പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂർ സ്വദേശിയെന്ന് സൂചന. ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കും. തെളിവ് ശേഖരനം തുടരുകയാണ്. ഓസ്‌ട്രേലിയയിലേക്ക് പണം കടത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്നാണഅ സൂചന. ഏതെല്ലാം രീതിയിൽ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികൾ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് തൃശൂരുകാരനാണ്.

അതിനിടെ കേസിൽ പിടിയിലാകാനുള്ള പ്രധാന പ്രതി റിയയെ പൊലീസ് കണ്ടെത്തിയതായി സൂചന. പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ. മാതാപിതാക്കളും സഹോദരിമാരും പിടിയിലായെങ്കിലും റിയ ഒളിവിലായിരുന്നു. അന്വേഷണസംഘം നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ്. മുഖ്യപ്രതി റോയി ഡാനിയേലുമായി ഒരു സംഘം കേരളത്തിന് പുറത്തും ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരുമായി മറ്റൊരു സംഘം തിരുവനന്തപുരത്തുമാണ് തെളിവെടുപ്പ് നടത്തുന്നത്.

വിവിധ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് (എൽഎൽപി) കമ്പനികളിലേക്ക് സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകർക്ക് ലഭിക്കില്ല. പോപ്പുലർ ഫിനാൻസിലാണ് നിക്ഷേപമെങ്കിലും വിവിധ എൽഎൽപികളുടെ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. പോപ്പുലറിന്റെ ഈ എൽഎൽപികളിൽ നിക്ഷേപകനും പങ്കാളിയാണ്. പ്രസ്തുത എൽഎൽപിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ സംരംഭ പങ്കാളി എന്ന നിലയിൽ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരും. പലരും കരാറിൽ വായിച്ചു നോക്കാതെയാണ് ഒപ്പിട്ടത്. അതുകൊണ്ടാണ് ഈ കുടുക്കിൽ പെട്ടത്.

ഫിനാൻസിൽ സ്വീകരിച്ച നിക്ഷേപം എൽഎൽപികളിലേക്ക് മാറ്റിയതിനു പിന്നിൽ ഗൂഢലക്ഷ്യം ഉണ്ടായിരുന്നു. നിക്ഷേപം സ്വീകരിക്കുന്നതിൽ വിലക്കപ്പെട്ട കമ്പനി റിസർവ് ബാങ്കിന്റെ വിലക്ക് മറച്ചുവച്ച് എൽഎൽപികളിലേക്ക് നിക്ഷേപം സ്വീകരിച്ചത് കുതന്ത്രങ്ങളുടെ ഭാഗമായിരുന്നു. 21 ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് കമ്പനികളുടെ പേരിലാണ് പോപ്പുലർ ഫിനാൻസ് നിക്ഷേപം സ്വീകരിച്ചത്. ഈ കമ്പനികൾ നഷ്ടത്തിലാണെന്ന് ഉടമ തോമസ് ഡാനിയേൽ (റോയി) സബ് കോടതിയിൽ നൽകിയ പാപ്പർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികളുടെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള നിക്ഷേപങ്ങളിലേക്ക് അന്വേഷണം നീളുകയാണ്. തോമസ് ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി. മറ്റൊരു സംഘം തലസ്ഥാനം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് ആന്ധ്ര കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി തമിഴ്‌നാട്ടിൽ എത്തിയിട്ടുണ്ട്. ഏനാത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

നിക്ഷേപകരിൽ വലിയൊരു വിഭാഗം ആളുകളുടെയും പണം ഇവർ വാങ്ങിയ ശേഷം ഭൂമി ഇടപാടിനായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. തമിഴ്‌നാട്ടിൽ മാത്രം നാല് ഇടങ്ങളിൽ ഇവർക്ക് ഭൂമി ഉണ്ട്. ആന്ധ്രയിൽ ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ ഭൂമി അടുത്തിടെ വാങ്ങിയിരുന്നു. ബുധനാഴ്ച വൈകുന്നേരം തമിഴ്‌നാട്ടിൽ എത്തിയ അന്വേഷണ സംഘം.തമിഴ്‌നാട്ടിലെ അന്വേഷണം രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം ആന്ധ്രയിലേക്ക് പോകും.

വിവിധയിടങ്ങളിലെ വസ്തുക്കൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ, എൽ.എൽ.പി കമ്പനികളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. രേഖകൾക്കൊപ്പം വസ്തുവകകൾകൂടി കണ്ടെത്താനാണ് റോയി ഡാനിയേലിനെ കൊണ്ടുപോയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കൂടുതൽ പേർ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം ഇതിനകം മുന്നൂറിലേറെ പരാതി ലഭിച്ചിട്ടുണ്ട്.

പലർക്കും വലിയ തുകയുടെ നിക്ഷേപങ്ങളുണ്ട്. ബംഗളൂരുവിൽ മലയാളികളുടെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പണയ ഇടപാടുകളും വലിയതോതിൽ നടന്നിട്ടുണ്ട്. തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫിനാൻസ് സ്ഥാപനത്തിന്റെ ശാഖകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിൽ ഇന്റർപോളിന്റെ ഉൾപ്പെടെ സഹായം തേടുന്നത് പരിഗണിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് ഉടമകളുടെ പേരിൽ വിദേശരാജ്യങ്ങളിലുൾപ്പെടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കുറഞ്ഞത് 75,000 നിക്ഷേപകർ ഉള്ളതായാണ് വിവരം. ഇതിൽ ചെറിയൊരു ഭാഗം മാത്രമേ പരാതി നൽകിയിട്ടുള്ളൂ. നിക്ഷേപത്തിന്റെ മൊത്തം കണക്കു ലഭിച്ചാൽ 2000 മുതൽ 4000 കോടിയുടെ വരെ നിക്ഷേപ തട്ടിപ്പുണ്ടാകാമെന്നാണ് വിലയിരുത്തൽ. വിദേശരാജ്യങ്ങളിൽ നടന്ന ഇടപാടുകൾ അന്വേഷിക്കാൻ ഇന്റർപോളിന്റെ സഹായം വേണ്ടിവരുമെന്ന് കേസിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് പരാതികൾ വന്നിട്ടില്ല. നിക്ഷേപമായി സ്വീകരിച്ച തുക ഏതെല്ലാം സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്ന് അന്വേഷിച്ചുവരികയാണ്. തെളിവുകളെല്ലാം ശേഖരിക്കാൻ രണ്ടാഴ്ച കൂടി വേണ്ടിവരും. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. കേന്ദ്ര, സംസ്ഥാന അഥോറിറ്റികളെക്കൊണ്ട് നിക്ഷേപകർക്ക് കിട്ടാനുള്ള തുകയും പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്തുവകകളും കണക്കാക്കണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസിൽ പിടികിട്ടാനുള്ള തോമസിന്റെ മറ്റൊരു മകൾ റിയയ്ക്ക് സാമ്പത്തിക തട്ടിപ്പിലുള്ള പങ്ക് പരിശോധിച്ചുവരികയാണെന്നും ഐജി പറഞ്ഞു. ശാഖകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം സുരക്ഷിതമായിരിക്കണമെന്നും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.