പത്തനംതിട്ട: സർക്കാർ സർവീസിൽ പരസ്പരം പാര വയ്ക്കുക എന്നതൊരു പുതിയ സംഭവമല്ല. പൊലീസിലും മറ്റു വകുപ്പുകളിലും സമസീനിയോറിട്ടിയുള്ളവരെ അടുത്ത പ്രമോഷനിൽ വെട്ടാൻ വേണ്ടി പല തരത്തിലുള്ള തന്ത്രങ്ങളും പ്രയോഗിക്കപ്പെടാറുണ്ട്. അതിനായി പെണ്ണു കേസ് വരെ ഉണ്ടാക്കുന്ന വിദ്വാന്മാരുണ്ട്. പത്തനംതിട്ട ജില്ലയിൽ അടുത്തു തന്നെ ഒഴിവു വരുന്ന എഡിഎം തസ്തികയിലേക്ക് കയറിപ്പറ്റാൻ ഒരേ സീനിയോറിറ്റിയുള്ള രണ്ടു ഡെപ്യൂട്ടി കലക്ടർമാർ നടത്തിയ പാര വയ്പിന്റെ കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏഴു വർഷം മുൻപുള്ള കോഴ പരാതി ഇപ്പോൾ കുത്തിപ്പൊക്കി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച് എതിരാളിയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇതിലൊരാളുടെ തന്ത്രം.

സർക്കാർ ഭൂമിയിലെ പാറകൈയേറ്റവും ഖനനവും കണ്ടെത്തുന്നതിന് ടോട്ടൽ സ്്‌റ്റേഷൻ സർവേ നടത്തുന്നതിനിടെ ഖനനം തടസപ്പെടുത്താതിരിക്കാൻ ക്രഷർ യൂണിറ്റ് ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്നു വർഷത്തിന് ശേഷം വിജിലൻസ് കേസെടുത്തു. കേസിൽ പ്രതികളായ പത്തനംതിട്ട ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ പിആർ ഷൈൻ, ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിലെ സർവേയർ ഗ്രേഡ് -ഒന്ന് ആർ. രമേഷ്‌കുമാർ എന്നിവരാണ് സസ്‌പെൻഷനിലായത്. വിജിലൻസ് ഡയറക്ടറുടെ ശിപാർശ പ്രകാരം റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

2014 ൽ വള്ളിക്കോട് വില്ലേജിലെ ജെ ആൻഡ് എസ് ആൻഡ് അമ്പാടി ഗ്രാനൈറ്റ്‌സിന്റെ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ ഷൈനും രമേഷും ചേർന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. പാറമട ഉടമ അമ്പാടി സദാനന്ദൻ അന്ന് നൽകിയ പരാതിയിൽ യാതൊരു നടപടിയുമുണ്ടായില്ല. കുപിതനായ ക്വാറി ഉടമ പത്രസമ്മേളനം വിൽച്ച് താൻ കൈക്കൂലി നൽകിയ തുകയുടെയും കണക്കും അതു വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരും പുറത്തു വിട്ടിരുന്നു. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. അന്നൊന്നും നടക്കാതെ വന്ന അന്വേഷണം ഇപ്പോൾ നടന്നതിന്റെ ഞെട്ടലിലാണ് പരാതിക്കാരൻ അടക്കമുള്ളവർ.

കാരണം, അന്നത്തെ പരാതി ക്വാറി ഉടമയും ആരോപണ വിധേയരായ ഉദ്യോഗസ്ഥരും ചേർന്ന് ഒത്തു തീർപ്പാക്കിയിരുന്നു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥരെ തിരികെ ജില്ലയിൽ നിയമിക്കാൻ സിപിഐയുടെ ജില്ലാ നേതാവിനോട് അടക്കം സമ്മർദം ചെലുത്തിയത് ക്വാറി ഉടമയാണെന്നതാണ് ഏറെ വിചിത്രം. നിലവിൽ പരാതിക്കാരന് പോലും താൽപര്യമില്ലാത്ത അവസരത്തിലാണ് പഴകിയ പരാതി വിജിലൻസ് കുത്തിപ്പൊക്കിയിരിക്കുന്നത്.

ഏഴു വർഷത്തിന് ശേഷം വിജിലൻസ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും കഴിഞ്ഞ ഒക്ടോബർ 13 ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കണ്ടാണ് സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ കത്തു നൽകിയത്.

പരാതിക്ക് ഇടയാക്കിയ സംഭവം നടക്കുമ്പോൾ പി.ആർ. ഷൈൻ കോന്നി ഡെപ്യൂട്ടി തഹസിൽദാരും ആർ. രമേഷ്‌കുമാർ കോന്നി താലൂക്ക് ഓഫീസിൽ സർവേയർ ഗ്രേഡ്-രണ്ടുമായിരുന്നു. പുറമ്പോക്ക് ഭൂമിയിലെ പാറ കൈയേറ്റവും ഖനനവും കണ്ടെത്തുന്നതിനായി ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയിരുന്നു. ഈ സർവേ പൂർത്തിയാകുന്നതു വരെ പാറഖനനം നിർത്തി വയ്ക്കണമെന്നാണ് നിയമം. പാറഖനനം നിർത്തിവയ്ക്കാനുള്ള റിപ്പോർട്ട് കലക്ടർക്ക് നൽകാതിരിക്കാൻ വേണ്ടി ക്രഷർ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

എഡിഎം തസ്തികയിലേക്ക് കയറാനിരിക്കുന്ന പിആർ ഷൈനിനെ വെട്ടിയതോടെ ഇനി അവകാശവാദം ഒരു ഉദ്യോഗസ്ഥന് മാത്രമായി ചുരുങ്ങും. വിജിലൻസിന്റെ പെട്ടെന്നുള്ള ബോധോദയത്തിന്റെ കാരണമാണ് കലക്ടറേറ്റിലുള്ളവർക്ക് പിടികിട്ടാത്തത്. എന്നാൽ ഇത് എഡിഎം തസ്തിക നോട്ടമിട്ടുള്ള പണിയാണെന്ന വാർത്ത കലക്ടറേറ്റ് മുഴുവൻ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.