- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നൂറു ശാഖകൾ മാത്രമുള്ള തൃശൂരിലെ മേരി റാണി നിധി ലിമിറ്റഡിന് നിക്ഷേപങ്ങൾ തീരെ കുറവ്; ഈ പ്രസ്ഥാനം സ്വർണം പണയമെടുത്ത് ലാഭമുണ്ടാക്കിയത് പോപ്പൂലറിലെ പണം വക മാറ്റി; പോപ്പുലർ ഫിനാൻസിനെ തകർത്തത് റിനു മറിയവും ഭർത്താവിന്റെ കുടുംബവും തന്നെ; കേസിൽ കൂടുതൽ പ്രതികളെത്താൻ സാധ്യത; സിബിഐ അന്വേഷണത്തിൽ എത്തിയാൽ ഓസ്ട്രേലിയൻ അന്വേഷണവും എളുപ്പമാകും; പോപ്പുലറിൽ ഹൈക്കോടതി നടത്തിയത് അട്ടിമറി പൊളിക്കുന്ന ഇടപെടൽ
കോന്നി: പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ച പണം തൃശ്ശൂരിലുള്ള എൽ.എൽ.പി. കമ്പനിയിലേക്ക് മാറ്റിയതായി തെളിഞ്ഞു. പോപ്പുലർ മാനേജിങ് ഡയറക്ടർ തോമസ് ദാനിയേലിന്റെ മകൾ റിനു മറിയം നേരിട്ട് നടത്തുന്ന മേരി റാണി നിധി ലിമിറ്റഡിലേക്കാണ് മാറ്റിയത്.
കേരളത്തിൽ നൂറുശാഖയുള്ള ഈ കമ്പനിക്ക് നിക്ഷേപങ്ങൾ കുറവാണ്. സ്വർണപ്പണയവായ്പയാണ് പ്രധാനം. വകയാർ പോപ്പുലറിലെ നിക്ഷേപങ്ങൾ വഴിമാറ്റിയാണ് മേരി റാണി നിധിക്ക് മൂലധനം കണ്ടെത്തിയത്. റീനുവിന്റെ ഭർതൃവീട്ടുകാർക്കും ഈ സ്ഥാപനത്തിൽ പങ്കുള്ളതായി അന്വേഷണോദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയിലേക്കും സ്വത്തുക്കൾ കൊണ്ടു പോയിട്ടുണ്ട്. അതിനിടെ പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന ഡി.ജി.പി.യുടെ ഉത്തരവ് പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകരമായി മാറുമായിരുന്നു. ഹൈക്കോടതി ഇടപെടലോടെ ഇതിനുള്ള സാധ്യതയും കുറഞ്ഞു.
കേസ് അന്വേഷണത്തിന് സിബിഐയും എത്തും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനം എടുക്കും. ഓരോ പരാതിയിലും പറയുന്നത് ഓരോ ഇടപാടുകളെക്കുറിച്ചാണ്. ഒരു എഫ്.ഐ.ആർ. മാത്രമാണ് രജിസ്റ്റർചെയ്യുന്നതെങ്കിൽ കേസിൽ പ്രതികൾക്ക് ഒരു ജാമ്യംമാത്രം എടുത്താൽ ജയിലിൽനിന്ന് പുറത്തുവരാൻ സാധിക്കും. ഇത് ചൂണ്ടിക്കാട്ടിയതിനാലാണ് കേസിൽ പ്രത്യേകം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചതും. സി.ആർ.പി.സി. 154 പ്രകാരം ഗൗരവമായ കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചാൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. 2014-ലെ ലളിതാകുമാരി കേസിൽ സുപ്രീംകോടതിയുടെ ഉത്തരവിലും ഇത് പറയുന്നുണ്ട്. എന്നാൽ, പല സ്റ്റേഷനുകളിൽ പലപ്പോഴായി എത്തുന്ന കേസുകളിൽ ഒരുമിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ മതിയെന്നാകുമ്പോൾ ഇത് ലംഘിക്കപ്പെടും.
ഒരേവർഷംനടന്ന ഒരേ സാമ്പത്തികകൈമാറ്റവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യം വരെയാണെങ്കിൽ ഒരുമിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാമെന്ന് സി.ആർ.പി.സി.യിൽ വ്യവസ്ഥയുണ്ട്. പക്ഷേ, ഇങ്ങനെ കേസ് രജിസ്റ്റർ ചെയ്യാൻ കേസിൽ ഒരേ പ്രതിയും ഒരേ വാദിയുമായിരിക്കണം. പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ പ്രതി ഒരാളാണെങ്കിലും വാദികൾ വെവ്വേറെയാണ്. കോന്നിയിലുള്ള പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന പേരിലാണ് ഒറ്റ എഫ്.ഐ.ആർ. മതിയെന്ന നിർദ്ദേശം ഡി.ജി.പി. നൽകിയത്. എന്നാൽ, തട്ടിപ്പുനടന്നത് പല ബ്രാഞ്ചിലൂടെയായതിനാൽ ഓരോ പരാതിയിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടാനിടയുണ്ടായിരുന്നു.
പോപ്പുലർ ഫിനാൻസ് ഉടമകൾ 2500 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 3500-ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്രയും എഫ്.ഐ.ആർ. ഇനി പൊലീസ് രജിസ്റ്റർചെയ്യണം. 300 കോടിയുടെ കാര്യത്തിലേ പ്രതികൾക്ക് പത്തനംതിട്ട കോടതിയിൽ വിശദീകരണം നൽകാൻ സാധിച്ചിട്ടുള്ളൂ. ബാക്കിത്തുക എവിടെയാണെന്നറിയാൻ വിശദമായ അന്വേഷണം ആവശ്യമാണ്. കേസിന്റെ അന്വേഷണം സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നൽകിയ കത്തിൽ കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട അഥോറിറ്റി ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം ഏൽപ്പിച്ചാൽ പ്രത്യേക സംഘത്തെ രൂപവത്കരിക്കാൻ സിബിഐ. ഡയറക്ടറോടും കോടതി നിർദേശിച്ചു. പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. അന്വേഷണം സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകാൻ സംസ്ഥാനത്തെ പ്രേരിപ്പിച്ച കാര്യങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തോടു നിർദേശിച്ചിരിക്കുന്നത്. അന്വേഷണസംഘത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ വിദഗ്ധരായ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുണ്ടാകണം. ഇവർക്ക് സംസ്ഥാനസർക്കാർ ആവശ്യമായ സൗകര്യങ്ങൾ ചെയ്തുനൽകണം.
സാമ്പത്തിക സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള 2013-ലെ കെ.പി.ഐ.ഡി. ആക്ട് പ്രകാരം ജില്ലാ കളക്ടർമാർ പോപ്പുലർ ഫിനാൻസിന്റെയും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ ശാഖകളും ഉടൻ പൂട്ടണം. ഇവിടെയുള്ള പണവും സ്വർണവും മറ്റു വസ്തുവകകളും ഓഫീസുകളും കണ്ടുകെട്ടണം. കോടതി ഉത്തരവിന്റെ പകർപ്പ് കേന്ദ്രസർക്കാരിനു ലഭ്യമാക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോടും നിർദേശിച്ചു. ഹർജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ