- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധക്കളമായി തെരുവുകൾ; സ്വപ്നയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കടുക്കുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ; കോൺഗ്രസ് മാർച്ചിനിടെ പലയിടത്തും സംഘർഷം; ലാത്തിച്ചാർജ്, ജലപീരങ്കി; നിരവധി പേർക്ക് പരിക്ക്; കണ്ണൂരിൽ പൊലീസിന് നേരെ ചെരുപ്പേറ്
കണ്ണൂർ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധവുമായി സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ. വിവിധ കലക്ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കണ്ണൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്റ്റ്രേറ്റിലേക്ക് കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. രണ്ട് പൊലീസുകാർക്കും ഒരു ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.
കോട്ടയം കളക്റ്റ്രേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാൻ ശ്രമിച്ച ഒരു പ്രവർത്തകന് പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.
കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ പൊലീസും സമരക്കാരും തമ്മിൽ ഏറെ നേരം സംഘർഷമുണ്ടായി. കല്ലേറിൽ 2 പൊലീസുകാർക്കു പരുക്കേറ്റു. പൊലീസിന്റെ ലാത്തിയടിയിൽ അനവധി യൂത്ത് കോൺഗ്രസ്- കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. ഇതേ സമയം തന്നെ കലക്ടറേറ്റിലേക്കു ആർവൈഎഫ് പ്രവർത്തകരും മാർച്ചു നടത്തിയിരുന്നു. ലാത്തിയടിയിൽ ആർവൈഎഫ് പ്രവർത്തകനും പരുക്കേറ്റു.
തൃശ്ശൂർ കളക്റ്റ്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേട് തള്ളി മാറ്റി. കളക്റ്റ്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാലക്കുടി എംപി ബെന്നി ബെഹ്നാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചായി എത്തിയത്. സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്.
പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘർഷ സാധ്യത ഒഴിവായി. 12. 30 ഓടെ പ്രവർത്തകർ കളക്റ്റ്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി.
കണ്ണൂരിലെ യുഡിഎഫ് മാർച്ചിൽ സംഘർഷ സാധ്യതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘർഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്റ് കെ സുധാകരന് പൊലീസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. മാർച്ചിൽ സംഘർഷമുണ്ടായാൽ കടുത്ത നടപടിയെടുക്കുമൈന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കെ സുധാകരനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാർച്ചിന് മുന്നോടിയായി കണ്ണൂരിൽ വൻ പൊലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്.
കോടതിയിൽ മൊഴി നൽകിയതിന് സർക്കാർ പ്രതിയെ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിലുള്ളത്. ഇനിയാരും മൊഴി കൊടുക്കാതിരിക്കാനാണ് സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യ സന്ധനാണെങ്കിൽ ഇങ്ങനെയാണോ നേരിടേണ്ടത്, മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശൻ പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ പിണറായി വിജയന് കാലം കാത്ത് വച്ച മറുപടിയാണ് സ്വർണ്ണ കള്ള കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലെന്നും വി.ഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മിൽ വലിയ ധാരണയിൽ എത്തിയിരിക്കുകയണ്. ആ ധാരണയുടെ ഭാഗമായാണ് കേന്ദ്ര ഏജൻസികൾ സ്വർണ്ണ കള്ള കടത്ത് കേസിനെ കുറിച്ചുള്ള അന്വഷണം നിർത്തിവച്ചത് എന്നും വി.ഡി സതീശൻ ആരോപിച്ചു.
കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഗവൺമെന്റിന്റെ മുദ്രാവാക്യം കോൺഗ്രസ്സ് മുക്ത ഭാരതം എന്നായിരുന്നു. കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ ആഗ്രഹം തുടർ ഭരണത്തിൽ എത്തുക എന്നതും. ഇത് രണ്ടും കൂടി ചേർന്നപ്പോൾ തുടർഭരണം ഉണ്ടായി. ഇതോടെ ഹവാല കേസുകളും കുഴൽ പണ കേസുകളുമെല്ലാം ഇല്ലാതെയായി. സ്വർണ്ണ കള്ള കടത്ത് കേസിൽ ഉണ്ടായിരുന്ന ചിലരുടെ പേരുകൾ മാത്രം പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് മജിസ്‌ട്രേറ്റ് ക്രിമിനൽ നടപടികളിലെ 164 വകുപ്പ് പ്രകാരം സ്റ്റേറ്റ്മെന്റ് എടുത്തത്. ഈ മൊഴി വളരെ വലിയ വിവാദം ഉണ്ടാക്കി. അതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്. കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത ഒരു കേസിന് വേണ്ടിയാണ് ഡിജിപിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ തന്നെ നിയോഗിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ ഉദ്ദേശം ഈ കേസിൽ മറ്റാരും ഇനി മൊഴി നൽകാൻ പാടില്ല എന്ന് പറഞ്ഞു വിരട്ടാനാണ്.
സ്വപ്ന സുരേഷ് കോടതിയിൽ നൽകിയിരിക്കുന്ന മൊഴി തെറ്റാണ് എന്ന് തെളിയിച്ചാൽ അവർക്ക് ഏഴ് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആ മൊഴി തെറ്റാണ് എന്ന് തെളിയിക്കാനുള്ള അവസരം മുഖ്യമന്ത്രിക്കുണ്ട്. എന്നിട്ടും അതിനൊന്നും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അത് ചെയ്യാതെ ലോകത്ത് കേട്ട് കേൾവിയില്ലാത്ത 153 വകുപ്പ് പ്രകാരം കേസെടുത്ത് ഈ നാടകമൊക്കെ കാണിക്കുന്നത്-; വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര മുനിസിപ്പൽ ഓഫിസിൽ നിന്നും കളക്റ്റ്രേറ്റിലേക്കായിരുന്നു മാർച്ച്. ബിരിയാണി ചെമ്പുമായി നൂറുകണക്കിന് പ്രവർത്തകർ അണിചേർന്ന മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പൊലീസ് ജലപീരങ്കി ഉപയോഗിച്ചതിനെ ചൊല്ലി വാക്കു തർക്കമുണ്ടാകുകയും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയും പൊലീസ് പിൻവാങ്ങുകയും ചെയ്തതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഉമാ തോമസ് ആദ്യമായി പങ്കെടുത്ത പ്രതിഷേധ പരിപാടികൂടിയായിരുന്നു ഇത്. പി.ടി തോമസ് നിയമ സഭയിൽ സ്വർണ്ണക്കള്ളക്കേസിനെതിരെ ശബ്ദമുയർത്തിയതു പോലെ തന്നെ നിയമ സഭയിൽ താനും ശബ്ദമുയർത്തുമെന്നും അവർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പ്രവർത്തകരുടെ ഒപ്പം നിന്ന് ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് വിജയിത്തിലേക്കെത്തിക്കുവാൻ ഒരു വിളിപ്പാട് അകലെ തന്നെ ഉണ്ടാവുമെന്നും ഉമാതോമസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ