- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെയ്തത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം: വകുപ്പിട്ടിരിക്കുന്നത് മൂന്നു വർഷം തടവിന്; എല്ലാ സ്റ്റേഷനുകളിലും കേസെടുക്കുന്നില്ല; രജിസ്റ്റർ ചെയ്തത് ഒരു കേസ് മാത്രം; നടത്തിയിരിക്കുന്നത് 4000 കോടിയുടെ നിക്ഷേപം; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ
പത്തനംതിട്ട: കോന്നി വകയാർ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ആക്ഷൻ കൗൺസിൽ. വലിയ തുകയ്ക്കുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാൽ സിബിഐ അനേഷിക്കണമെന്നും ആവശ്യം. പ്രതികൾക്ക് വിദേശ ബന്ധമുള്ളതിനാൽ ഇന്റർപോൾ അന്വേഷണവും ആവശ്യമാണ്. നൂറു കണക്കിന് നിക്ഷേപകരെയാണ് പോപ്പുലർ ഉടമയും മക്കളും ചേർന്ന് കബളിപ്പിച്ചത്.
കോന്നി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ഒരുകേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ പോപ്പുലർ ശാഖകളുടെ കീഴിൽ വരുന്ന സ്റ്റേഷനിൽ പരാതി സ്വീകരിച്ച് കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ല. ഡിജിപിയുടെ നിർദേശ പ്രകാരമാണ് കോന്നിയിൽ മാത്രമായി കേസ് ഒതുക്കിയിരിക്കുന്നതെന്നും നിക്ഷേപകർ ആരോപിച്ചു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമെരുക്കുകയാണ് പൊലീസ് ചെയ്യുന്നത്. മറ്റ് സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ചാലും കേസെടുക്കുന്നില്ല.
പരാതികൾ കോന്നിയിലേക്ക് അയച്ചു കൊടുത്ത് അവർ അന്വേഷിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കേസിന്റെ ഗതി മാറ്റാനാണ് ശ്രമം. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്. എന്നാൽ മൂന്ന് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചേർത്തിട്ടുള്ളത്. അതാത് ജില്ലാ കലക്ടർമാർ അന്വേഷിച്ച് റിപ്പോർട്ട് പ്രത്യേക കോടതിയിൽ നൽകാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ സ്റ്റേഷനുകളിലും പരാതി ലഭിക്കുന്ന മുറക്ക് പൊലീസ് അന്വേഷിക്കാൻ തയാറാകണം. നിക്ഷേപം മുഴുവൻ ഷെയറാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
ഞങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റിനാണ് പണം കൊടുത്തത്. നിക്ഷേപത്തിന് 21 ഓളം വ്യാജ കമ്പനികളുടെ ഷെയർ സർട്ടിഫിക്കറ്റുകളാണ് ലഭിച്ചത്. സർട്ടിഫിക്കറ്റുകൾ ആഴ്ചകൾ കഴിഞ്ഞാണ് നൽകുന്നത്. ഷെയറിലേക്ക് മാറ്റിയത് സംബന്ധിച്ച് ചോദിച്ചാൽ ഈ രീതിയിലെ പറ്റുകയൂള്ളുവെന്ന് പറഞ്ഞ് ശാഖാ മാനേജർമാർ ഒഴിയുകയായിരുന്നു. 200 പേരിൽ നിന്നു മാത്രമേ ഇവർക്ക് നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. കൂടുതൽ നിക്ഷേപം സ്വീകരിക്കാനാണ് വിവിധ സ്ഥാപനങ്ങൾ രൂപീകരിച്ചത്. ഉടമ കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ 78 കോടിയുടെ ആസ്തി മാത്രമാണ് പറയുന്നത്.
എന്നാൽ 4000 കോടിയെങ്കിലും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. പോപ്പുലർ കമ്പനി പാപ്പർ അല്ലെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ തങ്ങളുടെ കൈവശമുണ്ടന്നും ഭാരവാഹികൾ പറഞ്ഞു. 60 പേജ് വരുന്ന കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടുണ്ട്. ഇത് കോടതിയിൽ ഹാജരാക്കി കേസ് ഫയൽ ചെയ്യും. 2016 ലാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. പെൺമക്കളുടെ പേരിലേക്ക് ആസ്തികൾ മുഴുവൻ മാറ്റിയത് തട്ടിപ്പിന് വേണ്ടിയാണ്. പണയ സ്വർണം അടുത്തുള്ള ബാങ്കുകളിൽ വച്ച് പണം എടുക്കാൻ സിഇഒ ആയ മൂത്ത മകൾ ശാഖാ മാനേജർമാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
സമീപകാലത്ത് 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു കൂടുതൽ നിക്ഷേപം സ്വീകരിക്കുകയുണ്ടായി. പ്രായമായ പലരും നിക്ഷേപ തുകയിലെ പലിശ കൊണ്ടാണ് കഴിഞ്ഞിരുന്നത്. ഇപ്പോൾ മരുന്നു വാങ്ങാൻ പോലും പണം ഇല്ലാതെ ദുരിതമനുഭവിക്കുകയാണന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സി.എസ്. നായർ തട്ടയിൽ, വൈസ് പ്രസിഡന്റ് പി. സുരേഷ് കുമാർ കിടങ്ങന്നൂർ, ജില്ലാ കോ- ഓർഡിനേറ്റർ സാം ജോൺ ചാത്തന്നൂർ, അന്നമ്മ തോമസ് വകയാർ എന്നിവർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്