- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാലത്തിന്റെ കൈവരിയിൽ പാതിമുറിഞ്ഞ കയറും പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ ആത്മഹത്യാ കുറിപ്പും; മണിക്കൂറുകൾക്ക് ശേഷം പ്രമാടത്തെ വ്യാപാരിയുടെ ഫോൺ സ്വിച്ച് ഓണായി; ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ പൊലീസും ബന്ധുക്കളും; അയാൾ ആറ്റിൽ ചാടിയോ അതോ കരയിലുണ്ടോ?
പത്തനംതിട്ട: പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ച് പ്രമാടം സ്വദേശിയായ വ്യാപാരിയുടെ തിരോധാനം. ഇയാൾ ആത്മഹത്യ ചെയ്തുവെന്ന സൂചനകൾ നൽകിയാണ് കാണാതായിരിക്കുന്നത്.
എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ കിലോമീറ്ററുകൾക്കപ്പുറം ഓണായതായി സൈബർ സെൽ കണ്ടെത്തി. ഇയാൾ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ കുഴങ്ങുകയാണ് പൊലീസും ബന്ധുക്കളും. പ്രമാടം പാറക്കടവ് പാലത്തിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
പാലത്തിന്റെ കൈവരിയിൽ തൂങ്ങിക്കിടക്കുന്ന പൊട്ടിയ പ്ലാസ്റ്റിക് ചരടും സമീപം പ്ലാസ്റ്റിക് കവറിൽ മടക്കി പൊതിഞ്ഞ് ഭദ്രമാക്കി വച്ച ആത്മഹത്യാ കുറിപ്പുമാണ് സംശയത്തിന് ഇട നൽകിയത്. പാലത്തിന് തൊട്ടടുത്ത് തന്നെ കട നടത്തുകയും താമസിക്കുകയും ചെയ്യുന്ന കൊടുവശേരിൽ വിജയൻ (60) ആണ് കഥാനായകൻ. രണ്ടു മൂന്നു ദിവസമായി ഇയാൾ ഭാര്യയോടും മക്കളോടും ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്.
ഇന്നലെ രാവിലെ തൊട്ടടുത്ത വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിട്ട ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്യാൻ പോയത്. പാലത്തിന്റെ കൈവരിയിൽ മുറിഞ്ഞു കിടന്ന പ്ലാസ്റ്റിക് ചരടിന് സമീപം പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞ് പറന്നു പോകാതിരിക്കാൻ കല്ലും എടുത്തു വച്ചാണ് ആത്മഹത്യാ കുറിപ്പ് സൂക്ഷിച്ചിരുന്നത്. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് ഇയാൾ കൂട്ടുകാരനെ വിളിച്ച് അറിയിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് സ്ഥലത്ത് വന്ന പൊലീസും ഫയർഫോഴ്സും കയർ പരിശോധിച്ചു. ഒരാൾക്ക് തൂങ്ങി മരിക്കാൻ പറ്റിയ കയർ ആയിരുന്നില്ല അത്. പൊട്ടിയ ഭാഗം പരിശോധിച്ചപ്പോൾ മൂർച്ചയേറിയ കല്ലു കൊണ്ട് മുറിച്ചതാണെന്നും വ്യക്തമായി. ഇതോടെ ഇയാൾ ആത്മഹത്യാ നാടകം കളിക്കുകയാണെന്ന സംശയം വന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് രണ്ടാമതൊരു ഫോൺ കൂടിയുണ്ടെന്ന് വ്യക്തമായി.
അതിൽ നിന്ന് രാവിലെ ഒരു കപ്പ കച്ചവടക്കാരനെ വിളിച്ചിരുന്നു. അയാളിൽ നിന്ന് നമ്പർ എടുത്ത് പൊലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചു വരികയായിരുന്നു. വൈകിട്ട് 3.10 ആയപ്പോൾ വടശേരിക്കര പേഴുമ്പാറയ്ക്ക് സമീപം ഫോൺ ഓൺ ആയത് ശ്രദ്ധയിൽപ്പെട്ടു. ഇവിടെയാണ് ഇയാളുടെ സഹോദരിയുടെ വീട്.
വിജയൻ ഇവിടെയുണ്ടാകുമെന്ന് കരുതി പൊലീസ് അവിടെ അന്വേഷിച്ച് ചെന്നെങ്കിലും വിവരമൊന്നും കിട്ടിയില്ല. വിജയൻ ചാടിയെന്ന് കരുതുന്ന ഭാഗത്ത് ആറ്റിൽ ശക്തമായ ചുഴിയും കയവുമാണ്. ഇതു കാരണം ഫയർഫോഴ്സ് ഇറങ്ങി പരിശോധിച്ചിട്ടില്ല.
ഇയാൾ ആത്മഹത്യ ചെയ്തോ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ പറഞ്ഞു. രണ്ടാമത്തെ മൊബൈൽഫോൺ ഓൺ ആയ സ്ഥിതിക്ക് ആ വഴി അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്