കണ്ണുർ: ഫ്‌ളാറ്റിന്റെ കൈവരി തകർന്ന് വയോധികയായ വീട്ടമ്മ ദാരുണമായി മരിച്ചത് കണ്ണൂർ നഗരത്തിന് ഞെട്ടലായി. താണ കണ്ണോത്തും ചാലിലെ ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ചവിട്ടുപടിയുടെ കൈവരി തകർന്നാണ് കല്യാശേരി സ്വദേശിനി ഏറമ്പാല പ്രഭാവതി (78) ദാരുണമായി മരണമടഞ്ഞത്.

ഫുഡ് കോർപറേഷൻ ഇന്ത്യ ജനറൽ മാനേജർ പി.ഒ മോഹനൻ നമ്പ്യാരുടെ ഭാര്യയാണ്. കല്യാശേരി സ്വദേശിനിയായ ഇവർ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ബന്ധുകൂടിയാണ്. അയയിൽ വിരിച്ചിട്ട തുണിയെടുത്തതിനു ശേഷം ചവിട്ടുപടിയിയുടെ മുകളിൽ വെച്ചിരുന്ന ചെടിക്ക് വെള്ളം നനയ്ക്കാൻ ഒരുങ്ങിയപ്പോൾ ഇവർ കൈവരിയടക്കം തകർന്ന് വീണതാകാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു.

ഫ്‌ളാറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സമീപത്തെ ഫ്‌ളാറ്റു നിവാസികൾ നടത്തിയ അന്വേഷണത്തിലാണ് പ്രഭാവതി മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലിസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും. മദ്രാസ് ഹൈവേയസ്സിൽ ചീഫ് എൻജിനിയറായിരുന്ന പി.ജി നമ്പ്യാരുടെയും ഏറമ്പാല നാരായണി കുട്ടിയമ്മയുടെയും മകളാണ്. ഡോ: രവീന്ദ്ര മോഹൻ (ചെന്നൈ) ചന്ദ്രമോഹൻ (ഹൈദരബാദ്) എന്നിവർ മക്കളാണ്.

തനിച്ച് താമസിക്കുന്നതിന്റെ യാതൊരു പരാതിയോ പരിഭവമോ കാണിക്കാതെ യോഗയും ചിത്രതുന്നലും ചെടി വളർത്തലുമൊക്കെയായി ഫ്‌ളാറ്റിൽ ജീവിച്ചിരുന്ന പ്രഭാവതി കളി ചിരികളുമായി മറ്റുള്ളവർക്കും സന്തോഷം പകർന്നതായി അയൽവാസികൾ പറഞ്ഞു. ഭർത്താവ് മോഹനൻ നമ്പ്യാർ ഒരു വർഷം മുൻപ് മരിച്ചതിനെ തുടർന്ന് ഇവർ ഒറ്റയ്ക്കായിരുന്നു താമസം. മക്കൾ ഏറെ വിളിച്ചിട്ടും കൂടെപ്പോയില്ല.

ചിത്രതുന്നലും യോഗയുമായിരുന്നു അവർക്ക് ഇഷ്ട വിഷയം. ഫ്‌ളാറ്റിലെ മുറി മുഴുവൻ അവർ തുന്നിയയെടുത്ത ചിത്രങ്ങൾ കാണാം. തന്നെ കാണാൻ വരുന്നവർക്ക് അതു സമ്മാനിക്കുകയും ചെയ്തിരുന്നു. കഠിനമായ യോഗ പരിശീലനം നടത്തിയിരുന്ന പ്രഭാവതി പുലർച്ചെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റിരുന്നു. ചിട്ടയായ ജീവിതമാണ് അവർ നയിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു.

വെള്ളിയാഴ്‌ച്ച രാത്രി പത്തു മണി വരെ സംസാരിച്ചിരുന്നതായി തൊട്ടടുത്ത ഫ്‌ളാറ്റിൽ താമസിക്കുന്ന ഫ്‌ളാറ്റുകാരി പറഞ്ഞു. നിരന്തരം പോസറ്റീവായി സംസാരിച്ച് മറ്റുള്ളവരിൽ കൂടി ഉന്മേഷമുണ്ടാക്കാനുള്ള കഴിവ് പ്രഭാവതിക്കുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. അത്യാവശ്യം പുറത്ത് പോകണമെങ്കിൽ സ്വന്തം വാഹനത്തിൽ ഡ്രൈവറെ വിളിച്ച് പുറത്തു പോയിരുന്നതായി അയൽവാസികൾ പറഞ്ഞു.

തുരുമ്പെടുത്ത ഫ്‌ളാറ്റിന്റെ നാലാം നിലയിലെ കൈവരിയാണ് അപകടമുണ്ടാക്കിയത്. കണ്ണൂർ നഗരത്തിൽ കൂണുകൾ പോലെ ഉയരുന്ന പല ഫ്‌ളാറ്റുകളിലും സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് താമസിക്കുന്നവർക്ക് പരാതിയുണ്ട്. 60 ലക്ഷം വരെ ചെലവഴിച്ചാണ് പലരും ഇത്തരം ഫ്‌ളാറ്റുകൾ വാങ്ങുന്നത്.