- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് എതിരെ കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ നടത്തിയ പരാമർശം വിവാദമായി. എൻ.എസ്.എസിന്റെ പിന്തുണകൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മൽസരിക്കാൻ സീറ്റ് ലഭിച്ചതെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാന്റെ പ്രസംഗം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒതുക്കാൻ ശ്രമിച്ച കെ.സി.വേണുഗോപാൽ പാർട്ടിയിൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ തുറന്നടിച്ചു.
ഇതോടെ പരാതിയുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. ജില്ലയുടെ ചുമതലയിൽനിന്ന് ജനറൽസെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസി നേതൃത്വത്തിന് പരാതി നൽകി. ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹരിപ്പാട് സീറ്റ് ഒഴിഞ്ഞു കൊടുത്തയാളാണ്. എന്നിട്ടിപ്പോൾ കരഞ്ഞു നടക്കുകയാണ് എന്ന് പ്രതാപവർമ്മ കൂടി പ്രസംഗിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന ബാബുപ്രസാദ് ഇടപെട്ടു.
തൊട്ടുപിന്നാലെ എ.എ.ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, എം.ലിജു തുടങ്ങി ജില്ലയിലെ മറ്റുനേതാക്കളും പ്രസംഗം ശരിയായില്ലെന്നു തുറന്നടിച്ചു. ഹരിപ്പാട് നിന്നുള്ള കോൺഗ്രസ് നേതാക്കൾ തമ്പാൻ മാപ്പ് പറയണം എന്നാവശ്യപ്പെട്ടത്തോടെ യോഗത്തിൽ ബഹളമായി. 1982-ൽ ഹരിപ്പാട് മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്ത നേതാവിന് എൻ.എസ്.എസിന്റെ ആവശ്യപ്രകാരം സീറ്റ് ലഭിക്കേണ്ട കാര്യമില്ലെന്നു ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. യോഗത്തിന് ശേഷം ചെന്നിത്തല പക്ഷം കെപിസിസിക്ക് പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. കെപിസിസിക്കും എഐസിസിക്കും ഡിസിസി പരാതി അയച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ