- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി വിധിയിലെ തത്വം രാജ്യത്തെ നിയമമാണെന്നും അതിൽ നിന്നു വ്യതിചലിക്കുന്നത് അപലപനീയമാണെന്നും ഹൈക്കോടതി; പിണറായിയുടെ സ്ഥിരപ്പെടുത്തൽ മാമാങ്കം ഇനി നടക്കില്ല; വിനയാകുന്നത് പഴയ ഉമാദേവി കേസ്; അധികാരത്തിൽ തിരിച്ചെത്തിയാൽ സഖാക്കൾക്ക് സ്ഥിര ജോലി നൽകാനുള്ള നീക്കം പാളുമ്പോൾ
തിരുവനന്തപുരം: അധികാരത്തിലെത്തിയാൽ താൽക്കാലികക്കാരെ വീണ്ടും സ്ഥിരപ്പെടുത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് ഹൈക്കോടതിയുടെ ചെക് വരാൻ സാധ്യത. സുപ്രീംകോടതി വിധിക്കു വിരുദ്ധമായി സർക്കാർസർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെങ്കിൽ നിയമ വിരുദ്ധമാണെന്നു ഹൈക്കോടതി പറഞ്ഞതോടെ, ഇതിനകം നടന്ന സ്ഥിരപ്പെടുത്തലുകളിൽ പലതും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ അസ്ഥിരമാകുന്ന സ്ഥിതിയായി. സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകിയാലും ഫലമുണ്ടാകില്ലന്നാണ് വിലയിരുത്തൽ.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു വിരുദ്ധമായി ഒരു വിധി ഇക്കാര്യത്തിൽ ഉണ്ടാകൻ ഇടയില്ല. 6 മാസത്തിനിടെ 1,300 താൽക്കാലിക ജീവനക്കാരെയാണു ധന, നിയമ വകുപ്പുകളുടെ എതിർപ്പു മറികടന്ന് ഈ മന്ത്രിസഭ സ്ഥിരപ്പെടുത്തിയത്. പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തെരുവുയുദ്ധത്തിലേക്കു നീങ്ങിയതോടെയാണ് കഴിഞ്ഞ 17നു ചേർന്ന മന്ത്രിസഭ സ്ഥിരപ്പെടുത്തൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. വീണ്ടും അധികാരത്തിൽ എത്തിയാൽ സ്ഥിരപ്പെടുത്തുമെന്നും പറഞ്ഞു. ഇതെല്ലാം അവതാളത്തിലാക്കുന്നതാണ് ഹൈക്കോടതി ഇടപെടൽ.
കർണാടക സർക്കാർ വാദിയായുള്ള ഉമാദേവി കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി 2006 ഏപ്രിൽ 10നായിരുന്നു. 10 വർഷമോ അതിലേറെയോ ആയി സേവനം ചെയ്യുന്ന യോഗ്യതയുള്ളവരെ റഗുലറൈസ് ചെയ്യുന്ന കാര്യം ഒറ്റത്തവണ നടപടിയെന്ന നിലയ്ക്കു സർക്കാരുകൾക്കും മറ്റും 6 മാസത്തിനകം പരിഗണിക്കാമെന്നും അതിനുശേഷം ഒഴിവുകളിൽ റഗുലർ റിക്രൂട്ട്‌മെന്റ് നടത്തണമെന്നുമായിരുന്നു വിധിയുടെ കാതൽ. അതായത് ഈ വിധി വന്ന് ആറുമാസത്തിന് ശേഷം ആരേയും സ്ഥിരപ്പെടുത്താൻ പാടില്ലെന്നതാണ് വസ്തുത. ഇത് കേരളത്തിലും താൽകാലികക്കാരുടെ മോഹത്തിന് തിരിച്ചടിയാകും.
ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്തുന്നുവെന്ന ആരോപണങ്ങളും പിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രതിഷേധവും ഉയർത്തുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണു ഹൈക്കോടതി വിധി. കോടതി പരിഗണിച്ച ഐഎച്ച്ആർഡി കേസിൽ മുൻപു റഗുലറൈസ് ചെയ്യപ്പെട്ടവർ കക്ഷികൾ അല്ലാതിരുന്നതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. അതേസമയം, സുപ്രീംകോടതി വിധിക്കു വിരുദ്ധമായി ആ സ്ഥാപനത്തിൽ ഏതെങ്കിലും സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ടെങ്കിൽ നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞുവച്ചു. എല്ലാ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ നിർദ്ദേശം എത്തിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ പിൻവാതിൽ നിയമനങ്ങളുടെ വഴിയടഞ്ഞു.
സുപ്രീം കോടതി വിധിയിലെ തത്വം രാജ്യത്തെ നിയമമാണെന്നും അതിൽ നിന്നു വ്യതിചലിക്കുന്നത് അപലപനീയമാണെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. വ്യവസ്ഥകൾക്കു വിധേയമായി ഒറ്റത്തവണ മാത്രം സ്ഥിരപ്പെടുത്തൽ പരിഗണിക്കാമെന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പറയുമ്പോൾ അതു ലംഘിച്ചു സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ അധികാരികൾക്കു സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇപ്രകാരം നിയമത്തിനു വ്യക്തമായ വ്യാഖ്യാനം നൽകിക്കൊണ്ടാണ്, സർക്കാർ സ്ഥാപനങ്ങളിലും കമ്പനികൾ, കോർപറേഷനുകൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും ചട്ടവിരുദ്ധമായ സ്ഥിരപ്പെടുത്തലുകൾ ഹൈക്കോടതി വിലക്കിയത്.
ഐഎച്ച്ആർഡിയിലെ തന്നെ റഗുലറൈസേഷൻ സംബന്ധിച്ച ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നാണ് സ്ഥാപനം കോടതിയെ അറിയിച്ചത്. കൂടാതെ, വിവിധ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജികൾ ഉൾപ്പെടെ പരിഗണനയിലുണ്ട്.
കേരള ബാങ്കിലെ 1800 പേരടക്കം വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിന്നായി രണ്ടായിരത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള പട്ടികയാണ് പരിഗണനയിലുള്ളത്. ഇതിൽ മുക്കാൽ പങ്കും വി എസ് സർക്കാരിന്റെ കാലത്തു നിയമനം നേടിയവരും എൽഡിഎഫ് അനുഭാവികളുമാണ്.
മറുനാടന് മലയാളി ബ്യൂറോ