കോഴിക്കോട്: സമൂഹ മാധ്യമത്തിൽ പൊലീസിനെ അപമാനിക്കുകയും പൊലീസിനെതിരെ കലാപത്തിനാഹ്വാനം ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളൂളി പയമ്പ്ര ഗോവിന്ദപുരിയിൽ പ്രകാശന്റെ മകൻ പ്രജിലേഷി(34)നെയാണ് ചെവ്വായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമത്തിൽ പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കൾ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ യാതൊരു വഴിയും ഇല്ല. എന്നാണ് പ്രജിലേഷ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഈ കുറിപ്പ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും സംസ്ഥാന പൊലീസ് മേധാവി കേസെടുക്കാനും നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തയ്യൽ മൈഷീൻ റിപ്പയറിങ് ജോലിക്കാരനാണ് ഇയാൾ. കൂടാതെ ഈ കുറിപ്പിന് ലൈക്ക് ചെയ്ത 7 പേർക്കെതിരെയും കേസെടുക്കാനും നിർദ്ദേശമുണ്ട്. ലൈക്ക് ചെയ്തവരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെയാണ് പ്രജിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം അറസ്റ്റ് ചെയ്യാനായി പയമ്പ്രയിലെ വീട്ടിലെത്തിയെങ്കിലും പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസിനോടുള്ള ദേഷ്യത്തിലാണ് അത്തരത്തിൽ ഒരു പോസ്റ്റിട്ടത് എന്നും തന്റെ അറിവുകേടായി കണക്കാക്കി ക്ഷമിക്കണമെന്നും പൊലീസിനോട് ഇയാൾ കരഞ്ഞു പറഞ്ഞു. പൊലീസിനോട് പലതവണ ഇയാൾ മാപ്പ് പറയുകയും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ല എന്നും ആണയിട്ടു പറഞ്ഞു. എന്നാൽ പൊലീസിനെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ഇയാൾക്കെതിരെ കെ.പി ആക്ട്120(ഓ) 117(ഇ), ഐ.പി.സി 153, 189, 506(1) എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഒരു പോസ്റ്റിന് താഴെ കമന്റായിട്ടാണ് ഇയാൾ പൊലീസിനെതിരെ കലാപാഹ്വാനം നടത്തിയത്. സൈബർ പട്രോളിങ്ങിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് കമന്റ് ശ്രദ്ധയിൽപെട്ടത്. സൈബർ വിങ് വിവരം പൊലീസ് മേധാവിയെ ധരിപ്പിക്കുകയും പൊലീസ് മേധാവി കേസെടുത്ത് അന്വേഷണം നടത്താനും നിർദ്ദേശിക്കുകയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ ചെവ്വായൂർ പൊലീസിന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. തുടർന്നാണ് ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ചോദ്യം ചെയ്യൽ നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ചെവ്വായൂർ സിഐ സി.വിജയകുമാരൻ, എസ്‌ഐമാരായ രഘു, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പൊലീസിനെതിരെ ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടതിന് ശേഷം അവ നീക്കം ചെയ്താലും വീണ്ടെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും നിലവിലുണ്ട്. അതിനാൽ ഇത്തരം പ്രവർത്തികൾക്ക് മുതിരാതിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.