- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: അൻസറും ഷജിത്തുമടക്കം ഏഴ് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്; ആക്രമണത്തിൽ നിന്നുള്ള സ്വയരക്ഷക്കായി നടന്ന പ്രത്യാക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന വാദം വിചാരണയിൽ പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി
തിരുവനന്തപുരം: 2020 ലെ തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന മിഥിലാജ് , ഹഖ് മുഹമ്മദ് ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറും ഷജിത്തുമടക്കം 9 പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ക്രൈം സ്റ്റേജ് മുതൽക്കേ ജാമ്യം നിരസിക്കപ്പെട്ട് ജില്ലാ ജയിലിൽ കഴിയുന്ന 1 മുതൽ 7വരെയുള്ള പ്രതികളെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു.
ജാമ്യത്തിൽ കഴിയുന്ന എട്ടും ഒമ്പതും പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കണം. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്താനായി ജൂലൈ 23 നാണ് ഹാജരാക്കേണ്ടത്. 2020 മുതൽ റിമാന്റിൽ കഴിയുന്ന 7 പ്രതികളുടെ ജാമ്യ ഹർജികൾ തള്ളിയ കോടതി പൊതു റോഡിൽ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിടുകയായിരുന്നു. അതേ സമയം ആയുധധാരികളായ കൊല്ലപ്പെട്ടവരിൽ നിന്നുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി സ്വയരക്ഷക്കായി നടത്തിയ പ്രത്യാക്രമണത്തിൽ മരണം സംഭവിച്ചതാണെന്ന പ്രതികളുടെ വാദം വിചാരണ വേളയിൽ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി വിലയിരുത്തി.
കുറ്റപത്രം സമർപ്പിക്കപ്പെട്ട് വിചാരണ ആരംഭിക്കാനുള്ള കേസിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ സാക്ഷി മൊഴികൾ വിചാരണയിൽ തിരുത്തിച്ച് സാക്ഷികളെ കൂറുമാറ്റി പ്രതിഭാഗം ചേർത്ത് വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ട്. തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ഒളിവിൽ പോകാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാൽ സാക്ഷി വിസ്താര വിചാരണക്ക് പ്രതിക്കൂട്ടിൽ പ്രതികളെ ലഭ്യമാകാത്ത സ്ഥിതി സംജാതമാകും. സമാനമായ കുറ്റകൃത്യങ്ങൾ പ്രതികൾ ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
2020 തിരുവോണത്തലേന്ന് ഉത്രാട ദിനമായ ഓഗസ്റ്റ് 30ന് അർദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങൾ കൈവശം വച്ച് ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തിൽ സിസിറ്റിവി ഫൂട്ടേജിൽ മാരകയാധുങ്ങളായ വാളുകൾ ഉപയോഗിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാൻ കഴിയുന്നതാണ്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂൽ നിസാം മൻസിലിൽ മിഥിലാജ് (30) , ഡിവൈഎഫ്ഐ കലുങ്കിൽ മുഖം യൂണിറ്റ് പ്രസിഡന്റ് കലുങ്കിൽമുഖം ബിസ്മി മൻസിലിൽ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അർദ്ധരാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീബ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നൽകാൻ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികൾ പൊലീസിന് ആവർത്തിച്ചു നൽകിയിരിക്കുന്നത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചതുകൊണ്ടാണ് പൊലീസിൽ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പൊലീസ് വിശദീകരിക്കുന്നത്. അതേ സമയം വ്യക്തിപരമായുള്ള വിരോധത്താൽ നടന്ന സംഘട്ടനത്തെ പൊലീസ് ഇടത് പക്ഷ സർക്കാരിന്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോൺഗ്രസ് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപണമുയർന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ജംഗ്ഷനുകൾക്ക് സമീപം വച്ചാണ് ഉപവാസ സമരം നടത്തിയത്.
കേസിൽ പ്രതികളായി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷാജഹാൻ മകൻ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടിൽ ചരുവിള പുത്തൻ വീട്ടിൽ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ അലിയാരു കുഞ്ഞ് മകൻ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടിൽ ചെല്ല സ്വാമി മകൻ സതികുമാർ (46) , തേമ്പാമൂട് സ്വദേശി അബ്ദുൾ ഹക്കിം മകൻ അൻസർ (40) , മദപുരം സ്വദേശി ബിജു എന്ന ഉണ്ണി (44) , മദപുരം സ്വദേശി ശ്യാമള മകൾ പ്രീജ എന്നിവരെ സെപ്റ്റംബർ 1ന് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളി അബൂബക്കർ മകൻ വെള്ളി സജീബ് , സനൽ സിങ് എന്ന സനൽ എന്നിവരെ സെപ്റ്റംബർ 4ന് അറസ്റ്റ് ചെയ്തു.
ഒമ്പത് പ്രതികൾക്കുമെതിരെ 2020 നവംബർ 20 നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 120 ബി (ക്രിമിനൽ ഗൂഢാലോചന),109 (പ്രേരണയും ഉത്സാഹിപ്പിക്കലും സഹായവും ചെയ്യൽ), 294 ബി (അശ്ലീല വാക്കുകൾ ഉച്ചരിക്കൽ), 341 (അന്യായ തടസം ചെയ്യൽ) , 302 (കൊലപാതകം), 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും), 118 ( മരണശിക്ഷയോ ജീവപര്യന്തത്തടവുശിക്ഷയോ നൽകാവുന്ന കുറ്റം ചെയ്യുവാനുള്ള പദ്ധതി ഒളിച്ചുവയ്ക്കൽ), 120 (തടവ് നൽകി ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുവാനുള്ള പദ്ധതി ഒളിച്ചു വയ്ക്കൽ), 212 (കുറ്റക്കാരന് അഭയം നൽകി ഒളിവിൽ പാർപ്പിക്കൽ), 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾക്ക് പുറമെ ഇന്ത്യൻ ആയുധ നിയമത്തിലെ വകുപ്പ് 27 (ആയുധം കൈവശം വയ്ക്കൽ) എന്ന വകുപ്പും ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും ഉന്നത തലത്തിലുള്ള ഗൂഢാലോചനയുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. രാഷ്ട്രീയമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യ നാലു പ്രതികളുടെ റിമാന്റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് ഉടലെടുത്ത പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി ഏപ്രിൽ 4 ന് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഫീനെ നജീബ് , അജിത് , ഷജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചു. പിന്നീട് മെയ് 25 ന് ഡിവൈഎഫ്ഐഐ പ്രവർത്തകൻ ഫൈസലിന് നേരെയും കൊലപാതക ശ്രമമുണ്ടായി. അഗസ്റ്റ് 30 ന് കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ ബന്ധുവാണ് ഫൈസൽ. ഫൈസൽ വധശ്രമക്കേസിൽ കോൺഗ്രസ് പ്രവർത്തകരായ ഇവർ അറസ്റ്റിലായതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം.