ചിറ്റാർ: ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ടിക്കറ്റിൽ നിന്ന് മത്സരിച്ചു വിജയിച്ചയാളെ സിപിഎം പ്രസിഡന്റാക്കിയത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. വാർത്താ താരമായി നിറഞ്ഞു നിന്നത് കോന്നി എംഎൽഎ കെയു ജനീഷ്‌കുമാറും. ജനീഷിന്റെയും സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസിന്റെയും തന്ത്രങ്ങൾ വിജയിച്ചെങ്കിലും ചരിത്രത്തിൽ ഇന്നു വരെ കാണാത്ത പോലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ പ്രതിസന്ധി നേരിടുകയാണ് സിപിഎം. അട്ടിമറി നടത്തിയതൊക്കെ കൊള്ളാം, ഈ സഖ്യം ഇവിടെ വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും. സജിക്കുള്ള പിന്തുണ പിൻവലിച്ച് പ്രസ്താവന ഇറക്കാത്ത പക്ഷം കൂട്ടരാജി തന്നെ ഉണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിനായി സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എന്തു വന്നാലും പിന്തുണ പിൻവലിപ്പിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ് എംഎൽഎയും കൂട്ടരും. സംസ്ഥാന കമ്മറ്റി ഇടപെട്ടിട്ടും വിഷയത്തിൽ തീരുമാനം ആയിട്ടില്ല.

പ്രസിഡന്റിനുള്ള പിന്തുണ പിൻവലിക്കാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ വ്യക്തമാക്കി കഴിഞ്ഞു. പാർട്ടിയുടെ ഒരു തലത്തിലുള്ള യോഗവും ചേരാൻ സിപിഎമ്മിന് കഴിയുന്നില്ല. ബ്രാഞ്ച് കമ്മറ്റി യോഗം പോലും പ്രവർത്തകർ ബഹിഷ്‌കരിക്കുകയാണ്.ചിറ്റാറിലെ സിപിഎമ്മിന്റെ മുഖമായ എംഎസ് രാജേന്ദ്രനെ മൂന്നു വോട്ടിന് പരാജയപ്പെടുത്തിയ കോൺഗ്രസിലെ സജി കുളത്തുങ്കലിനെ മറുകണ്ടം ചാടിച്ച് സിപിഎം ഭരണം പിടിക്കുകയായിരുന്നു. കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് സജി സിപിഎമ്മിനൊപ്പം ചേർന്നത്.

ഒറ്റ രാത്രി കൊണ്ട് നടത്തിയ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് കെയുജനീഷ്‌കുമാർ എംഎൽഎയും സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും ചേർന്ന് ആയിരുന്നു. ഇതോടെ മാനസികമായി രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുകയാണ്.കോൺഗ്രസിലും സിപിഎമ്മിലും സജിയെ പ്രസിഡന്റാക്കിയതിനെ ചൊല്ലി കലാപം നടക്കുകയാണ്. സോഷ്യൽ മീഡിയയിൽ സിപിഎം പ്രവർത്തകർ രൂക്ഷമായിട്ടാണ് പ്രതികരിക്കുന്നത്. എംഎസ് രാജേന്ദ്രന്റെ സഹോദരനായ എംഎസ് പ്രസാദിനെ കൊലപ്പെടുത്തിയത് കോൺഗ്രസുകാരായിരുന്നു. പ്രസാദിന്റെ ഘാതകരെ സംരക്ഷിച്ചുവെന്നാരോപിച്ചാണ് സജി കുളത്തുങ്കലിന്റെ പിതാവായ വർഗീസിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത്. ഇങ്ങനെ രാഷ്ട്രീയമായും മാനസികമായും രണ്ടു ധ്രുവങ്ങളിൽ നിൽക്കുമ്പോഴാണ് സജിയെ സിപിഎമ്മുകാർ പ്രസിഡന്റാക്കിയത്.

ഇതേ തുടർന്നുള്ള രോഷം സിപിഎമ്മിനെ വല്ലാതെ ബാധിച്ചു. പ്രവർത്തകർക്കിടയിൽ ജനീഷ്‌കുമാറിനെതിരേ പ്രതിഷേധം ശക്തമാണ്. ആറു മാസം കഴിയാതെ സജിക്കെതിരേ അവിശ്വാസം കൊണ്ടുവരാൻ കഴിയില്ല. എങ്കിൽപ്പോലും സജിക്കുള്ള പിന്തുണ പിൻവലിച്ച് അതിന്റെ തെളിവ് ബ്രാഞ്ച് തലം മുതൽ ഹാജരാക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാമെന്നാണ് നേതൃത്വം തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം പാർട്ടിക്ക് വൻ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, സജിയുടെ പിന്തുണ പിൻവലിക്കുന്നതിനോട് എംഎൽഎയ്ക്കൊപ്പം നിൽക്കുന്ന പ്രവർത്തകർക്ക് താൽപര്യമില്ലെന്നാണ് അറിയുന്നത്. ഈ രീതിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്നതെങ്കിൽ പാർട്ടിക്ക് അത് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ഗൃഹസന്ദർശനം പരിപാടി ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ നാമമാത്രമായിരുന്നു.