- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടഞ്ഞു നിന്ന ക്യാപ്ടൻ അമരീന്ദറിനെ മെരുക്കിയത് പ്രിയങ്കയുടെ നയതന്ത്രം; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ധു നിയമിതനായതിൽ പ്രിയങ്കയുടെ പങ്കു വലുത്; ക്രൈസിസ് മാനേജറായ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേക്ക് പ്രിയങ്കയുടെ വരവ്; യുപി തിരഞ്ഞെടുപ്പിലെ റോളും നിർണായകമാകും
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്ക ഗാന്ധി സജീവമായ റോളിലേക്ക് നീങ്ങുന്നു. പഞ്ചാബ് പിസിസി പ്രസിഡന്റായി നവജ്യോത് സിങ് സിദ്ദു നിയമിതനാകുമ്പോൾ വിജയിക്കുന്നത് പ്രിയങ്കയുടെ സമവായ തന്ത്രമാണ്. ക്യാപ്ടൻ അമരീന്ദറിന്റെ പിണക്കം പരിഗണിച്ചെങ്കിലും സിദ്ധുവിനെ കൈവിടാനും പ്രിയങ്ക തയ്യാറായില്ല. അതുകൊണ്ട് കൂടി ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ വരും നാളുകളിൽ കൂടുതൽ റോളുകളിലേക്ക് പ്രിയങ്ക എത്തും. യുപി തിരഞ്ഞെടുപ്പിൽ അടക്കം നിർണായകമാകുക പ്രിയങ്കയുടെ നിലപാടുകളാകും.
മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ എതിർപ്പ് വകവയ്ക്കാതെ സിദ്ദുവിനൊപ്പം ഉറച്ചുനിന്ന പ്രിയങ്ക, അദ്ദേഹത്തിനു പിസിസി പ്രസിഡന്റ് പദം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അണിയറയിൽ നീക്കം നടത്തി. ഒപ്പം, അമരീന്ദറിനെ അനുനയിപ്പിക്കുകയും ചെയ്തു. അഹമ്മദ് പട്ടേലിനു ശേഷം കോൺഗ്രസ് നേതൃനിരയിലെ സമവായ നീക്കം നടത്തുന്ന നേതാവായി പ്രിയങ്ക മാറുന്നതിന്റെ സൂചനയായിട്ടാണു സിദ്ദുവിന്റെ നിയമനത്തെ പാർട്ടിയിലെ നേതാക്കൾ കാണുന്നത്.
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോർക്കുന്ന യുവ നേതാവ് സച്ചിൻ പൈലറ്റും തന്റെ പരിഭവങ്ങൾക്കു പരിഹാരം കാണാൻ പ്രിയങ്കയെയാണ് ആശ്രയിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കരകയറ്റാൻ പ്രയത്നിക്കുമ്പോഴും ദേശീയതലത്തിൽ പാർട്ടി നേരിടുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ പ്രിയങ്ക മുൻനിരയിലുണ്ട്.
2024 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തിയുള്ള പോരാട്ടത്തിൽ പ്രിയങ്കയുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നു സോണിയ പിന്മാറുമ്പോൾ, അവരുടെ മണ്ഡലമായ യുപിയിലെ റായ്ബറേലിയിൽ കോൺഗ്രസ് പകരം വയ്ക്കുന്ന പേരും പ്രിയങ്കയുടേതായിരിക്കും.
ഉത്തർപ്രദേശിൽ സഖ്യരൂപീകരണത്തിൽ അടക്കം പ്രിയങ്കയുടെ നിലപാടുകൾ നിർണായകമാകും. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുമായി സഖ്യത്തിനുള്ള സാധ്യത പ്രിയങ്ക ഇനിയും തള്ളിയിട്ടില്ല. ഈ വിഷയത്തിൽ കോൺഗ്രസിന് തുറന്ന സമീപനമാണെന്ന് പ്രിയങ്ക അടുത്തിടെ പറഞ്ഞിരുന്നു. ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാൻ സമയമായിട്ടില്ലെന്നാണ് പ്രിയങ്ക ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുകയാണോ എന്ന ചോദ്യത്തിന് താൻ സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഞങ്ങൾ തീർത്തും അടഞ്ഞ ചിന്താഗതിക്കാരല്ലന്നും പ്രിയങ്ക പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളും തുറന്ന മനസ്സോടെ തന്നെ ഇക്കാര്യത്തെ സമീപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തനിക്ക് ഇക്കാര്യത്തിൽ തുറന്ന മനസ്സുണ്ടെന്നും, പക്ഷേ തന്റെ മുൻഗണന എപ്പോഴും പാർട്ടിക്കാണെന്നും പ്രിയങ്ക ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്തിടെ ലക്നൗവിലേക്ക് അടക്കം താമസം മാറാൻ പ്രിയങ്ക തയ്യാറെടുപ്പുകൽ നടത്തിയിരുന്നു. അടുത്തകാലത്തായി ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ പ്രിയങ്ക കൂടുതൽ ഇടപെടൽ നടത്തിയിരുന്നു. ബിജെപിക്കും യോഗി ആദിത്യനാഥിനും എതിരെ മാത്രമല്ല മായാവതിക്കും ബിഎസ്പിക്കും എതിരെ കൂടിയാണ് പ്രിയങ്കയുടെ തുറന്ന യുദ്ധം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന മായാവതി അടുത്ത കാലത്തായി കളം മാറ്റിപ്പിടിക്കുകയാണ്. ബിജെപി പക്ഷത്തേക്ക് മായാവതി ചായുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസും കളി മാറ്റുന്നത്. ഉത്തർ പ്രദേശിൽ മായാവതിയെ പൂട്ടാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ കരുനീക്കങ്ങൾ. ബിഎസ്പി വോട്ടുബാങ്കിലാണ് പ്രിയങ്കയും കോൺഗ്രസും കണ്ണുവെക്കുന്നത്.
സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത വെച്ച പ്രിയങ്കയെ കോൺഗ്രസ് ആദ്യം തന്നെ നിയോഗിച്ചത് ഉത്തർ പ്രദേശിലേക്കാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വൻ തിരിച്ചടിയേറ്റു. 2022ൽ ഉത്തർ പ്രദേശിൽ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്ക ചുമതല ഏറ്റെടുത്തതിന് ശേഷം യുപിയിൽ കോൺഗ്രസിന് പുത്തൻ ഉണർവ് തന്നെയുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് വിഹിതം ഉയർത്തി. നിരവധി ബിഎസ്പി നേതാക്കളടക്കം കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിക്കും യോഗി ആദിത്യ നാഥിനും എതിരെ തുടർച്ചയായി, രൂക്ഷമായ ആക്രമണം തന്നെ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും അഴിച്ച് വിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ