പത്തനംതിട്ട: പ്രമാദമായ പോപ്പുലർ തട്ടിപ്പ് കേസിലെ പ്രതികളെ സഹായിക്കാൻ പൊലീസും സർക്കാരും ഒത്തുകളിച്ചതായി സംശയം സജീവം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടന്നിട്ടുള്ള തട്ടിപ്പിന് കോന്നി സ്റ്റേഷനിൽ ഒറ്റ കേസ് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നതാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്. ഈ ഒരു കേസിൽ കോടതി ജാമ്യം അനുവദിച്ചാൽ ഉടമകൾക്ക് പുറത്തിറങ്ങാമെന്നതാണ് സ്ഥിതി. അതിനിടെ എല്ലാ പരാതിയിലും വെവ്വേറെ കേസെടുക്കണമെന്ന് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ കള്ളക്കളി പൊളിയുകയുമാണ്. കേസ് സിബിഐയ്ക്ക് വിടാനാണ് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ നടപടി എടുക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.

അതേ സമയം, പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ പത്തനംതിട്ട സിജെഎം കോടതി തള്ളി. റോയ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിജെഎം കോടതി തള്ളിയത്. പ്രതികളെ 10 ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വലിയ തുകയ്ക്കുള്ള പുതിയ കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലും വിദേശത്തെ നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ചോദിച്ച് അറിയുന്നതിനും പരിശോധനകൾക്കുമായിട്ടാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.
പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 98 ലക്ഷത്തിന്റെ പരാതിയും മാന്നാർ സ്റ്റേഷനിൽ ലഭിച്ച മറ്റൊരു പരാതിയും കോന്നി പൊലീസിന് കൈമാറിയിട്ടുണ്ട്.

എല്ലാ പരാതികളും കൂടി ഒരു സ്റ്റേഷനിലേക്ക് മാറ്റുന്നത് കേസ് അന്വേഷണം അട്ടിമറിക്കുന്നതിനും പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിനും വേണ്ടിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. പോപ്പുലർ ഫിനാൻസ് പണം തട്ടിയെടുത്തത് പല സ്ഥലങ്ങളിലുള്ള ബ്രാഞ്ചുകളിലൂടെയാണ്. കേസ് എടുത്തിരിക്കുന്നതാകട്ടെ കമ്പനി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രമാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡി.ജി.പിയുടെ സർക്കുലറാണ്. ഇതിലെ നിയമ വിരുദ്ധത ജനം തിരിച്ചറിയണമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഒരു കുറ്റ കൃത്യത്തിനു കേസെടുക്കേണ്ടത് അത് നടന്ന പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. അതായത് തിരുവനന്തപുരം ബ്രാഞ്ചിൽ പണം അടച്ച് ചതിക്കപ്പെട്ട ഒരാളുടെ കേസ് അവിടുത്തെ പൊലീസ് സ്റ്റേഷൻ എവിടെയാണോ അവിടെ മാത്രമേ എടുക്കാൻ പറ്റു. ആ കേസ് കോന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയാൽ നിലനിൽക്കില്ല. തട്ടിക്കപ്പെട്ടവരെ വീണ്ടും തട്ടിക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോപണം ഉയരുന്നു. പലയിടങ്ങളിലായി നടന്ന പല വഞ്ചനാകുറ്റം ഒറ്റ കേസിലൊതുക്കി പോപ്പുലറുകാരനെ രക്ഷിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഒരു കൃത്യത്തിനു ഒരു കേസ് മാത്രമേ എടുക്കാൻ പറ്റു. അതു കൊണ്ടു തന്നെ ഒരു കേസ് മാത്രമേ പോപ്പുലർ ഉടമകൾക്കെതിരേ കോന്നി പൊലീസ് എടുത്തിട്ടുള്ളു.

ആ കേസിലാകട്ടെ ജാമ്യം ലഭിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇത് പ്രമാദമായ കേസായതു കൊണ്ട് കോടതികൾ ആദ്യം ജാമ്യം നിഷേധിച്ചാലും ക്രിമിനൽ നടപടി നിയമം 167 അനുസരിച്ച് 60 ദിവസത്തിനകം കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം പ്രതിയുടെ അവകാശമാണ്. ഇത്രയേറെ സങ്കീർണമായ ഇടപാടുകൾ ഉള്ള സ്ഥിതിക്ക് ഒരു കാരണ വശാലും കോന്നി പൊലീസിന് 60 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ല. വഞ്ചനാ കുറ്റം നടന്ന എല്ലാ പൊലീസ് സ്റ്റേഷനിലും ക്രൈം രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ കേസ് ഇത്രത്തോളം സങ്കീർണ്ണമാകുകയുമില്ലെന്ന് പത്തനംതിട്ടയിലെ അഭിഭാഷകൻ കെജെ മനു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഉടമകൾ നിരവധി കേസുകളിൽ പ്രതിയാകുകയും ചെയ്യുമായിരുന്നു. അങ്ങനെ പ്രതിയായാൽ ഓരോ കേസിനും ജാമ്യം എടുക്കേണ്ടി വരുമായിരുന്നു. സോളാർ തട്ടിപ്പിൽ സരിതയ്ക്ക് സംഭവിച്ചതും അതാണ്. ഓരോ കേസിലായി ജാമ്യം എടുത്താണ് സരിത അവസാനം പുറത്തു വന്നതെന്നും അഡ്വ. മനു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്. ഇതോടെ ഓരോ പരാതിയിലും പല സ്റ്റേഷനിൽ പരാതി എടുക്കേണ്ട സ്ഥിതി വരികയാണ്. ഇതിനൊപ്പമാണ് അന്വേഷണത്തിന് സിബിഐ എത്തുന്നതും.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പോപ്പുലർ ഫിനാൻസ് കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ കേന്ദ്രസർക്കാരിന്റെ പെഴ്‌സണൽ മന്ത്രാലയം ഉടനടി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സംരക്ഷണ നിയമത്തിലൂടെ പോപ്പുലർ ഫിനാൻസിന്റെ 271 ശാഖകളിൽ പണയം വെച്ചിരിക്കുന്ന സ്വർണത്തിന്റെയും മറ്റ് രേഖകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളാനും ഹൈക്കോടതി നിർദ്ദേശം നൽകി.

ഹൈക്കോടതിയുടെ മുന്നിൽ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട ആറ് ഹർജികളാണ് എത്തിയത്. ഇതിൽ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഹർജിയും ഉണ്ടായിരുന്നു. നിക്ഷേപ സംരക്ഷണ നിയമ പ്രകാരം പോപ്പുലർ ഫിനാൻസിന്റെ ശാഖകളിലുള്ള സ്വർണവും പണവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരോ ജില്ലകളിലും ഓരോ എഫ്‌ഐആറുകൾ എടുക്കാൻ നിർദ്ദേശിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ജില്ലാ പൊലീസ് മേധാവികൾക്ക് സർക്കുലർ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 13 എഫ്‌ഐആറുകളാണ് സംസ്ഥാനത്ത് ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ ഈ സർക്കുലർ ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഓരോ പരാതിയിലും ഓരോ എഫ്‌ഐആർ വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. കോടതിയുടെ പുതിയ നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിൽ ആയിരക്കണക്കിന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യേണ്ടിവരും.