- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പ്രതികൾ നിക്ഷേപം നടത്തിയതിനാൽ അന്വേഷണം കേന്ദ്ര ഏജൻസി നടത്തുന്നതാണ് ഉചിതം; പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് സിബിഐക്ക് വിടാൻ തയ്യാറെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ; നിക്ഷേപകരുടെ താൽപ്പര്യത്തിനാണ് മുൻഗണനയെന്ന് ഹൈക്കോടതിയും
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് അന്വേഷണം സിബിഐക്ക് വിടാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിക്ഷേപകരുടെ താൽപ്പര്യത്തിനാണ് മുൻഗണനയെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 3200 ഓളം പരാതികൾ ലഭിച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചത്. പോപ്പുലാർ ഫിനാൻസിന്റെ ഹെഡ് ഓഫീസ് പൂട്ടി സീൽ ചെയ്തു. ഏകദേശം 500 ഓളം രേഖകളും പിടിച്ചെടുത്തു. പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഇത്രയധികം പരാതികൾ വന്നിട്ടും ഒറ്റകേസായി ഇത് രജിസ്റ്റർ ചെയ്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിക്ഷേപകരുടെ താൽപ്പര്യമാണ് മുഖ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ സിബിഐ അന്വേഷണം അല്ലാതെ മറ്റൊന്നും ഫലപ്രദമാകില്ലെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലായി ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്. ഇവിടങ്ങളിലെല്ലാം തട്ടിപ്പുനടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസി വന്നാൽ മാത്രമേ ഫലപ്രദമായ അന്വേഷണം നടത്താനാകൂ എന്നും നിക്ഷേപകർ വാദിച്ചു.
ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കേസ് സിബിഐ.ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ പൊലീസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് സിബിഐ.ക്ക് വിടുന്നത്. കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.
സ്വകാര്യ ചിട്ടി സംരംഭം വിവിധ സംസ്ഥാനങ്ങളിൽ ശാഖകളുള്ള പോപ്പുലർ ഫിനാൻസായി വളർന്നതിനു പിന്നിലെ മൂലധനം ഇണ്ടിക്കാട്ടിൽ ടി.കെ.ദാനിയേൽ എന്ന അദ്ധ്യാപകനിൽ ജനങ്ങളർപ്പിച്ച വിശ്വാസമായിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകന് ചിട്ടി നടത്താൻ നിയമം അനുവദിക്കാത്തതിനാൽ സഹോദരന്റെയും മകന്റെയും പേരിലാണ് സംരംഭം തുടങ്ങിയത്. ഈടു നൽകിയത് സഹോദരന്റെ വസ്തുവകകളും. കോന്നിക്കു സമീപം വകയാർ എന്ന ഗ്രാമത്തിൽ ധനകാര്യ സാമ്രാജ്യം പതുക്കെ തലയുയർത്തി വന്നു. കൃത്യമായി ഇടപാടുകാർക്ക് പണം ലഭിച്ചതോടെ ദാനിയേലിന്റെ വിശ്വാസ്യത പോപ്പുലറായി. ധനകാര്യ സ്ഥാപനമായി ചിട്ടി വളർന്നതോടെ അദ്ധ്യാപന ജീവിതത്തിൽ നിന്ന് അദ്ദേഹം സ്വയം വിരമിച്ചു. പിന്നീട് സ്വർണപ്പണയ ധനസ്ഥാപനമായി 'പോപ്പുലർ ഫിനാൻസ്' നിലവിൽ വന്നു. ദാനിയേലിനു ശേഷം മകൻ റോയി എന്ന തോമസ് ദാനിയേൽ കമ്പനിയുടെ ചുമതലയേറ്റു.
കേരളത്തിലും പുറത്തുമായി 250 ശാഖകളായി സ്ഥാപനം വളർന്നു. പോപ്പുലർ ഫിനാൻസ് എന്ന മുഖത്തിനു കീഴിൽ 21 കമ്പനികൾ പുതുതായി രംഗത്തു വന്നു. ടി.കെ.ദാനിയേലിന്റെ കാലത്ത് കൃത്യമായി നടന്നിരുന്ന സ്ഥാപനം റോയിയുടെ കൈകളിലെത്തുമ്പോഴേക്കും ലിമിറ്റഡ് ലയബലിറ്റി പാർട്നർഷിപ്പായിരുന്നു. പിന്നീട് റോയിയിൽ നിന്ന് മൂത്ത മകൾ ഡോ. റിനു മറിയം തോമസ് ചുമതല ഏറ്റെടുത്തു. ഇതോടെ സ്ഥാപനം തകർച്ചയിലേക്ക് പോയി. ഇതിനൊപ്പം പണമെല്ലാം വകമാറ്റി ഓസ്ട്രേലിയയിൽ എത്തിച്ചു. ഇതാണ് സ്ഥാപനം പൊളിയാൻ കാരണമെന്നാണ് വിലയിരുത്തൽ. പല കമ്പനികൾ ഉണ്ടാക്കിയും തട്ടിപ്പ് നടത്തും. മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ തട്ടിപ്പെന്ന കാര്യത്തിൽ പൊലീസിനു സംശയമില്ല.
ഏതെല്ലാം രാജ്യത്ത് നിക്ഷേപമുണ്ട്, സ്വത്തുവകകൾ എങ്ങനെയാണ് കടത്തിയത്, ആരെല്ലാമാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. സ്ഥാപനം നഷ്ടത്തിലേക്കു പോകുന്നതിനെക്കുറിച്ച് ഉടമകൾക്ക് 5 വർഷം മുൻപേ വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും കൂടുതൽ ശാഖകൾ തുടങ്ങി നിക്ഷേപം സ്വീകരിച്ചത് പണം തട്ടാൻ മാത്രമായിരുന്നെന്നാണ് നിഗമനം.
മറുനാടന് ഡെസ്ക്