തിരുവനന്തപുരം: എസ്.സി ഫണ്ട് തട്ടിപ്പ് കേസിൽ കുറ്റം ഏറ്റുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പ്രതി ആർ. രാഹുൽ അയച്ച് കത്ത് സിപിഎം മുക്കിയെന്ന ആരോപണം ശക്തമാകുന്നു. എസ്.സി പ്രമോട്ടറുടെ ഒഴിവുണ്ടെന്ന് തന്നോട് പറഞ്ഞതും പ്രമോട്ടറാക്കിയതും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണയാണെന്ന് രാഹുൽ കത്തിൽ പറയുന്നു. അതീവ ഗുരതരആരോപണങ്ങലാണ് ഈ കത്തിലുള്ളത് എന്നാണ് സൂചന. എന്നാൽ ഈ കത്ത് കിട്ടിയോ എന്ന് സ്ഥിരീകരിക്കാൻ പോലും സിപിഎം തയ്യാറാകുന്നില്ല.

അതിനിടെ ഈ കത്തിലെ വിവരങ്ങൾ മറുനാടന് കിട്ടി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രതിൻ സാജ് കൃഷ്ണയ്‌ക്കെതിരെ രാഹുൽ നടത്തുന്നത്. പ്രതിനുമായി 2009 മുതൽ ഗാഢമായ സൗഹൃദത്തിലാണ്. 2018 മെയ്/ജൂൺ മാസങ്ങളിൽ താനും പ്രതിൻ സാജും നഗരസഭയിലെ പട്ടികജാതി സെക്ഷനിലെ ക്ലർക്കും നഗരസഭയുടെ ഇന്ത്യൻ കോഫി ഹൗസിൽ ചായ കുടിക്കുന്നതിനിടയിലാണ് എസ്.സി വിവാഹധനസഹായത്തിന്റെ കാര്യം ക്ലർക്ക് പറയുന്നത്. വിവാഹധനസഹായപദ്ധതിയിൽ 10 അപേക്ഷകൾ ഇതുവരെ വന്നിട്ടില്ലെന്നും ചെറിയ പേപ്പർ വർക്കുകൾ കൂടി ഉണ്ടെങ്കിൽ പാസ് ബുക്കിന്റെ കോപ്പി കൂടി കരുതിയാൽ പണം കൈമാറാൻ കഴിയുമെന്നാണ് പറഞ്ഞത്-ഇങ്ങനെ പോകുന്നു ആരോപണങ്ങൾ.

രണ്ട് ആഴ്‌ച്ചകൾക്ക് ശേഷം ബാർട്ടൺ ഹിൽ കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന, പ്രതിന്റെ ഉറ്റ സുഹൃത്ത് ചേർത്തല സ്വദേശി വിഷ്ണു സോമൻ പാളയത്തെത്തുകയും ക്ലർക്കിനോട് ചെയ്യേണ്ട കാര്യങ്ങളെ പറ്റി വിശദമായി അന്വേഷിക്കുകയും ചെയ്തു. വിഷ്ണു ആണ് ഈ തട്ടിപ്പിനാവശ്യമായ വ്യാജരേഖകൾ നിർമ്മിച്ചതെന്നും പിഎംജി യൂണിവേഴ്സിറ്റി യൂത്ത് ഹോസ്റ്റലിലെ 20-ാം നമ്പർ മുറിയിലിരുന്നതാണ് പദ്ധതി നടപ്പിലാക്കിയതെന്നും രാഹുൽ കത്തിൽ വിശദമാക്കുന്നു. ഈ കത്തുയർത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിൻ സാജ് കൃഷ്ണയ്‌ക്കെതിരെ കേസെടുത്തില്ല. ഗരുതര ആരോപണങ്ങളാണ് സിപിഎം നേതൃത്വത്തിന് രാഹുൽ നൽകിയ കത്തിലുള്ളത്.

ബാങ്ക് അക്കൗണ്ടിന്റെ കോപ്പി വിഷ്ണു സോമൻ വ്യാജമായി കമ്പ്യൂട്ടർ മുഖേന നിർമ്മിക്കുകയായിരുന്നു. താൻ മുഖേന മൂന്ന് അക്കൗണ്ടുകളും പ്രതിൻ മുഖേന നാല് അക്കൗണ്ടുകളും ക്ലർക്ക് മുഖേന മൂന്ന് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി നൽകിയത്. അതിൽ പ്രതിന്റെ അച്ഛന്റെയും അമ്മയുടെയും ബാർട്ടൺഹിൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന മനു വിജയുടെയും അക്കൗണ്ടുകൾ ഉൾപ്പെട്ടിരുന്നു. ക്ലർക്ക് നൽകിയ മൂന്ന് അക്കൗണ്ടുകളിൽ വന്ന പണം ക്ലർക്ക് എടുത്തു. തന്റെ അക്കൗണ്ടിൽ വന്ന 2.25000 രൂപയിൽ 50000 രൂപ ക്ലർക്കിന് നൽകി. ആകെ 750000 രൂപയുടെ തിരിമറി നടന്നെന്നും രാഹുൽ പറയുന്നു.

ഇത് പിടിക്കപ്പെട്ടാൽ പ്രശ്നമാവില്ലെ എന്ന ചോദിച്ച രാഹുലിനോട് മന്ത്രി ഓഫീസുകളിലെ ജീവനക്കാരുമായും മുൻ എസ്.സി ഡയറക്ടറുമായും തനിക്ക് നല്ല ബന്ധമാണെന്നും അവർക്കൊപ്പം മദ്യപിക്കാറുണ്ടെന്നും എന്തുവന്നാലും സംരക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞാണ് ആശ്വസിപ്പിച്ചതെന്നും കത്തിൽ പറയുന്നു. 2018 നവംബറിൽ സമാനമായ രീതിയിൽ നഗരസഭയുടെ പഠനമുറി പദ്ധതിയിലും മൂന്ന് പേരുടെ പാസ് ബുക്കുകൾ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തന്റെ അച്ഛൻ, അമ്മ, ഭാര്യ എന്നിവരുടെ പാസ് ബുക്കുകൾ നൽകിയതായും രാഹുൽ കത്തിൽ കൂട്ടിച്ചേർക്കുന്നു. വിവിധ ഗഢുക്കളായ വന്ന ആറ് ലക്ഷം രൂപ താൻ കോർപ്പറേഷൻ ക്ലർക്കിന് കൈമാറി.

ആ വർഷം ഡിസംബറിൽ വീണ്ടും രണ്ട് അക്കൗണ്ടുകൾ കൂടി ക്ലർക്ക് വാങ്ങുകയും അതിലേയ്ക്ക് നാല് ലക്ഷം കൂടി വരുകയും ചെയ്തു. ആ പണവും താൻ ക്ലർക്കിന് കൈമാറിയതായി രാഹുൽ പറയുന്നു. 2019 ജനുവരിയിൽ രണ്ട് അക്കൗണ്ടുകൾ കൂടി വാങ്ങി. അതിൽ വന്ന പണവും താൻ എടുത്തുനൽകി. എന്നാൽ പഠനമുറിയുടെ ആപ്ലിക്കേഷൻ പരിശോധിച്ചപ്പോൾ അതിൽ 20 ൽ അധികം അപേക്ഷകൾ കാണാനില്ല. അക്കാര്യം ക്ലർക്കിനോട് ചോദിച്ചപ്പോൾ പ്രതിനോട് ചോദിക്കാൻ പറഞ്ഞു. അതിന്റെ പേരിൽ രാഹുലും പ്രതിനുമായി വഴക്കാകുകയും ചെയ്തെന്ന് കത്തിൽ പറയുന്നു.

ഇത്രയേറെ പണം പ്രതിന് കിട്ടിയിട്ടും അതിൽ നിന്നും ഒന്നും തനിക്ക് തരാത്തതിനെ ചോദ്യം ചെയ്ത രാഹുൽ 2017 ൽ രാഹുൽ കടം നൽകിയ രണ്ട് ലക്ഷം രൂപ തിരിച്ചു ചോദിക്കുകയും ചെയ്തു. അത് വഴക്കിലാണ് അവസാനിച്ചത്. അങ്ങനെയാണ് 2019 ജനുവരി 21 ന് താൻ എസ്.സി പ്രമോട്ടർ ജോലി മതിയാക്കിയത്. 2018 ൽ പ്രതിന്റെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരവിന്ദിന്റെ അക്കൗണ്ടിൽ വന്ന പണം താൻ പ്രതിൻ സാജിനെ ഏൽപ്പിച്ചിട്ടുണ്ട്.

താൻ പ്രതിനോട് പിണങ്ങി എസ്.സി പ്രമോട്ടർ സ്ഥാനം രാജിവച്ച ശേഷവും താൻ മുമ്പ് നൽകിയ അക്കൗണ്ടുകളിലേയ്ക്ക് 2,25000 രൂപ അയച്ചിരുന്നു. അത് തനിക്ക് തരാനുണ്ടായിരുന്ന പണത്തിന് പകരമായിട്ടാണ്. അതിന്റെ ഉറവിടവും നഗരസഭയിലെ തിരിമറി ആയിരുന്നു. അതിന് ശേഷവും വലുതും ചെറുതുമായ ഒരുപാട് പണം താൻ നൽകിയ അക്കൗണ്ടുകളിലേയ്ക്ക് വന്നിരുന്നെന്ന് രാഹുൽ പറയുന്നു. എല്ലാം പ്രതിന് കൈമാറി.

പ്രതിൻ സാജിന്റെ അച്ഛൻ പൂജപ്പുരയിലെ വികലാംഗ കോർപ്പറേഷനിൽ നിന്നും ഏഴ് ലക്ഷം രൂപ ലോൺ എടുക്കാൻ സമർപ്പിച്ച രേഖകളിൽ പലതും വ്യാജമായിരുന്നെന്നും അവ നിർമ്മിച്ചു നൽകിയത് വിഷ്ണു സോമനായിരുന്നെന്നും കത്തിൽ പറയുന്നു. പ്രധാനമായും അതിൽ കൊടുത്ത ബില്ലുകളും ഇൻഷുറൻസിന്റെ രേഖകളും കൃത്രിമമായി നിർമ്മിച്ചവയാണ്. പാർട്ടി അറിയാതെ താനും പ്രതിൻ സാജ് കൃഷ്ണയും ചേർന്ന് അഗസ്ത്യ മാർക്കറ്റിങ്സ് എന്ന സ്ഥാപനം ആരംഭിച്ചെങ്കിലും അവിടെയും പ്രതിൻ തന്നെ പറ്റിച്ചു. ആ ബിസിനസിനാവശ്യമായ രേഖകളും പ്രതിൻ വ്യാമായി നിർമ്മിച്ചതാണന്നും രാഹുൽ പറയുന്നു.

തന്റെ അറിവിൽ 10 ലക്ഷത്തിലധികം രൂപ പ്രതിൻ സാജ് കൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. താൻ അറിയാതെ തന്നെ ഇനിയും നിരവധി ലക്ഷങ്ങൾ പ്രതിന് ലഭിച്ചിട്ടുണ്ടാകാം. കേസ് പിടിക്കപ്പെട്ടപ്പോൾ കള്ളമൊഴി നൽകാൻ തന്നോട് പറഞ്ഞത് പ്രതിനാണ്. എന്നാൽ ഇപ്പോൾ കുറ്റം തന്റെ മേൽ മാത്രം സ്ഥാപിച്ച് രക്ഷപ്പെടാനാണ് പ്രതിൻ ശ്രമിക്കുനന്തെന്നും രാഹുൽ വിജയരാഘവന് അയച്ച കത്തിൽ പറയുന്നു. ജൂലൈ രണ്ടാം തീയതിയാണ് രാഹുൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത് എന്നാണ് പൂറത്തു വരുന്ന സൂചന.

പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. ജയൻ ബാബു, വികെ മധു, ഏര്യാ സെക്രട്ടറി എസ്എസ് രാജലാൽ എന്നിവർക്കും രാഹുൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് നേതാക്കൾ ആരും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയ്യാറാകുന്നുമില്ല.