- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും വലിയ ശിക്ഷ നൽകിക്കോളൂ..സന്തോഷത്തോടെ ജനാധിപത്യത്തിനായി ഏറ്റുവാങ്ങാം; മാപ്പു പറയാൻ കൂട്ടാക്കാത്ത പ്രശാന്ത് ഭൂഷൺ ജയിൽ ചോദിച്ചതോടെ വെട്ടിലായത് സുപ്രീംകോടതി; അറ്റോണി ജനറൽ പോലും കൈവിട്ടതോടെ ശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട നീക്കം; ട്വീറ്റ് തിരുത്താനോ പിൻവലിക്കാനോ കൂട്ടാക്കാതെ ഭൂഷണും: കോടതി അലക്ഷ്യ കേസുമായി ചാടിയിറങ്ങിയ പരമോന്നത നീതി പീഠം പുലിവാല് പിഠിച്ചത് ഇങ്ങനെ
ന്യൂഡൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ സ്വമേധയാ കേസ് എടുത്ത സുപ്രീംകോടതി ഒടുവിൽ സ്വയം പുലിവാല് പിടിച്ചു. ട്വീറ്റ് തിരുത്താനോ പിൻവലിക്കാനോ കൂട്ടാക്കാെത്ത പ്രശാന്ത് ഭൂഷൺ ജനാധിപത്യം നിലനിൽക്കുന്നതിനായി കോടതി ഏറ്റവും വലിയ ശിക്ഷ നൽകിയാലും ഏറ്റുവാങ്ങാം എന്ന് കോടതിയിൽ പറഞ്ഞതോടെയാണ് പരമോന്നത നീതിപീഠം വെട്ടിലായത്. അറ്റോണി ജനറലും പ്രശാന്ത് ഭൂഷണിന്റെ ഭാഗത്ത് നിലകൊണ്ടതോടെ കേസിൽഡ നാടകീയ ചുവടുമാറ്റം നടത്തിയിരിക്കുകയാണ് കോടതി. ഇക്കഴിഞ്ഞ 14നാണ് ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമർശിച്ചുള്ള അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ ക്രിമിനൽ കോടതിയലക്ഷ്യമെന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.
എന്നാൽ കോടതിയിലെത്തിയ പ്രശാന്ത് ഭൂഷൺ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയും ട്വീറ്റ് തിരുന്നാതോ മാപ്പു പറയാനോ തയ്യാറല്ലെന്നും കോടതിയെ അറിയിക്കുക ആയിരുന്നു. ശിക്ഷിക്കരുതെങ്കിൽ, ഇന്നലെ പ്രശാന്ത് നടത്തിയ പ്രസ്താവന തിരുത്തണമെന്നു കോടതി നിബന്ധന വച്ചു. ശിക്ഷയിൽ ഉദാരസമീപനം വേണമെങ്കിൽ കുറ്റക്കാരൻ മാപ്പു പറയണം. പ്രസ്താവന ന്യായീകരണമാണോ പ്രകോപനമാണോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. പ്രസ്താവന തിരുത്തില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയെങ്കിലും ആലോചിക്കാൻ സമയം നൽകുകയാണു കോടതി ചെയ്തത്. അറ്റോർണി ജനറൽ(എജി) കെ.െക.വേണുഗോപാലിനോട് ആലോചിച്ച ശേഷമാണ് പ്രസ്താവന പുനഃപരിശോധിക്കാൻ സമയം നൽകാൻ കോടതി തീരുമാനിച്ചത്.
ട്വീറ്റുകൾ കോടതിയലക്ഷ്യമെന്നു വിലയിരുത്തി കോടതി സ്വമേധയാ എടുത്ത കേസിൽ എജിക്കും കോടതി നോട്ടിസ് നൽകിയിരുന്നു. പക്ഷേ, കേസ് വാദത്തിനെടുത്തപ്പോൾ നിലപാടു പറയാൻ അവസരം നൽകിയില്ല. പ്രശാന്തിനുവേണ്ടി ഹാജരായ രാജീവ് ധവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇന്നലെ എജിക്ക് അവസരം നൽകിയത്. പ്രശാന്തിനെ ശിക്ഷിക്കരുതെന്ന് എജി വാദിച്ചു. സുപ്രീം കോടതിയിൽ ജനാധിപത്യം പരാജയപ്പെട്ടെന്നു പറഞ്ഞ 5 ജഡ്ജിമാരുടെ പട്ടികയും ഉന്നത ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചു മുൻ ജഡ്ജിമാർ നടത്തിയ പരാമർശങ്ങളും തന്റെ പക്കലുണ്ടെന്ന് എജി പറഞ്ഞു. കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി എജിക്കു മറുപടി നൽകി.
തന്റെ ട്വീറ്റ് തിരുത്തില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷൺ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതിക്കുള്ള അധികാരത്തെക്കുറിച്ചു തന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ മുഖേന കോടതിയെ ഓർമ്മിപ്പിച്ചു. പുനഃപരിശോധനാ ഹർജി നൽകുമെന്ന് 17നു ധവാൻ പറഞ്ഞതാണെന്നും ഇപ്പോൾ വേണമെങ്കിലും ആകാമെന്നും കോടതി പറഞ്ഞു. 24 മണിക്കൂറിനകം പുനഃപരിശോധനാ ഹർജി നൽകണമെന്നുണ്ടെങ്കിൽ സുപ്രീം കോടതിയുടെ ചട്ടങ്ങൾ മാറ്റണമെന്നു ദവെ തിരിച്ചടിച്ചു.
കുറ്റത്തിന്റെയും കുറ്റക്കാരന്റെയും പ്രകൃതം പരിഗണിക്കേണ്ടതുണ്ടെന്നു ധവാൻ വാദിച്ചു. ജുഡീഷ്യറിയുടെ പ്രവർത്തനരീതിയെക്കുറിച്ച് അടുത്തകാലത്തായി ഏറെ ചർച്ചയുണ്ട്. ജസ്റ്റിസ് മിശ്ര കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോൾ മമത ബാനർജി ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ നടപടിയെടുക്കാതിരുന്നതും ധവാൻ ഓർമിപ്പിച്ചു. മുൻ ജഡ്ജിമാരായ ആർ.എം.ലോധയും കുര്യൻ ജോസഫും എ.പി.ഷായും മദൻ ബി. ലൊക്കൂറും പ്രശാന്തിനെ പിന്തുണച്ചിട്ടുണ്ടെന്നും അവർക്കെതിരെയും നടപടിയുണ്ടാകുമോയെന്നും ധവാൻ ചോദിച്ചു.
മഹാത്മഗാന്ധിയെ ഉദ്ധരിച്ച് കോടതിയോട് ശിക്ഷ ചോദിച്ച് പ്രശാന്ത് ഭൂഷൺ
കേസിൽ മഹാത്മഗാന്ധിയെ ഉദ്ധരിച്ച പ്രശാന്ത് ഭൂഷൺ തനിക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മഹാത്മാഗാന്ധി 1922 മാർച്ച് 18ന് അഹമ്മദാബാദ് ജില്ലാസെഷൻസ് കോടതിയിൽ നടത്തിയ പ്രസ്താവനയിലെ വാക്യങ്ങൾ അനുസ്മരിച്ചാണു മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നിലപാടു വ്യക്തമാക്കിയത്.
യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരിൽ ഗാന്ധിജിക്കും പ്രസാധകൻ ശങ്കർലാൽ ബാങ്കർക്കുമെതിരെ രാജ്യദ്രോഹക്കുറ്റമാണു ചുമത്തപ്പെട്ടത്. ഇരുവരും കുറ്റമേറ്റു.ശിക്ഷയെക്കുറിച്ച് എന്തു പറയാനുണ്ടെന്ന ജഡ്ജി റോബർട്ട് എസ്. ബ്രൂംഫീൽഡിന്റെ ചോദ്യത്തിനു മറുപടിയായി നടത്തിയ പ്രസ്താവന ഗാന്ധിജി ഇങ്ങനെയാണ് അവസാനിപ്പിച്ചത്: 'നിയമത്തിന്റെ മുന്നിൽ ബോധപൂർവമായ കുറ്റവും എന്റെ ദൃഷ്ടിയിൽ ഒരു പൗരന്റെ പരമമായ കടമയുമാണു ഞാൻ ചെയ്തിരിക്കുന്നത്. ജഡ്ജീ, താങ്കളുടെ മുന്നിലുള്ള വഴിയിതാണ്: ഒന്നുകിൽ, താങ്കൾ രാജിവയ്ക്കുക അതു താങ്കൾക്കു സാധിക്കില്ലെന്ന് എനിക്കറിയാം; താങ്കൾ നടപ്പാക്കാൻ നിയുക്തമായ നിയമം തിന്മയാണെന്നും വാസ്തവത്തിൽ ഞാൻ നിരപരാധിയെന്നും താങ്കൾ കരുതുന്നുവെങ്കിൽ തിന്മയോടു താങ്കൾ വിയോജിക്കുക. അല്ല, താങ്കൾ നടപ്പാക്കുന്ന നിയമം ഈ രാജ്യത്തെ ജനത്തിനു നല്ലതും എന്റെ നടപടി ജനദ്രോഹകരവുമാണെന്നു കരുതുന്നുവെങ്കിൽ എനിക്കു പരമാവധി ശിക്ഷ നൽകുക.'
പ്രശാന്ത് ഇന്നലെ കോടതിയിൽ പറഞ്ഞത്: 'ഞാൻ കുറ്റക്കാരനെന്ന വിധി എന്നെ വേദനിപ്പിക്കുന്നു. ഞാൻ തീർത്തും തെറ്റിദ്ധരിക്കപ്പെട്ടു എന്നതിലാണ് വേദന. തെളിവു നൽകാൻ അവസരം നൽകാതെയാണ് കോടതി തീരുമാനത്തിലെത്തിയതെന്നതു ഞെട്ടലുണ്ടാക്കുന്നു. ഏതു ജനാധിപത്യത്തിലും ഭരണഘടനാവ്യവസ്ഥ സംരക്ഷിക്കപ്പെടണമെങ്കിൽ തുറന്ന വിമർശനം ആവശ്യമെന്നു ഞാൻ വിശ്വസിക്കുന്നു. ഭരണഘടനാ വ്യവസ്ഥയുടെ സംരക്ഷണമെന്നത് വ്യക്തിപരവും തൊഴിൽപരവുമായ താൽപര്യങ്ങൾക്കൊപ്പമായിരിക്കണം.
എന്റെ പരമമായ കടയെന്നു ഞാൻ കരുതുന്ന കാര്യം ചെയ്യാനുള്ള ചെറിയ ശ്രമമായിരുന്നു എന്റെ ട്വീറ്റുകൾ. എനിക്ക് ഉത്തമ ബോധ്യമായ കാര്യങ്ങൾ വ്യക്തമാക്കിയ ട്വീറ്റുകൾക്കു മാപ്പു പറയുന്നതു കപടവും നിന്ദ്യവുമാകും. അതിനാൽ, തന്റെ വിചാരണവേളയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് എളിമയോടെ പരാവർത്തനം ചെയ്യാൻ മാത്രമാണ് എനിക്കു സാധിക്കുക: ഞാൻ കരുണ ചോദിക്കുന്നില്ല. നിയമപരമായി എനിക്കു നൽകാവുന്ന എന്തു ശിക്ഷയും സന്തോഷപൂർവം സ്വീകരിക്കാൻ ഞാൻ തയാറാണ്.'
മറുനാടന് മലയാളി ബ്യൂറോ