- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലറിന്റെ തകർച്ച തുടങ്ങിയത് പെൺഭരണം അതിരുവിട്ടപ്പോൾ; കമ്പനിയെ ഔന്നത്യത്തിലെത്തിച്ച മാനേജർ ജോർജ് ചെറിയാൻ പടിയിറങ്ങിയത് പെൺഭരണത്തോട് യോജിക്കാൻ കഴിയാതെ; ഇനി പിടിയിലാകാനുള്ളത് ഡോ. റിയ ആൻ തോമസ്; ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൗസ് സർജനായ റിയ ഡയറക്ടർ ബോർഡ് സ്ഥാനം ഒഴിഞ്ഞത് മൂന്നു മാസം മുൻപ്: പിടിയിലാകാത്ത റിയയുടെ ചിത്രവുമായി മാധ്യമങ്ങളുടെ റിപ്പോർട്ടിങ്
പത്തനംതിട്ട: കോന്നി വകയാറിലെ പോപ്പുലർ ചിട്ടിഫണ്ട് പോപ്പുലർ ഫിനാൻസ് ആക്കുകയും രാജ്യമെമ്പാടും ശാഖകൾ തുടങ്ങുകയും കോടികളുടെ ആസ്തി നേടാൻ പ്രാപ്തമാക്കുകയും ചെയ്തത് ഫെഡറൽ ബാങ്കിൽ നിന്ന് വിആർഎസ് എടുത്ത ഒരു മാനേജരായി. ജോർജ് ചെറിയാൻ എന്ന ആ മനുഷ്യന് കീഴിലാണ് പോപ്പുലർ ഉന്നതിയിലേക്ക് പോയത്.
ബാങ്കിങ് എന്തെന്ന് അറിയാവുന്ന ജോർജ് ചെറിയാൻ പോപ്പുലറിന് വേണ്ടി നിരന്തരം കഷ്ടപ്പെട്ടു. യാതൊരു ഹിഡൺ അജണ്ടയുമില്ലാതെ സത്യസന്ധത മാത്രം കൈമുതലാക്കി നേരായ വഴിയിലൂടെയാണ് അദ്ദേഹം പോപ്പുലറിനെ മധ്യതിരുവിതാംകൂറിലെ പ്രമുഖമായ ധനകാര്യ സ്ഥാപനമാക്കി മാറ്റിയത്. മുത്തുറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ് തുടങ്ങി ഇന്ത്യയിലെ തന്നെ വമ്പൻ ധനകാര്യ സ്ഥാപനങ്ങളെ വരെ വെല്ലുവിളിച്ചു കൊണ്ട് പോപ്പുലർ വളർന്നത് ജോർജ് ചെറിയാൻ എന്ന മാനേജരുടെ കീഴിലായിരുന്നു. എല്ലാം ജോർജിനെ ഏൽപ്പിച്ച് വെറും മുതലാളിയായി മാത്രം ജീവിച്ചയാളാണ് തോമസ് ഡാനിയൽ.
പെൺബുദ്ധി പിൻ ബുദ്ധി എന്നു പറയുന്നതു പോലെ തോമസിന്റെ ഭാര്യ പ്രഭ കമ്പനി കാര്യങ്ങളിൽ കൈകടത്താൻ തുടങ്ങിയതോടെ ജോർജ് ചെറിയാന് മടുപ്പു തുടങ്ങി. സ്ഥാപനത്തിന്റെ ആസ്ഥിയിൽ നിന്ന് പണമെടുത്ത് മറ്റു പല ബിസിനസുകളിലേക്കും തിരിയുകയാണ് പ്രഭയും മൂന്നു പെൺമക്കളും ചേർന്ന് ചെയ്തത്. ആദ്യമൊക്കെ ഇതേക്കുറിച്ച് ജോർജ് ചെറിയാൻ തോമസ് ഡാനിയലിനോട് പരാതി പറയുമായിരുന്നു. പിന്നീട് പെൺഭരണം മുറുകിയതോടെ ഒരു സുപ്രഭാതത്തിൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ജോർജ് ചെറിയാൻ പിന്നീട് പോയത് മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്കായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ അതും വളർന്ന് പന്തലിച്ചു. അവിടെ നിന്നും പിന്നീട് പിന്മാറിയ ജോർജ് ചെറിയാൻ ഇപ്പോൾ സ്വന്തം ധനകാര്യസ്ഥാപനം തുടങ്ങി.
പോപ്പുലറിനോട് ഗുഡ്ബൈ പറഞ്ഞ് ജോർജ് ചെറിയാൻ പോയതോടെ കമ്പനിയുടെ ശനിദശയും തുടങ്ങി. മിടുക്കരായ മാനേജർമാരൊക്കെ കമ്പനി വിട്ടു. ഒറ്റയടിക്ക് എട്ടുു മാനേജർമാർ സ്ഥാപനം വിട്ടു. പിന്നെ പൂർണമായും പെൺഭരണമായിരുന്നു. വകമാറ്റിയ പണമൊക്കെ നഷ്ടമായതോടെ ബാധ്യത തുടങ്ങി. സ്ഥിരനിക്ഷേപം സ്വീകരിക്കുന്നിന് ആർബിഐ നിയന്ത്രണം കൂടിയായതോടെ തകർച്ച പൂർണമായി. പിന്നീട് ചതിയിലൂടെയും വിശ്വാസ വഞ്ചനയിലൂടെയും നാട്ടുകാരുടെ പണമൊക്കെ കൈക്കലാക്കുകയായിരുന്നു.
തോമസ് ഡാനിയൽ, ഭാര്യ പ്രഭ, മക്കളായ റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരാണ് പിടിയിലായത്. ഡൽഹിയിൽ പിടിയിലായത് മുതൽ മറുനാടൻ ഒഴികെയുള്ള മാധ്യമങ്ങൾ തെറ്റായ വാർത്തയാണ് നൽകി വന്നിരുന്നത്. റിയയും റിനുവും പിടിയിലായി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ആദ്യ തവണ മാത്രമാണ് മറുനാടൻ ഇങ്ങനെ കൊടുത്തത്. പിന്നീട് റിയ അല്ല റേബയാണ് പിടിയിലായത് എന്ന് കൃത്യമായി വാർത്ത നൽകിയിരുന്നു. ഡോ. റിയ ആൻ തോമസ് ആലപ്പുഴ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറാണ്. മൂന്നു മാസം മുൻപ് കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനമൊഴിഞ്ഞിരുന്നു. തട്ടിച്ചെടുത്ത പണവുമായി റിയ, റേബ എന്നിവരെ വിദേശത്തേക്ക് കടത്തിയ ശേഷം പാപ്പർ ഹർജി ഫയൽ ചെയ്ത് രക്ഷപ്പെടാനായിരുന്നു തോമസിന്റെയും പ്രഭയുടെയും നീക്കം. പ്രതിപ്പട്ടികയിൽ വരാതിരിക്കാൻ വേണ്ടിയാണ് റിയയെയ മൂന്നു മാസം മുൻപ് ഡയറക്ടർ ബോർഡിൽ നിന്ന് നീക്കിയത്.
പിടിയിലായ പ്രതികളെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധിയായതിനാൽ തിരുവല്ല മജിസ്ട്രേറ്റിന് മുൻപാകെ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. തോമസ് ഡാനിയലിനെ കൊട്ടാരക്കര സബ്ജയിലിലേക്കും ഭാര്യയെയും പെൺമക്കളെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ അയയ്ക്കുക. കോവിഡ് പരിശോധനയ്ക്കായി തോമസിനെ കൊല്ലം നായേഴ്സ് ആശുപത്രിയിലേക്കും ഭാര്യയെയും മക്കളെയും ഈസ്റ്റ് ഫോർട്ടിലുള്ള ജി.എൽ.എസ് കോവിഡ് കെയർ സെന്ററിലേക്കും മാറ്റി. പരിശോധനാ ഫലം വന്നതിന് ശേഷമാകും ഇവരെ ജയിലിലേക്ക് അയയ്ക്കുക.അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്