തിരുവനന്തപുരം: പട്ടികജാതി ഫണ്ട് വെട്ടിപ്പ് കേസിൽ വേറ്റിക്കോണം ബ്രാഞ്ച് കമ്മിറ്റി അംഗം രാഹുലിനെ ബലികൊടുത്ത് ഏര്യാ കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയെ സംരക്ഷിക്കാൻ സിപിഎം. എസ്.സി പ്രമോട്ടർ കൂടിയായ രാഹുലിനെ സസ്പെൻഡ് ചെയ്തെങ്കിലും ആരോപണവിധേയനായ പ്രതിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ സിപിഎം പേരൂർക്കട ഏര്യാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രതിൻ.

പ്രതിനെതിരെയുള്ള ആരോപണങ്ങൾ വാർത്തകളിൽ കണ്ട അറിവ് മാത്രമെ ഉള്ളുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെപി പ്രമോഷ് പറഞ്ഞു. നിലവിലെ അവസ്ഥയിൽ പ്രതിനെതിരെയുള്ള ആരോപണം ചർച്ച ചെയ്യേണ്ടതോ കമ്മിറ്റികളിൽ നിന്നും മാറ്റി നിർത്തേണ്ടതോ ആയ സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കെ. സുരേന്ദ്രന്റെ ആരോപണം കേട്ട് നടപടി എടുക്കാനാവില്ലെന്നാണ് സിപിഎം പേരൂർക്കട ഏര്യാ സെക്രട്ടറിയുടെ വിശദീകരണം. ഫണ്ട് വെട്ടിപ്പ് കേസിൽ എസ്.സി പ്രമോട്ടർ രാഹുലിനെതിരെയാണ് പൊലീസ് കേസെടുത്തത്. വേറ്റിക്കോണം ബ്രാഞ്ച് അംഗമായ രാഹുലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിലത്തെ സാഹചര്യത്തിൽ പ്രതിന്റെ വിഷയം പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പുതിയ സാഹചര്യം ഉണ്ടായാൽ പരിഗണിക്കാമെന്നും ഏര്യാ സെക്രട്ടറി അറിയിച്ചു.

തലസ്ഥാനത്തെ ഒരു പ്രമുഖ നേതാവാണ് പ്രതിനെ സംരക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രതിൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ബന്ധുവാണെന്ന് മണികണ്ഠേശ്വരം സംഘടനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് ശരിയല്ലെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ജില്ലാ സെക്രട്ടറിയുടെ എതിർവിഭാഗത്തിലെ പ്രമുഖനായ സംസ്ഥാന നേതാവിന്റെ പ്രിയശിഷ്യനാണ് പ്രതിൻ. അദ്ദേഹമാണ് ഇത്രയും വിവാദമായിട്ടും പ്രതിന്റെ പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത്. അതിവേഗത്തിലുള്ള പ്രതിന്റെ വളർച്ചയ്ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ പിന്തുണയാണെന്നാണ് സൂചനകൾ.

ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പ്രതിൻ സാജ് കൃഷ്ണ കോളേജിലെ നിരന്തരമായ സംഘർഷങ്ങളെ തുടർന്ന് തിരുവനന്തപുരം ബാട്ടൺഹിൽ എൻജിനിയറിങ് കോളേജിലേയ്ക്ക് ട്രാൻസ്ഫറായി എത്തുകയായിരുന്നു. ബാട്ടൻഹില്ലിൽ പാർട്ടി വളർത്താൻ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയാണ് പ്രതിൻ തലസ്ഥാനത്ത് നേതാവാകുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കേരള സർവകലാശാല സെനറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രതിൻ ചെറിയ പ്രായത്തിൽ തന്നെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായതും സിപിഎം ഏര്യാകമ്മിറ്റി അംഗമായതും അതിശയത്തോടെയാണ് സഹപ്രവർത്തകർ നോക്കിനിന്നത്. പ്രതിന് കാലങ്ങൾക്ക് മുമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആയിരുന്നവർ പോലും ഈ അടുത്തകാലത്ത് മാത്രം പാർട്ടിയുടെ ഏര്യാകമ്മിറ്റികളിലെത്തിയപ്പോൾ പ്രതിൻ എസ്എഫ്ഐ ഭാരവാഹിയായിരുന്നപ്പോൾ തന്നെ തലസ്ഥാനത്തെ പ്രധാന ഏര്യാകമ്മിറ്റികളിലൊന്നായ പേരൂർക്കട ഏര്യകമ്മിറ്റി അംഗമാകുകയായിരുന്നു.

ബട്ടൻഹിൽ കോളേജിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയുള്ള വധശ്രമം, ബിജെപി ഓഫീസ് ആക്രമണം, മണികണ്ഠേശ്വരത്ത് ആർഎസ്എസ് പ്രവർത്തകർക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയ്ക്ക് നേതൃത്വം നൽകിയ പ്രതിനെ പാർട്ടി വഴിവിട്ട് സംരക്ഷിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ മുറുമുറിപ്പുണ്ട്. മുമ്പ് ഇത്രപോലും പ്രാധാന്യമില്ലാത്ത കേസുകളിൽ പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട യുവ നേതാക്കളെ പാർട്ടിയുടെയും പോഷകസംഘടനകളുടെയും ചുമതലകളിൽ നിന്നും മാറ്റി നിർത്തിയ പാരമ്പര്യം തലസ്ഥാനത്തെ സിപിഎമ്മിനുണ്ട്. എന്നാൽ പ്രതിനെതിരെ നടപടിയെടുക്കാൻ പാർട്ടി മടിക്കുന്നത് പ്രതിന്റെ സ്വാധീനം മൂലമാണെന്നാണ് സൂചന.

കോർപ്പറേഷൻ കേന്ദ്രീകരിച്ച് നടന്ന എസ്.സി ഫണ്ട് തട്ടിപ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പത്രസമ്മേളനത്തോടെയാണ് പൊതുസമൂഹത്തിൽ ചർച്ചയായത്. ഗുണഭോക്താക്കളുടെ അപേക്ഷയിൽ തുക അനുവദിച്ചശേഷം തുക കൈമാറുന്ന അക്കൗണ്ട് നമ്പർ പാർട്ടിക്കാരുടേത് നൽകി ആ അക്കൗണ്ടിലേക്ക് തുക പാസാക്കി നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരസഭയിൽ മുൻ എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവുമായ പ്രതിൻസാജ് കൃഷ്ണയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയത്.

2016 മുതൽ നടത്തിയ തട്ടിപ്പിൽ ഗുണഭോക്താക്കളുടെ പേരിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് സൂചന. പ്രതിൻസാജ് കൃഷ്ണ പട്ടികജാതിക്കാർക്കുള്ള സ്വന്തം അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കു വരെ കൈമാറ്റം ചെയ്തിട്ടുണ്ട്. പ്രതിൻ സാജ് കൃഷ്ണ നടത്തിയ തട്ടിപ്പുകൾ വിശദീകരിച്ച് പാർട്ടി പ്രവർത്തകനായ എസ്സി പ്രൊമോട്ടർ പാർട്ടിക്ക് പരാതി നൽകിയിട്ടും പാർട്ടി പരാതി മുക്കി. ചില ഗുണഭോക്താക്കളുടെ പരാതിയെതുടർന്ന് നഗരസഭയിലെ എസ്സി ഡെവലപ്പ്മെന്റ് ഓഫീസർ നൽകിയ പരാതിയിൽ എസ്സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയർ ക്ലർക്ക് രാഹുൽ ആർ.യു. വിനെ ഒന്നാം പ്രതിയാക്കി പത്തുപേരുടെ പേരിൽ കേസെടുത്തുവെങ്കിലും തട്ടിപ്പിന് നേതൃത്വം നൽകിയ പ്രതിൻസാജ് കൃഷ്ണയടക്കമുള്ളവരെ ഒഴിവാക്കി.

മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത 240/2021 കേസിൽ വീരണകാവ് സ്വദേശി രാഹുലിനെ കൂടാതെ ബന്ധു രേഷ്മ ആർ.യു, ശശിധരൻ ആർ.ആർ., കൊല്ലം എസ് സി ഡെവലപ്പ്മെന്റ് ഓഫീസിലെ സീനിയർക്ലർക്ക് പൂർണിമ, എസ്സി പ്രൊമോട്ടർ വിശാഖ് സുധാകരൻ, ജോണി തോമസ്, ദിനു എസ്., സുമി പി.എസ്, ശ്രുതി എസ്.എസ്., റോഷ് ആന്റണി എന്നിവരെയാണ് എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയ പ്രതിൻസാജ് കൃഷ്ണയും മറ്റു പല എസ്സി പ്രൊമോട്ടർമാരും കേസിൽ പ്രതിയായിട്ടില്ല. സംഭവം പുറത്തായതോടെയാണ് പ്രതിൻസാജ് കൃഷ്ണ എസ്സി പ്രൊമോട്ടർ സ്ഥാനത്തേക്ക് പാർട്ടി വഴി നിയമനം നടത്തിയ വേറ്റി ക്കോണം സ്വദേശിയായ രാഹുൽ പാർട്ടി സെക്രട്ടറിക്ക് പരാതി അയച്ചത്. നഗരസഭയിൽ തന്നെ കരുവാക്കി നടത്തിയ വ്യാജതിരിമറികൾ വ്യക്തമാക്കിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾക്ക് പരാതി നൽകിയത്.

എംഫിൽ കഴിഞ്ഞ രാഹുലിനോട് പ്രതിൻ സാജ് കൃഷ്ണയാണ് അപേക്ഷ നൽകണമെന്നാവശ്യപ്പെടുന്നത്. ഈ അപേക്ഷ ജില്ലാ കമ്മറ്റി ശുപാർശയോടെ അധികൃതരുടെ മുന്നിലെത്തി. വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്ത് രാഹുലിന് എസ്സി പ്രൊമോട്ടറായി നിയമനവും ലഭിച്ചു. പിന്നീട് പലതവണയായി സംഘം ഗുണഭോക്താക്കളുടെ പേരിൽ ഫണ്ട് തിരിമറി നടത്തുകയായിരുന്നുവെന്ന് രാഹുൽ സമ്മതിക്കുന്നു. ഇതിനായി ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പരിൽ കൃത്രിമം നടത്തി രേഖകളുണ്ടാക്കിയിരുന്നത് യൂണിവേഴ്സിറ്റി ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.

നിരവധി പേരുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റി ലക്ഷങ്ങൾ പങ്കിട്ട് എടുത്തതിനിടെ പ്രതിൻസാജ് കൃഷ്ണ അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലേക്കും പണം മാറ്റി. പ്രതിൻസാജ് കൃഷ്ണയുടെ അച്ഛൻ പാർത്ഥസാരഥി കൃഷ്ണയുടെ പേരിലുള്ള നെട്ടയം എസ്‌ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും അമ്മ ഉഷകുമാരിയുടെ അക്കൗണ്ടിലേക്കും മൂന്നു തവണയായി ലക്ഷങ്ങൾ കൈമാറ്റം ചെയ്തു. ഇതടക്കം പാർട്ടി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടും നേതൃത്വം മൗനം പാലിച്ചതാണ് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കോടികൾ പാർട്ടി സഖാക്കൾ തട്ടിയെടുത്തുവെന്നതിലേക്ക് നയിക്കുന്ന സൂചന.

ഇതിനിടെ പരാതി നൽകിയ എസ്സി പ്രൊമോട്ടർ രാഹുൽ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇയാളുടെ ജാമ്യാപേക്ഷയെ എതിർക്കാതെ ജാമ്യം ലഭിക്കുന്നതിനുവേണ്ട നടപടികളാവും പ്രോസിക്യൂഷൻ സ്വീകരിക്കുക. കേരളത്തിലുടനീളം സിപിഎം നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ട്രഷറി വഴിയാണ് തുക മാറുന്നതിനാൽ ട്രഷറിയിലെ ചില ഇടതു ഉദ്യോഗസ്ഥരും തട്ടിപ്പിൽ പങ്കാളികളാണെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിലും സമാനരതിയിൽ തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.