- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി തിരിഞ്ഞു നോക്കാത്ത സമരവേദിയിലേക്ക് രാഹുൽ ഗാന്ധി എത്തിയോടെ ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ; വിഷയം കൈവിട്ടു പോയതോടെ സർക്കാർ അനുരജ്ഞന പാതയിലേക്ക്; റാങ്ക് പട്ടികയിലുള്ളവരുമായി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലെ നിർദേശങ്ങൾ മന്ത്രിസഭ ഇന്നു ചർച്ച ചെയ്യും
തിരുവനന്തപുരം: തന്റെ മുന്നിൽ നടക്കുന്ന സമരം കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ് സിക്കാരുടെ സമരത്തെ തീർത്തും അവഗണിക്കുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചത്. എന്നാൽ, ആ സമരവേദിയിലേക്കാണ് രാഹുൽ ഗാന്ധി ഇന്നലെ എത്തിയത്. ഇതോടെ സമരക്കാക്ക് പ്രതീക്ഷയും ആവേശവും വർധിച്ചിരിക്കയാണ്. ഉദ്യോഗാർഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും ശംഖുമുഖത്തെ ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ച ശേഷമാണ് രാഹുൽ ഇവിടേക്ക് എത്തിയത്.
എല്ലാ സമരപ്പന്തലുകളിലും എത്തി ഉദ്യോഗാർഥികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും നൽകിയിരുന്നു. കൺമുന്നിൽ ഈ സമരങ്ങളെല്ലാം നടന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ടു നിങ്ങളെ കാണാൻ തയാറാവുന്നില്ലെന്ന് അവരോടു രാഹുൽ തിരക്കി. രാത്രി 7.50ന് എത്തിയ രാഹുൽ ഗാന്ധി സിവിൽ പൊലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരപ്പന്തലിലേക്കാണ് ആദ്യം പോയത്. 'ഞങ്ങളുടെ ജീവൻ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകൾ നെഞ്ചിൽ പതിച്ചു തറയിൽ കിടക്കുകയായിരുന്ന ഉദ്യോഗാർഥികൾക്ക് അരികിലിരുന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയോ മന്ത്രിമാരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഉദ്യോഗാർഥികൾ സങ്കടം പറഞ്ഞപ്പോൾ, അവരെല്ലാം അവിടെയുണ്ടെന്നു നേതാക്കൾ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ജേതാക്കളുടെ പന്തലിലെത്തിയപ്പോൾ നേതൃനിരയിൽ ശ്രദ്ധേയയായ ലയ രാജേഷിനെ നേതാക്കൾ പരിചയപ്പെടുത്തി. ഔദ്യോഗിക വസതിയിൽ ചർച്ചയ്ക്കു പോയപ്പോൾ മന്ത്രി അവഹേളിച്ചതും സൈബർ ആക്രമണത്തിന് ഇരയായതുമെല്ലാം ലയ വിശദീകരിച്ചു. 'ഐ ലൈക് യുവർ സ്പിരിറ്റ്' എന്നായിരുന്നു രാഹുലിന്റെ അനുമോദനം. നിരാഹാരം കിടക്കുന്ന കെ. കെ. റിജു ആത്മഹത്യയ്ക്കു ശ്രമിച്ച കാര്യം പറഞ്ഞപ്പോൾ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഇനി അത്തരം ചിന്തയുണ്ടാവരുതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നും രാഹുൽ പറഞ്ഞു.
കെഎസ്ആർടിസി മെക്കാനിക്, ഫോറസ്റ്റ് വാച്ചർ, അദ്ധ്യാപക റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവരെയും ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട എയ്ഡഡ് എൽപി സ്‌കൂൾ അദ്ധ്യാപകരെയും കൂടി സന്ദർശിച്ച ശേഷമാണ് അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ നിരാഹാരപ്പന്തലിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നു കഴിഞ്ഞ ദിവസം നിരാഹാരം അവസാനിപ്പിച്ച ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയും സമരം ഏറ്റെടുക്കാൻ എത്തിയതോടെ സർക്കർ പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമത്തിലാണ്. പിഎസ്‌സി ഉദ്യോഗാർഥികളോടു പുറംതിരിഞ്ഞുനിന്ന സർക്കാർ ഒടുവിൽ ഒത്തുതീർപ്പിന്റെ വഴി തേടുകയാണ്. ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്), സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികയിലുള്ളവരുമായി ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലെ നിർദേശങ്ങൾ മന്ത്രിസഭ ഇന്നു ചർച്ച ചെയ്യും.
2015 ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ കായികതാരങ്ങൾക്കുള്ള ജോലിക്കാര്യത്തിൽ ഇന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നു കായിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു. താരങ്ങളുടെ സമരം ഇതോടെ തൽക്കാലം നിർത്തി. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എഡിജിപി മനോജ് ഏബ്രഹാമുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സർക്കാർ രേഖാമൂലം ഉറപ്പു തരുന്നതു വരെ സമരം തുടരാനാണ് എൽജിഎസ്, സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ തീരുമാനം. തിങ്കളാഴ്ച ഉറപ്പു ലഭിക്കാത്തതിനെ തുടർന്ന് എൽജിഎസ് ഉദ്യോഗാർഥികൾ നിരാഹാരത്തിലേക്കു കടക്കുകയും ചെയ്തു. ഈ വർഷം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് വിവിധ വകുപ്പു മേധാവികളിൽനിന്നു സർക്കാർ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ ഒഴിവുകൾ കൂടി പരിഗണിച്ചാവും മന്ത്രിസഭാ തീരുമാനം.
അതിനിടെ തൊഴിൽ സമര തെരുവായി മാറിയ സെക്രട്ടേറിയറ്റിനു മുന്നിലെ ഇന്നലത്തെ ദയനീയമായ കാഴ്ച ഫോറസ്റ്റ് റിസർവ് വാച്ചർ റാങ്ക് ഹോൾഡേഴ്‌സ് ഗ്രൂപ്പിലെ ഉദ്യോഗാർഥികളുടെ ശയന പ്രദക്ഷിണമായിരുന്നു. ചുട്ടുപൊള്ളുന്ന ടാർ റോഡിൽ ഷർട്ടില്ലാതെ ഉരുണ്ട ഉദ്യോഗാർഥികൾ പിന്നീട് തളർന്നു വീണു. തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്കു മതിയായ നിയമനം നൽകാതെ താൽക്കാലികക്കാരെ വാച്ചർ തസ്തികകളിൽ യഥേഷ്ടം നിയമിക്കുന്നതിനെതിരെയാണ് ഉദ്യോഗാർഥികൾ തിങ്കളാഴ്ച മുതൽ സമരം ആരംഭിച്ചത്. ഉദ്യോഗാർഥികളായ മുരളീ ദാസ്, രേവൽ ദാസ്, ആർ.രമേഷ്, ഗോകുൽ ദാസ് എന്നിവരാണ് റോഡിലൂടെ ഉരുണ്ടത്. സമര പന്തലിൽ നിന്ന് വടക്കേ ഗേറ്റ് വരെ ഉരുണ്ട ഇവർക്കൊപ്പം മറ്റ് ഉദ്യോഗാർഥികളും മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. നിയമനം ലഭിക്കും വരെ സമരം തുടരാനാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ