- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം തുടങ്ങിയതിന് തൊട്ടു പിന്നാലെ ടാർനോപിൻ വിട്ടു; ട്രെയിനിലും കാറിലും മാറി മാറി യാത്ര; അതിർത്തി കടന്ന് ഹംഗറിയിൽ എത്തിയത് രക്ഷയായി; ബുഡാപെസ്റ്റിൽ നിന്നും നാട്ടിലെത്തി തിരുവല്ലയിലെ മെഡിക്കൽ വിദ്യാർത്ഥി പ്രണാദ്
തിരുവല്ല: യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുക്രൈനിൽ നിന്നും സാഹസികമായ രക്ഷപ്പെടൽ നടത്തി ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് പെരിങ്ങര പ്രസന്ന ഭവനത്തിൽ പി. പ്രണാദ് കുമാർ. ഇന്ന് പുലർച്ചെയോടെയാണ് പ്രണാദ് വീടണഞ്ഞത്. 23 ന് യുദ്ധം തുടങ്ങി. സ്ഥിതിഗതികൾ വഷളാകുമെന്ന മനസിലാക്കി 25 നാണ് പലായനം തുടങ്ങിയത്.
ടർനോപിൻ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രണാദ്. 25 നാണ് പ്രണാദും സഹപാഠികളായ 10 പേരും നാട്ടിലേക്ക് പുറപ്പെട്ടത്. ടർനോപിനിൽ നിന്നു രണ്ടു മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് ലിവിയിലെത്തി. ഇവിടെ നിന്ന് വീണ്ടും മറ്റൊരു ട്രെയിനിൽ ഏഴു മണിക്കൂർ യാത്ര ചെയ്ത് ഉഹോർദിൽ. പിറ്റേ ദിവസം ടാക്സിയിൽ ചോപ് എന്ന സ്ഥലത്തെത്തി. ഇവിടെ 20 മണിക്കൂറോളം കാത്തു നിന്നതിന് ശേഷമാണ് അതിർത്തി കടന്ന് ഹംഗറിയിലെത്തിയത്.
അവിടെ ഇന്ത്യൻ എംബസിയിലെ വോളന്റിയർമാർ വേണ്ട സഹായങ്ങളെല്ലാം ചെയ്തു നൽകിയതായി പ്രണാദ് പറഞ്ഞു. ഇവിടെ നിന്നു ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കായിരുന്നു അടുത്ത യാത്ര. ബുഡാപെസ്റ്റിൽ നിന്നും ഒന്നാം തീയതി പുറപ്പെട്ട വിമാനത്തിൽ ഡൽഹിയിലെത്തി.
ഡൽഹിയിൽ നിന്നും രാത്രി എട്ടരയോടെ കൊച്ചിയിലെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീട്ടിലെത്തി. യുക്രൈയിനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ മാസം 13 വരെ അടച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് പ്രണാദ് പറഞ്ഞു. മുമ്പോട്ടുള്ള വിദ്യാഭ്യാസം എന്താകുമെന്ന ആശങ്കയാണ് പ്രണാദിന് ഉള്ളത്. പ്രണാദിന്റെ മടങ്ങി വരവിൽ വളരെയധികം സന്തുഷ്ടരാണ് കുടുംബം. മകൻ വീട്ടിൽ തിരിച്ചെത്തുന്നതു വരെ അവരുടെ മനസിൽ തീയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്