- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാപ്പു പറഞ്ഞാൽ പ്രശാന്ത്, മഹാത്മാ ഗാന്ധിയുടെ ഗണത്തിൽ പെടും; ആരെയെങ്കിലും മുറിവേൽപിച്ചാൽ ലേപനം പുരട്ടണം; അത് കുറച്ചിലായി കരുതേണ്ടതില്ലെന്ന് ജസ്റ്റിസ് മിശ്ര; മാപ്പു പറയില്ലെന്ന് ഉറപ്പിച്ച പ്രശാന്ത് ഭൂഷണന്റെ നിലപാട് സുപ്രീംകോടതിയെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിൽ; വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോടു ചോദിച്ച കോടതി ഭൂഷണന്റെ അഭിഭാഷകനും കൂടുതൽ സമയം നൽകി; കേസ് വിധി പറയാൻ മാറ്റിവെച്ചതും ആശയക്കുഴപ്പങ്ങൾ മൂലം
ന്യൂഡൽഹി: പ്രശാന്ത് ഭൂഷണ് എതിരായി കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. മാപ്പു പറയാൻ തയ്യാറല്ലെന്ന് ആവർത്തിച്ചതോടെ സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്തിന് ശിക്ഷ ലഭിക്കും എന്ന് ഉറപ്പായി. എന്നാൽ, എന്തു ശിക്ഷ നൽകും എന്നതാണ് കോടതിയെ അലട്ടുന്ന കാര്യം. കോടതിയെ വിമർശിച്ചെന്ന കാര്യത്തിൽ വലിയ ശിക്ഷ നൽകിയാൽ അത് ലോക മാധ്യമങ്ങൾ മുഴുവൻ ഇടം പിടിക്കുകയും സുപ്രീംകോടതിക്കെതിരെ കൂടുതൽ വിമർശനങ്ങൾക്ക് ഇട നൽകുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ കേസിനെ അതീവ സൂക്ഷ്മമായാണ് കോടതി ഇന്നലെയും വാദം കേട്ടത്. എങ്ങനെയും പ്രശാന്ത് ഭൂഷണെ കൊണ്ട് മാപ്പു പറയിച്ചു പ്രശ്നം തീർക്കുക എന്നതായിരുന്നു കോടതിയുടെ ലക്ഷ്യം. എന്നാൽ, അതിന് ഭൂഷൺ വഴങ്ങിയില്ല.
രണ്ടു ട്വീറ്റുകളിലൂടെ ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമർശിച്ച് ക്രിമിനൽ കോടതിയലക്ഷ്യക്കുറ്റം ചെയ്തതിന് അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ വിധിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചതും ആശയക്കുഴപ്പം ശക്തമായതു കൊണ്ടാിരുന്നു. ശിക്ഷ വിധിക്കുന്നത് ഈ മാസം 20നും മാറ്റിയിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, മാപ്പു പറയാൻ പ്രശാന്തിനെ നിർബന്ധിച്ചു. മാപ്പുപറഞ്ഞാൽ പ്രശാന്ത്, മഹാത്മാ ഗാന്ധിയുടെ ഗണത്തിൽ പെടും. ഗാന്ധിജി മാപ്പു പറഞ്ഞിരുന്നു. ആരെയെങ്കിലും മുറിവേൽപിച്ചാൽ ലേപനം പുരട്ടണം. അത് കുറച്ചിലായി കരുതേണ്ടതില്ല ജസ്റ്റിസ് മിശ്ര പറഞ്ഞു. മാപ്പുപറയാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം പ്രശാന്ത് നൽകിയ മറുപടിയാണ് കോടതി പരിഗണിച്ചത്.
മാപ്പു പറയില്ലെന്ന നിലപാടു മാറ്റാൻ പ്രശാന്ത് തയാറായില്ല. നിരുപാധികം മാപ്പു പറയുന്നതു മാത്രം സ്വീകാര്യമെന്നതാണ് ഈ മാസം 20ന്റെ ഉത്തരവെന്നും അത് ബലപ്രയോഗമാണെന്നും പ്രശാന്തിനുവേണ്ടി രാജീവ് ധവാൻ വാദിച്ചു. ശിക്ഷിച്ച് പ്രശാന്തിനു രക്തസാക്ഷി പരിവേഷം നൽകരുതെന്ന് അറ്റോണി ജനറൽ (എജി) കെ.കെ. വേണുഗോപാൽ പറഞ്ഞു. ദയയല്ല, നയതന്ത്രജ്ഞതയാണു കോടതിയിൽനിന്നുണ്ടാവേണ്ടത്. കേസ് അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് എജി പറഞ്ഞു.
വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടു ചോദിച്ച കോടതി, പ്രശാന്തിനും അദ്ദേഹത്തിന്റെ അഭിഭാഷകനും വീണ്ടും ആലോചിക്കാനെന്നവണ്ണം വാദം അരമണിക്കൂർ നിർത്തിവെക്കുകയുമുണ്ടായി. കോടതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചാണ് പ്രശാന്ത് പറഞ്ഞതെന്നും അദ്ദേഹത്തോടു ക്ഷമിക്കുകയോ മുന്നറിയിപ്പു നൽകുകയോ ചെയ്യാമെന്നും എജി വ്യക്തമാക്കി. അനുകമ്പയോടെയുള്ള സമീപനം കോടതിയുടെ അന്തസ്സുയർത്തുമെന്നും ഒരവസരംകൂടി പ്രശാന്തിനു നൽകാവുന്നതാണെന്നും എജി പറ?ഞ്ഞു. എന്നാൽ, തനിക്കു തെറ്റുപറ്റിയില്ലെന്നാണു പ്രശാന്ത് കരുതുന്നതെങ്കിൽ എന്തു ചെയ്യുമെന്നു കോടതി ചോദിച്ചു. മറുപടിയിലെ പരാമർശങ്ങളെ ന്യായവാദമായി പരിഗണിക്കുന്നതെങ്ങനെയെന്നു കോടതി ചോദിച്ചപ്പോൾ, ഖേദത്തോടെ അതു പിൻവലിച്ചാൽ കേസ് അവസാനിപ്പിക്കാവുന്നതാണെന്ന് എജി മറുപടി നൽകി. ഇതിനു പിന്നാലെയാണ് നടപടി അരമണിക്കൂർ നിർത്തിവച്ചത്.
കുറ്റക്കാരനെന്നുള്ള വിധിന്യായം അർധസത്യങ്ങളും വൈരുധ്യങ്ങളുമുള്ളതാണെന്നും നിരുപാധികം മാപ്പു പറയണമെന്ന ഉത്തരവ് ബലപ്രയോഗമാണെന്നും അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. നിയമത്തിൽ നിന്നു രക്ഷപ്പെടാൻ മാപ്പു പറയുന്നതിൽ കാര്യമില്ല. മാപ്പപേക്ഷ ആത്മാർഥമായിരിക്കണം. കഴിഞ്ഞ 6 വർഷം കോടതിയിൽ നടന്ന പലതും എല്ലാവരെയും അലോസരപ്പെടുത്തിയിട്ടുണ്ട്. അഭിമാനകരമായ വിധികളുണ്ടായിട്ടുണ്ട്, അല്ലാത്തവയുമുണ്ട്.
ഉത്തരവാദിത്തത്തോടെയുള്ള വിമർശനം ആവശ്യമാണെന്നു പറഞ്ഞ ധവാൻ, യുകെയിലെ ജഡ്ജിമാരെ 'വിഡ്ഢികൾ' എന്നു വിശേഷിപ്പിച്ച ഡെയ്ലി മിറർ പത്രത്തിന്റെ പതിപ്പ് എടുത്തുകാട്ടി. കോടതിയലക്ഷ്യക്കേസിലെ വിധിതന്നെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ധവാൻ, പ്രശാന്ത് പ്രസ്താവന പിൻവലിക്കില്ലെന്നും വ്യക്തമാക്കി. ശിക്ഷിച്ച് പ്രശാന്തിന് രക്തസാക്ഷി പരിവേഷം നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാരനെന്നു വിധിച്ചാലും ശിക്ഷിക്കണമെന്നു നിർബന്ധമില്ലെന്ന് വാദത്തിൽ ഇടപെട്ട സി.യു. സിങ് പറഞ്ഞു.
പ്രശാന്തിന്റെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും 30 വർഷത്തെ അനുഭവസമ്പത്തുള്ള അഭിഭാഷകൻ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ആരൊക്കെ പ്രശാന്തിനെ അനുകൂലിക്കുന്നു എന്നു നോക്കിയല്ല ശിക്ഷ തീരുമാനിക്കുക. ന്യായമായ വിമർശനം അംഗീകരിക്കാം. എന്നാൽ, വിമർശനത്തിനു മാധ്യമങ്ങളിലൂടെ മറുപടി നൽകാൻ ജഡ്ജിമാർക്കാവില്ലെന്നതു പരിഗണിക്കണം. അപ്പോൾ, സംരക്ഷണം നൽകേണ്ടത് അഭിഭാഷകരാണ് ജസ്റ്റിസ് മിശ്ര പറഞ്ഞു. അതേസമയം 16 മുൻ ചീഫ് ജസ്റ്റിസുമാരിൽ പകുതിപ്പേരെങ്കിലും അഴിമതിക്കാരാണെന്നു തെഹൽക്ക മാസികയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന്റെ പേരിൽ പ്രശാന്ത് ഭൂഷണും തെഹൽക്ക പത്രാധിപരായിരുന്ന തരുൺ തേജ്പാലിനുമെതിരെയുള്ള കേസ് മറ്റൊരു ബെഞ്ച് അടുത്ത മാസം 10നു പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസ് അവസാനിപ്പിക്കും മുൻപ് ചില ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണെന്ന് ജസ്റ്റിസ് മിശ്ര ഈ മാസം 17നു പറഞ്ഞിരുന്നു. എന്നാൽ, അടുത്ത മാസം 2ന് ജസ്റ്റിസ് മിശ്ര കാലാവധി പൂർത്തിയാക്കുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിനു വിടാൻ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശത്തിനായി നൽകുകയാണെന്ന് ഇന്നലെ കോടതി വ്യക്തമാക്കി. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് പ്രശാന്തിനുവേണ്ടി ഹാജരായ രാജീവ് ധവാൻ വാദിച്ചു. അറ്റോണി ജനറലിന്റെ നിലപാടും കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ