ലഖ്‌നോ: 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ആരുമായു സഖ്യമില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എല്ലാ സീറ്റുകളിലും കോൺഗ്രസ് നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്നും അവർ വ്യക്തമാക്കി. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ സമ്മേളനത്തിൽ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച യോഗത്തിൽ മറ്റൊരു പാർട്ടിയുമായി സഖ്യംവേണ്ടെന്ന് പ്രിയങ്ക ഗാന്ധിയോട് നിരവധി നേതാക്കൾ അഭ്യർത്ഥിച്ചു.

'യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദ്ദേശം ചെയ്യുക. കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കും' -പ്രിയങ്ക പറഞ്ഞു.

കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗൽ പ്രസ്താവിച്ചതിന് പിന്നാലെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.