവുമുണ്ട്. ആ സ്ഥിതിക്ക് വിശ്വാസ വഞ്ചനാ കുറ്റം എങ്ങനെ നിലനിൽക്കുമെന്ന ചോദ്യമാകും ഇവർ കോടതിയിൽ ഉയർത്തുക. ഇതിൽ കോടതി എടുക്കുന്ന നിലപാട് അതീവ നിർണ്ണായകമാകും. അതിനിടെ പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തി കഴിഞ്ഞു. അഭിഭാഷകനായ പി രവീന്ദ്രൻ പിള്ളയാണ് ഹർജിക്കാരൻ. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കാൻ നിർദ്ദേശം നൽകണമെന്നും നിക്ഷേപ തുക സുരക്ഷിതമാക്കാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സ്ഥാപന ഉടമകളായ റോയ് ഡാനിയേൽ ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളെ പത്ത് ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. തട്ടിപ്പ് കേസിൽ ഇവരെ കസ്റ്റഡിയിൽ കിട്ടിയെങ്കിൽ മാത്രമെ കൂടുതൽ അന്വേഷണം നടത്താൻ കഴിയു. 2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്‌സ്, പോപ്പുലർ പ്രിന്റേഴ്‌സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചത് എൽഎൽപി വ്യവസ്ഥയിലാണ്.

എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പനിയുടെ ലാഭ വിഹിതമാണ് കിട്ടുക. കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ അറിയിച്ചിരുന്നില്ലെന്നതാണ് വസ്തുത. 2000 കോടിയുടെ നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പോപ്പുലർ ഫിനാൻസ് ഉടമക്കും മക്കൾക്കും വിദേശത്ത് കോടികളുടെ നിക്ഷേപമുള്ളതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഓസ്‌ട്രേലിയയിലാണ് വൻ നിക്ഷേപമുള്ളത്. അതിനാൽ വിദേശ അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായവും തേടും. സ്ഥാപന ഉടമ തോമസ് ഡാനിയേലിന്റെ മാതാവും സഹോദരിമാരും ഭാര്യ പ്രഭയുടെ അടുത്തബന്ധുക്കളും ആസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ട്. നിക്ഷേപങ്ങൾ സ്വന്തം നേട്ടത്തിന് ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.

തട്ടിപ്പിൽ പ്രധാന ആസൂത്രകർ ഉടമയുടെ മൂന്ന് പെൺമക്കളെന്ന് സൂചന. രാജ്യംവിടാനുള്ള ശ്രമത്തിനിടെ സ്ഥാപന ഉടമയുടെ മക്കളായ സിഇഒ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവർ ഡൽഹിയിൽ പിടിയിലാകുകയായിരുന്നു. അറസ്റ്റിലായ രണ്ട് പെൺമക്കളും ഇവരുടെ ഭർത്താക്കന്മാരും ഡോക്ടർമാരാണ്. തിരുവല്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജിൽ ഇവർ ജോലി ചെയ്തിരുന്നു. നിക്ഷേപകരുടെ പണം മറ്റുനിരവധി കമ്പനികൾ രൂപവത്കരിച്ച് വകമാറ്റിയതിനുപിന്നിലും ഡോക്ടർമാരാണെന്നാണ് സൂചന.

തൃശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ച് വിവിധ കമ്പനികൾ രൂപവത്കരിച്ചാണ് പണം വകമാറ്റിയത്. നിക്ഷേപകർ അറിയാതെ പണം വകമാറ്റിയതിന് ഉടമകളുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. റിനുവും റിയയുമാണ് കമ്പനി രൂപവത്കരിച്ചതിന് നേതൃത്വം നൽകിയത്. പാർട്ണർഷിപ്പായി 21കമ്പനി രൂപവത്കരിച്ചിട്ടുണ്ടെന്നറിയുന്നു. ഈ കമ്പനികൾ അംഗീകാരം ഇല്ലാത്തവയുമാണ്. വിദേശത്തുൾപ്പെടെ ചില വ്യവസായസ്ഥാപനങ്ങളിലും ഇവർക്ക് നിക്ഷേപമുണ്ട്.

നിക്ഷേപകർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്. സ്ഥാപന ഉടമ പത്തനംതിട്ട സബ്‌കോടതിയിൽ പാപ്പർ ഹരജി നൽകിയിട്ടുണ്ട്. കേസ് സെപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.