തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ വാഷ്‌ബേസിനും ശുചിമുറിയും വൃത്തിയാക്കിയ സംഭവം വൻ പൊട്ടിത്തെറിയിലേക്ക്. ഡോ. ആർ.എൽ.സരിതയുടെ അമിതാധികാര പ്രവണയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നു കേരളാ ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികൾക്ക് മുന്നിലും പ്രതിഷേധം നടത്താനാണ് നഴ്‌സസ് അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സരിതയുടെ നടപടി ആരോഗ്യവൃത്തങ്ങളിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. രാജവാഴ്ച കാലത്ത് പോലും ഉണ്ടാകാത്ത നടപടിയാണ് സരിത കൈക്കൊണ്ടത് എന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ ഉയരുന്ന ആരോപണം.

തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലത്ത് പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ എന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ ഈ സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുമ്പോൾ ചരിത്രപരമായ അടരുകൾ കൂടി ഈ പ്രതികരണത്തെ ബാലപ്പെടുത്തുന്നുണ്ട്. രാജവാഴ്ച കാലത്ത് നിർമ്മിച്ച വിവിധ കെട്ടിടങ്ങളിലാണ് ഫോർട്ട് ആശുപത്രി കുടികൊള്ളുന്നത്. പുതിയ ബ്ലോക്ക് വന്നെങ്കിലും പല കെട്ടിടങ്ങളും രണ്ടു സെഞ്ച്വറികൾ പഴക്കമുള്ളതാണ്. വാഷ്‌ബെയ്‌സിൻ നഴ്‌സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ കഴുകിക്കുമ്പോഴും ശുചിമുറി നിർബന്ധപൂർവം കഴുകിക്കുമ്പോഴും ആരോഗ്യവകുപ്പ് ഡയരക്ടർക്ക് ബോധ്യമുണ്ട്. ക്ലീനിങ് സ്റ്റാഫ് പോയിട്ടും നഴ്‌സിങ് സ്റ്റാഫ് പോലും ആവശ്യത്തിനു ഇല്ലാത്ത ആശുപത്രിയാണ് തിരുവനന്തപുരം ഫോർട്ട് ആശുപത്രി എന്ന്. കാരണം വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകൾ ഇല്ലാത്ത അവസ്ഥ ആശുപത്രി അധികൃതർ രേഖാമൂലം തന്നെ ഹെൽത്ത് ഡയറക്ടർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവർക്ക് അറിയാവുന്നതും ആണ് സ്റ്റാഫുകൾ ഇല്ലാ എന്ന കാര്യം.

പത്ത് ക്ലീനിങ് സ്റ്റാഫ് ഉണ്ടായിരുന്ന ഇടത്ത് നിലവിൽ അഞ്ചു പേർ മാത്രമേയുള്ളൂ. അവർക്കൊണ്ട് കഴിയാവുന്നത് പോലെ ഇവർ ക്ലീൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നെ വലിയ വൃത്തിഹീനമായ അവസ്ഥയില്ല. രണ്ടാമത് നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടവുമാണ്. വൃത്തിയാക്കാവുന്നതിനു പരിധിയുണ്ട്.ചിലപ്പോൾ രണ്ടു ക്ലീനിങ് സ്റ്റാഫ് മാത്രമേയുണ്ടാകൂ. അവരെ മെറ്റെർണിറ്റി വിഭാഗത്തിൽ പോസ്റ്റ് ചെയ്യണം. ഡെന്റൽ സെക്ഷനിൽ പോസ്റ്റ് ചെയ്യണം. ലാബിൽ പോസ്റ്റ് ചെയ്യണം. ഓപ്പറേഷൻ തിയേറ്ററിൽ പോസ്റ്റ് ചെയ്യണം. രണ്ടു വാർഡുകൾ ഉണ്ട്. അവിടെ പോസ്റ്റ് ചെയ്യണം. വനിതാ വാർഡ് ഉണ്ട്. അവിടെയ്ക്ക് നിയോഗിക്കണം. സ്റ്റോറിൽ വിടണം. എങ്ങിനെ ഈ രണ്ടു പേരെക്കൊണ്ട് ജോലികൾ ചെയ്യിക്കും. റിപ്പോർട്ട് ചെയ്തിട്ട് ആറുമാസത്തിലേറെയായി. തലപ്പത്ത് ഇരിക്കുന്നത് ഇതേ ഹെൽത്ത് ഡയരക്ടർ ആണ്. സ്റ്റാഫ് നഴ്‌സ് ഉണ്ടോ? അതും ഇല്ല. രോഗികൾ ആണെങ്കിൽ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഹെൽത്ത് ഡയരക്ടർ വന്നപ്പോൾ പറഞ്ഞു.

എന്നിട്ടും രാവിലെ തന്നെ വന്നു ജോലി തുടങ്ങിയ നഴ്‌സിങ് സുപ്രണ്ടിനെ വിളിച്ച് വരുത്തിയാണ് വാഷ്‌ബെയിസിനും ശുചിമുറിയും നിർബന്ധപൂർവം ക്ലീൻ ചെയ്യിപ്പിച്ചത്. ഹെൽത്ത് ഡയരക്ടർ സരിത ഏകാധിപത്യ പ്രവണത എപ്പോഴും പ്രകടിപ്പിക്കുന്ന സ്ത്രീയാണ് എന്ന് അവർക്കെതിരെ മുൻപേ തന്നെ പരാതിയുണ്ട്. ഈ പരാതി സാധൂകരിക്കുന്ന നടപടികളാണ് ഹെൽത്ത് ഡയരക്ടർ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴും സംഭവിച്ചത്. 'സംസ്ഥാനത്ത് ഉടനീളം പ്രതിഷേധത്തിനു ഞങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള ഗവണ്മെന്റ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാദേവി മറുനാടനോട് പ്രതികരിച്ചു. ഈ സംഭവത്തിന്റെ പേരിൽ ആരോഗ്യവകുപ്പ് ഡയരക്ടർ മാപ്പ് പറയണം. ഡോക്ടർ സരിതയുടെ മാപ്പിൽ കുറയാത്തതൊന്നും ഞങ്ങൾക്ക് സ്വീകാര്യമല്ല. ഒരു ആരോഗ്യവകുപ്പ് ഡയറക്ടറും ഒരു കാലത്തും ചെയ്യാത്ത നടപടികൾ ആണ് ഇപ്പോഴത്തെ ഡയറക്ടർ ഡോക്ടർ സരിതയുടെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രികൾ നന്നാക്കാൻ ശ്രമിക്കുന്നത് ഇങ്ങിനെയാണോ? ചെയ്യിപ്പിക്കേണ്ട ജോലികൾ അവർക്ക് പറയാം. ഇവിടുത്തെ ആളുകളെക്കൊണ്ട് അത് ചെയ്യിപ്പിക്കാം. പക്ഷെ കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. വളരെ മോശം കാര്യം. ഒരു ആരോഗ്യവകുപ്പ് ഡയരക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ കഴിയാത്ത കാര്യം. അവർ മാപ്പ് പറയട്ടെ-ഉഷാദേവി പറയുന്നു.

ഇക്കുറി സരിതയ്ക്ക് ഇരയായത് നഴ്‌സിങ് സൂപ്രണ്ട് സുരജ കുമാരിയാണെന്ന് മാത്രം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രിയാണിത്. അമിതാധികാരം പ്രയോഗിക്കാൻ കഴിയുന്ന ഇടമല്ല. വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകൾ ഇല്ല. ജോലിയും കൂടുതൽ. ഉള്ളവർക്ക് ലീവ് എടുക്കാൻ കഴിയാത്ത അവസ്ഥയും. എങ്ങിനെയെങ്കിലും ആശുപത്രി ഓടിച്ച് പോകാനുള്ള പെടാപ്പാടിൽ പായുമ്പോഴാണ് ആരോഗ്യവകുപ്പ് ഡയരക്ടർ എത്തി ആളാകാൻ ശ്രമിക്കുന്നത്-ആശുപത്രി വൃത്തങ്ങൾ മരുനാടനോട് പ്രതികരിച്ചു. നഴ്‌സിങ് സൂപ്രണ്ടിനെക്കൊണ്ട് വാഷ്‌ബേസിനും ശുചിമുറിയും വൃത്തിയാക്കിയ ഈ ആരോഗ്യവകുപ്പ് ഡയറക്ടർ ശുചീകരണ തൊഴിലാളിയെക്കൊണ്ട് ഇഞ്ചക്ഷൻ നൽകാൻ നിർബന്ധിക്കുമോ? രോഗികൾക്ക് മരുന്ന് കൊടുക്കാൻ നിർബന്ധിക്കുമോ? ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റം വരുത്താൻ ഹെൽത്ത് ഡയറക്ടർക്ക് എന്തധികാരം-ആശുപത്രി വൃത്തങ്ങൾ ചോദിക്കുന്നു.

ശുചീകരണ തൊഴിലാളികൾ അവിടെ കാഴ്ചക്കാരായിരിക്കെ നഴ്‌സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ വാഷ്‌ബേസിനും ശുചിമുറിയും വൃത്തിയാക്കിക്കുമ്പോൾ ജീവനക്കാരുടെ ആത്മബലം തന്നെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ തകർക്കുന്നത്. ഇതുവരെ നിങ്ങളെ ഭരിച്ച ആളല്ലേ? ഞാനിവരെക്കൊണ്ട് എല്ലാം കഴുകിക്കാൻ പോവുകയാണ് നിങ്ങൾ കണ്ടോളൂ എന്ന ധ്വനി ആരോഗ്യവകുപ്പ് ഡയറക്ടർ സരിതയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിന്നിരുന്നു എന്നാണ് ഹെൽത്ത് ഡയരക്ടറുടെ പ്രവർത്തി കണ്ടുനിന്നവർ മറുനാടനോട് പറഞ്ഞത്. ഞങ്ങൾ ഇത്രയും കാലം ഈ ആശുപത്രിയോട് കാണിച്ച ആത്മാർത്ഥ എന്തിനു വേണ്ടിയാണ് എന്നാണ് ഇപ്പോൾ ഞങ്ങൾക്ക് തന്നെ തോന്നുന്നത്. ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ഹെൽത്ത് ഡയരക്ടർക്ക് കഴിയുമോ എല്ലാ ദിവസവും ഇവിടെ വന്നു കാര്യങ്ങൾ വന്നു ചെയ്യാൻ. ഇവിടെ ഞങ്ങളാണ് കാര്യങ്ങൾ ചെയ്യുന്നത്. അവരുടെ മേൽനോട്ടം കൊണ്ടൊന്നുമല്ല ചെയ്യുന്നത്. ഞങ്ങളുടെ ആത്മാർഥത കൊണ്ടാണ്. ഈ ആത്മാർത്ഥതയാണ് ഹെൽത്ത് ഡയറക്ടർ ചോദ്യം ചെയ്തത്-ആശുപത്രി വൃത്തങ്ങൾ പറയുന്നു.

ആശുപത്രിയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി എത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചെയ്തികൾ ആശുപത്രിയിൽ നിലവിലുള്ള സംവിധാനങ്ങൾ തകർക്കാനേ കഴിഞ്ഞിട്ടുള്ളൂ. പകരം ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞതുമില്ല. ഒരുതരം പകപോക്കൽ ആണ് ഡയരക്ടർ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സർക്കാർ നഴ്‌സസ് അസോസിയേഷൻ കടുത്ത പ്രതിഷേധം ഡയരക്ടറുടെ ചെയ്തികളിൽ പ്രദർശിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറോടുള്ള പ്രതിഷേധം ഇന്നത്തെ പ്രതിഷേധംകൊണ്ട് അവസാനിപ്പിക്കാൻ സാധ്യതയില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. മാപ്പ് ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.