- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്സ്മാനും തമ്മിലുള്ള പോര്
ന്യൂഡൽഹി: പഞ്ചാബിലെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയാണ് പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തു ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കോൺഗ്രസിന്റെ പഞ്ചാബിലെ മുതിർന്ന നേതാക്കളായ അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന്റെ ഇടപെടൽ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അമരീന്ദർ സിങ്ങുമായി പ്രശാന്ത് കിഷോർ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചചെയ്യുന്നതിനുമാണ് രാഹുലുമായുള്ള കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ഡൽഹിയിലെ വസതിയായ കപൂർത്തല ഹൗസിൽ പ്രശാന്ത് കിഷോർ സന്ദർശിച്ചിരുന്നു. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവ്ജ്യോത് സിങ് സിദ്ധുവും തമ്മിൽ അത്ര രസത്തിലല്ല. ഇവർക്കിടയിലുള്ള പ്രശ്നം കോൺഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്. പഞ്ചാബിൽ മുഖ്യമന്ത്രി അമരിന്ദർ സിങ്ങും പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം ഈ മാസം 10ന് അപ്പുറം പോകില്ലെന്ന പാർട്ടി പ്രഖ്യാപനം പാഴ്‌വാക്കായ വേളയിലാണ് പരിഹാരത്തിനായി പ്രശാന്ത് കിഷോറും രംഗത്തുവന്നത്.
പഞ്ചാബിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് ഹൈക്കമാൻഡിന്റെ പക്കൽ ഇനിയും വ്യക്തമായ ഉത്തരമില്ല. സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാൻ ഹൈക്കമാൻഡിനു താൽപര്യമുണ്ടെങ്കിലും അമരീന്ദർ അനുകൂലിക്കുന്നില്ല. വേണമെങ്കിൽ സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ അമരീന്ദറിനു കീഴിൽ പ്രവർത്തിക്കാനില്ലെന്നു സിദ്ദു ഉറച്ച നിലപാടെടുത്തതോടെ ഹെക്കമാൻഡിന്റെ അനുനയ നീക്കങ്ങൾ വഴിമുട്ടുകയായിരുന്നു.
2017ലും അമരീന്ദറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു. അന്നത്തെ വിജയം 2022 ലും ആവർത്തിക്കാനുള്ള ശ്രമമാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത്. ഏതാനും ദിവസം മുൻപ് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി പ്രശാന്ത് കിഷോർ നടത്തിയ കൂടിക്കാഴ്ചയും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അടച്ചിട്ട മുറിയിൽ ഏകദേശം രണ്ടര മണിക്കൂറോളം ചർച്ച നീണ്ടിരുന്നു. ഇതിന് മുമ്പും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷം എന്നതാണ് ശരത് പവാറിന്റെ ലക്ഷ്യം. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കിയാണ് പവാർ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്.
മറുനാടന് മലയാളി ബ്യൂറോ