തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. പ്രവാസികളെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന 1961-ലെ ആദായ നികുതി നിയമത്തിലെ 6-ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിർദ്ദേശം ഒഴിവാക്കുകയാണ് സർക്കാർ. നേരത്തെ ഇതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

വെളിപ്പെടുത്താത്ത വരുമാനത്തിനും അനധികൃതമായി പണം കടത്തുന്നതിനും ആദായനികുതി വെട്ടിക്കുന്നതിനും കർശനമായ നടപടി ആവശ്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ സാധാരണക്കാരും പരിമിതവരുമാനക്കാരുമായ പ്രവാസികളെ ഈ നിയമഭേദഗതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനാവശ്യമായ നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെടിരുന്നു. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

പ്രവാസികൾക്ക് ആദായനികുതി ചുമത്തുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി 2020-21 ലേക്കുള്ള കേന്ദ്രബഡ്ജറ്റിന്റെ ഭാഗമായി ലോക്‌സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യ ബില്ലിൽ 1961 - ലെ ആദായനികുതി നിയമത്തിന്റെ 6-ാം വകുപ്പിൽ 01.04.2021 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മാറ്റം നിർദ്ദേശിച്ചിരിക്കുന്നു. നിലവിൽ ഒരു ഇന്ത്യൻ പൗരനോ ഇന്ത്യൻ വംശജനോ ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്ന ഘട്ടത്തിലാണ് ആദായനികുതിയുടെ കാര്യത്തിൽ റസിഡന്റ് ആയി കണക്കാക്കപ്പെടുന്നത്. 2021 ഏപ്രിൽ 1 മുതൽ ഈ കാലാവധി 120 ദിവസമോ അതിൽ കൂടുതലോ ആയികുറയ്ക്കാനായിരുന്നു ഭേദഗതി നിർദ്ദേശം.

ടാക്‌സ് വെട്ടിപ്പ് തടയാനാണെന്ന നിലയിൽ കൊണ്ടുവന്ന ഈ നിർദ്ദേശം കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കാൻ പോകുന്ന വലിയൊരു വിഭാഗം പ്രവാസികൾക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നു തങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമായിരുന്നു. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങൾക്കാണ് അവർ ഇപ്രകാരം രാജ്യത്ത് വന്ന് തങ്ങുന്നതെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഇത് അംഗീകരിക്കപ്പെടുകയാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന ചെറുകിട ബിസിനസ് സംരംഭകരുടെ വരുമാനം ഗണ്യമായി കുറയ്ക്കുന്നതിന് ഇത് ഇടവരുത്തുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരട്ട നികുതി പിൻവലിക്കുന്നത്. കേരളം ഉയർത്തി പ്രതിഷേധത്തിന്റെ വിജയമാണ് ഇത്.

കഴിഞ്ഞ വർഷത്തെ ഭേദഗതി അനുസരിച്ച് രാജ്യത്തിന് പുറത്ത് നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യത്തിനും അവിടെ നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകണം എന്നാണ് ബജറ്റ് അവതരിപ്പിച്ചപ്പോൾ ധാരണ വന്നത്. ആഗോള നികുതി സംവിധാനത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാനാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. നികുതി നൽകാതെ തട്ടിപ്പ് നടത്തുന്ന ചിലരെ പിടിക്കാനാണിതെന്നും പറയുന്നു. ഇത് കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

' മറ്റൊരു ഭേദഗതി നിർദ്ദേശം ഇപ്പോൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യൻ പൗരനായ വ്യക്തി, മുൻവർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ്. നികുതി വെട്ടിപ്പ് തടയുകയും അത് കണ്ടെത്തി ആ പണം സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യണം എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അത്തരം നടപടികൾ ആദായ നികുതി അടയ്ക്കാൻ വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗൾഫ് മലയാളികളെ തകർക്കുന്നതാകരുത്. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്.ഇതായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്. നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം', പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും കഴിഞ്ഞ ബജറ്റിൽ ഉണ്ടായിരുന്നു. ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.