- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരസഭയ്ക്കു ഗുണനിലവാരം ഉറപ്പാക്കി എംഎൽഎ സ്പോൺസർ ചെയ്തത് 400 രൂപ നിരക്കിലെ പിപിഇ കിറ്റ്; 29-ാം തീയതി 55000 കിറ്റ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വാങ്ങിയത് 1550 രൂപ നിരക്കിൽ; അടുത്ത ദിവസം മറ്റൊരു കമ്പനിയിൽ നിന്ന് വാങ്ങിയത് വെറും 425 രൂപയ്ക്കും; കോവിഡു കാലത്തെ പർച്ചേസിൽ മന്ത്രി ശൈലജ പറഞ്ഞത് പച്ചക്കള്ളമോ? മുനീർ പുറത്തു വിട്ട രേഖകളിൽ നിറയുന്നത് അഴിമതിയുടെ മണം; ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി പിപിഇ കിറ്റ് കൊള്ള
തിരുവനന്തപുരം:കോവിഡിന്റെ മറവിൽ പിപിഇ കിറ്റ് ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങിയതിൽ മെഡിക്കൽ സർവീസസ് കോർപറേഷനെ മറയാക്കി സർക്കാർ നടത്തിയത് തീവെട്ടിക്കൊള്ള തന്നെയെന്ന് സൂചനകൾ. എംകെ മുനീർ ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തു വിട്ടു. ഇതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി ചർച്ചയാക്കുന്നത്.
കോഴിക്കോട് നഗരസഭയ്ക്കു ഗുണനിലവാരം ഉറപ്പാക്കി 400 രൂപ നിരക്കിലാണു താൻ പിപിഇ കിറ്റ് സ്പോൺസർ ചെയ്തത്. നിലവാരം ഉറപ്പാക്കാൻ 1500 രൂപയുടെ കിറ്റ് വാങ്ങിയെന്ന് അവകാശപ്പെടുന്ന മന്ത്രി, തലേന്ന് 400 രൂപയ്ക്കു കിറ്റ് വാങ്ങിയതിനെക്കുറിച്ചു വിശദീകരിക്കണമെന്ന് എംകെ മുനീർ പറയുന്നു. ഇൻഫ്രാറെഡ് തെർമോമീറ്റർ പൊതുവിപണിയിൽ 2500 രൂപയാണു വില. അതാണ് 5000 രൂപയ്ക്കു വാങ്ങിയതെന്നും മുനീർ പറഞ്ഞു. ഇതോടെ വിവാദം ആളികത്തുകയാണ്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യാനാണ് മുനീറിന്റെ തീരുമാനം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ ക്രമക്കേടു നടന്നുവെന്ന ആരോപണത്തിനു പിന്നാലെ രേഖകളും മുനീർ പുറത്തു വിട്ടു. അടുത്തടുത്ത ദിവസങ്ങളിൽ 2 വിലകളിൽ പിപിഇ കിറ്റിനു കരാർ ഉറപ്പിച്ചു. ഒരു കമ്പനിയിൽ നിന്ന് 1550 രൂപയ്ക്കും മറ്റൊന്നിൽനിന്നു 425 രൂപയ്ക്കുമാണു കിറ്റ് വാങ്ങിയത്. ഉയർന്ന നിരക്കിൽ കിറ്റ് വാങ്ങിയ കമ്പനിക്കു മുൻകൂറായി മുഴുവൻ തുകയും അനുവദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ നിർദേശപ്രകാരമാണു പിപിഇ കിറ്റും എൻ 95 മാസ്കും വാങ്ങിയത്. കോവിഡ് വാർ റൂമിന്റെ ചുമതലയുള്ള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഇ.കെ. ഇളങ്കോവന്റെ സാന്നിധ്യത്തിൽ മാർച്ച് 28 ന് ഇതിന്റെ നടപടികൾ ആരംഭിച്ചു.
29 നു തന്നെ 1550 രൂപ നിരക്കിൽ 50,000 കിറ്റും 160 രൂപ നിരക്കിൽ ഒരു ലക്ഷം എൻ95 മാസ്കും വാങ്ങാൻ ധാരണയായി. അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പിറ്റേന്നു തന്നെ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽനിന്നു ഫയൽ വന്നു. ഗുണമേന്മാ പരിശോധന നടത്താതെ കിറ്റ് വാങ്ങുന്നതിനെ സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥർ എതിർത്തു. തുടർന്ന് ഈ കമ്പനിയിൽ നിന്നു 10,000 കിറ്റ് വാങ്ങാൻ ധാരണയായി. 30 ന് കരാർ ഒപ്പിട്ടപ്പോൾ കിറ്റിന്റെ എണ്ണം 5000 കൂടി വർധിപ്പിച്ചു. 25,000 മാസ്കിനും കരാറായി. നിരക്കുകളിൽ മാറ്റമില്ല. 29 ന് മറ്റൊരു കമ്പനിയുമായി കുറഞ്ഞ തുകയ്ക്കു കരാറിൽ ഏർപ്പെട്ടതിന്റെ രേഖകളും മുനീർ പുറത്തു വിട്ടു. ഈ കമ്പനിയിൽ നിന്നു 425 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിന്റെ കരാറും കോർപറേഷൻ തന്നെ നൽകുകയായിരുന്നു.
തൃശൂരിലെ ഒരു കമ്പനിയിൽ നിന്ന് 5390 രൂപ നിരക്കിലാണു തെർമോമീറ്റർ വാങ്ങിയത്. യഥാർഥ വില 7500 രൂപയാണെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സർക്കാരിനു കുറഞ്ഞ നിരക്കിൽ നൽകുന്നുവെന്നും ഫയലിൽ കാണുന്നു. തെർമോമീറ്ററിന് 2500 രൂപയിൽ താഴെയാണു വിലയെന്നാണു പ്രതിപക്ഷം പറയുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഉയർന്ന വിലയ്ക്കു കൂടുതൽ പിപിഇ കിറ്റുകൾ വാങ്ങേണ്ടി വന്നെങ്കിലും എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നു മന്ത്രി കെ.കെ.ശൈലജ പറയുന്നു. ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അവിശ്വാസ പ്രമേയ ചർച്ചയിൽ ഉയർത്തിയ ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ നിരത്തുകയാണ് എം കെ മുനീർ. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റുകൾ ലഭ്യമായിട്ടും 1500 രൂപയ്ക്ക് കിറ്റുകൾ വാങ്ങിയത് ഗുണനിലവാരം നോക്കിയാണെന്നാണ് കഴിഞ്ഞ ദിവസം സഭയിൽ ആരോഗ്യമന്ത്രി വിശദീകരിച്ചത്. അങ്ങിനെയങ്കിൽ തൊട്ടുതലേദിവസം 400 രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ കിറ്റുകൾ വാങ്ങിയത് എന്തിനെന്ന കാര്യം മന്ത്രി വിശദീകരിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു. പരമാവധി 2500രൂപയ്ക്ക് ലഭ്യമാകുന്ന തെർമൽ സ്കാനർ 5000 രൂപയ്ക്ക് വാങ്ങിയ സർക്കാർ നടപടിയിലും പ്രതിപക്ഷ ഉപനേതാവ് ക്രമക്കേട് ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ