തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പട്ടികജാതി ക്ഷേമഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ തട്ടിയെടുക്കുന്നുവെന്ന ബിജെപി ആരോപണം വെട്ടിലാക്കുന്നത് ഡിവൈഎഫ്‌ഐയെ. ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ പ്രതിസ്ഥാനത്തുള്ളത് വിവാദ നായകനായ യുവജന നേതാവാണ്. തിരുവനന്തപുരത്തെ സിപിഎം പ്രമുഖരുടെ മാനസ പുത്രൻ എന്ന് അറിയപ്പെടുന്ന പ്രതിൻ സാജ് കൃഷ്ണ.

തിരുവനന്തപുരത്തെ ഒരു എസ്.സി പ്രമോട്ടറെ സ്വാധീനിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം ഫണ്ട് തട്ടിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ആരോപണമായി ഉന്നയിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗത്തിന്റെ അമ്മയുടേയും അച്ഛന്റെയും അക്കൗണ്ടിലേക്ക് ട്രഷറി വഴി പണം എത്തിയെന്ന് എസ്.സി പ്രമോട്ടർ പരാതി നൽകിയിട്ടും സർക്കാർ അവഗണിച്ചു. 2016 മുതൽ പണം വരുന്നുണ്ടെങ്കിലും ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നതാണ് ആരോപണം. എന്നാൽ പരാതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിക്കൂട്ടിൽ ഉള്ളയാൾ ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗമല്ലെന്നും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും പ്രതികരിച്ചു. ഇതോടെ ആരോപണത്തിൽ വസ്തുതയുണ്ടെന്നാണ് പുറത്തു വരുന്നത്.

അതിനിടെയാണ് ആരോപണത്തിന്റെ മുൾമുനയിൽ ബിജെപി നിർത്തുന്നത് പ്രതിൻ സാജ് കൃഷ്ണയെയാണെന്ന വിവരം പുറത്തു വരുന്നത്. ഡിവൈഎഫ് ഐ സംസ്ഥാന കമ്മറ്റി അംഗമല്ല പ്രതിൻ എന്നത് വസ്തുതയാണോ എന്നതും സംശയമാണ്. ഡിവൈഎഫ് ഐ സംസ്ഥാന കമ്മറ്റി അംഗമെന്ന നിലയിൽ പാർട്ടിക്കാർ തന്നെ പ്രതിനെ മുമ്പ് അഭിനന്ദിച്ചിട്ടുണ്ട്. താൻ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണെന്നും ഫെയ്‌സ് ബുക്കിൽ ഇയാൾ വിശദീകരിക്കുന്നുണ്ട്. എസ് എഫ് ഐയുടെ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇടക്കാലത്ത് എസ് എഫ് ഐയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ബിജെപി ഓഫീസ് ആക്രമണത്തിന്റെ പേരിലായിരുന്നു ഈ പുറത്താക്കൽ. തലസ്ഥനത്തെ പ്രധാന യുവനേതാവായ ഐപി ബിനുവിന്റെ അടുപ്പക്കാരനായിരുന്നു പ്രതിൻ സാജ് കൃഷ്ണ. ബിജെപി ഓഫീസ് ആക്രമണത്തിന്റെ പേരിൽ ജയിലിലും കിടന്നിട്ടുണ്ട്. ലോകോളേജിലെ സമരത്തിന് നേതൃത്വം നൽകിയതും പ്രതിനായിരുന്നു.

ബിജെപി ഓഫിസിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിനും രണ്ടുകേസുകൾ പ്രജിനും ഐപി ബിനുവിനും എതിരെ എടുത്തിരുന്നു. ആർഎസ്എസ് സൃഷ്ടിച്ച പ്രകോപനത്തിൽ ചിലർപെട്ടുപോയി. പാർട്ടി ഓഫിസുകൾക്കുനേരെ ആക്രമണം പാടില്ലെന്നതാണ് പാർട്ടി നിലപാട് എന്ന് പ്രഖ്യാപിച്ച് ഇവരെ പുറത്താക്കി. എന്നാൽ ജയിൽ മോചനത്തിന് ശേഷം പദവികൾ തിരിച്ചു കൊടുക്കുകയും ചെയ്തു. ഓഫീസ് ആക്രമണം അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനത്തെ അപായപ്പെടുത്താനായിരുന്നുവെന്നും ബിജെപി ആരോപിച്ചിരുന്നു. എസ് എഫ് ഐയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ആരോപണ വിധേയനായ പ്രതിൻ. സിപിഎമ്മിന്റെ പേരൂർക്കട ഏര്യാ കമ്മറ്റി അംഗവും. മണികണ്‌ഠേശ്വരത്തെ സിപിഎം-ബിജെപി സംഘർഷത്തിലും പ്രതിയാണ്.

തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥി നിലപാടിനെതിരെ നയം സ്വീകരിച്ച സമര നേതാവ് കൂടിയായിരുന്നു പ്രതിൻ എന്ന ആരോപണവും സജീവമായിരുന്നു. അന്ന് മാനേജ്മെന്റ് താൽപ്പര്യങ്ങൾക്കനുസരിച്ച് നിന്ന പ്രതിനടക്കമുള്ള എസ്എഫ്ഐ നേതാക്കൾ ലോ അക്കാദമിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വഞ്ചിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന രീതിയിൽ പ്രതിന് ലോ അക്കാദമിയിൽ റീ അഡ്‌മിഷൻ നൽകി വിദ്യാർത്ഥി പ്രതിനിധിയായി സെനറ്റിലേക്ക് എത്തിച്ചതും വലിയ വിവാദമായി.

അതിനിടെ ആരോപണം നിഷേധിച്ച് പ്രജിൻ സാജ് കൃഷ്ണയും രംഗത്തു വന്നു. വിഷയത്തിൽ പഠിച്ച് പ്രതികരിക്കാമെന്നും പ്രജിൻ അറിയിച്ചു. പാവപ്പെട്ട പട്ടികജാതിക്കാർക്ക് കിട്ടേണ്ട പണം അക്കൗണ്ട് നമ്പർ മാറ്റി സിപിഎമ്മുകാർ തട്ടിയെടുക്കുകയാണെന്നാണ് ബിജെപി ആരോപണം. ഈ കേസിൽ പൊലീസ് എഫ്‌ഐആർ ഇട്ടെങ്കിലും അവരുടെ അനാസ്ഥ കാരണം പ്രതികൾക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരത്തേത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. കേരളത്തിലെ എല്ലാ നഗരസഭകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. എസ്.സി പ്രമോട്ടർമാർ വഴിയാണ് അഴിമതി നടക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് അഴിമതിയുടെ കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നെങ്കിലും അദ്ദേഹം കണ്ണടച്ചു. സിപിഎം സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പഠനത്തിനും മറ്റു കാര്യത്തിനുമായി പട്ടികജാതി വിഭാഗത്തിന് കിട്ടേണ്ട പണം സിപിഎം നേതാക്കൾ അടിച്ചു മാറ്റിയത് ഉന്നത നേതാക്കൾ അറിഞ്ഞിട്ടും അഴിമതി മറച്ചുവെച്ചു. ഈ കേസിൽ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഇടപെട്ട് എന്താണ് നടന്നതെന്ന് വിശദീകരിക്കണം. കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകൾ പ്രശ്‌നത്തിൽ ഇടപെടണം. ട്രെഷറി ഉദ്യോഗസ്ഥർക്കും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് പ്രജിനും രംഗത്തു വന്നത്.

എത്ര ഉന്നതനായാലും നടപടി ഉണ്ടാവുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടനെ ഈ കാര്യത്തിൽ നടപടി സ്വീകരിച്ചതായി പട്ടികജാതി-പട്ടിക വർഗ്ഗക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഈ വിഷയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക മാത്രമല്ല വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവർ ജയിലിലാണ്. നടപടികൾ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമല്ല എത്ര ഉന്നതരായാലും തട്ടിപ്പുനടത്തിയവരെ സർക്കാർ സംരക്ഷിക്കില്ല. ഈ കാര്യത്തിൽ ഗൗരവമായ നടപടികൾ ഉണ്ടാവും. ശ്രദ്ധയിൽപ്പെട്ട സമയത്ത് നടപടി അന്ന് സ്വീകരിച്ചതിനാലാണ് അന്വേഷണവും അറസ്റ്റും റിമാൻഡുൾപ്പടെ ഉണ്ടായത്.

സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടൊ എന്ന പരിശോധനയും നടക്കുന്നുണ്ട്. തട്ടിപ്പു നടത്തിയവർ ആരായാലും നടപടി ഉണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.ഞായറാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് ഇത് സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.