ശ്രീനഗർ: 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിൽ ഭീകരരെ സഹായിച്ച യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് എൻ.ഐ.എ.2019 ഫെബ്രുവരി 14നായിരുന്നു പുൽവാമ ആക്രമണം. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇൻഷാ ജാൻ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും നൽകിയിരിക്കുന്നത്.

ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച ഏക വനിതയാണ് ഇൻഷ. ഇവർ പിന്നീട് അറസ്റ്റിലായിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ മൊഹദ് ഉമർ ഫാറൂഖുമായി ഫോണിലും സമൂഹ മാധ്യമങ്ങളിലുടെയും ഇൻഷ നിരന്തരം ബന്ധം പുലർത്തിയിരുന്നു.

ബോംബ് നിർമ്മാണ വിദഗ്ധനായ ഈ പാക്കിസ്ഥാനിയെ മാർച്ചിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇരുവരും തമ്മിൽ കൈമാറിയിരുന്ന സന്ദേശങ്ങൾ എൻ.ഐ.എയുടെ 13,500 പേജുള്ള കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമർ ഫാറൂഖുമായി മകൾക്കുള്ള അടുപ്പത്തെ കുറിച്ച് ഇൻഷായുടെ പിതാവ് താരിഖ് പീറിന് അറിവുണ്ടായിരുന്നു.

പുൽവാമയിലേക്കുള്ള ഇവരുടെ നീക്കം സുഗമമാക്കുന്നതിന് ഇയാൾ സഹായം ചെയ്തുനൽകി. ആക്രമണത്തിൽ മുഖ്യപങ്ക് വഹിച്ച ഉമർ ഫാറൂഖ്, സമീർ ദർ, അദിൽ അഹമ്മദ് ദർ എന്നിവർക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങൾ പതിനഞ്ചിലേറെ തവണ ഈ പിതാവും മകളും ചേർന്നൊരുക്കി.

2018ലും 2019ലും പല ദിവസം ഈ ഭീകരർ ഇവരുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. രണ്ടു മുതൽ നാലു ദിവസം വരെ താമസിച്ച അവസരവുമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാസേനകളുടെ നീക്കങ്ങളെക്കുറിച്ച് ഉമർ ഫാറൂഖിന് വിവരം നൽകിയിരുന്നതും ഇൻഷാ ജാൻ ആയിരുന്നു. കൊടും ഭീകരനും ജെയ്ഷെ സ്ഥാപകനുമായ മൗലാന മസൂദ് അസറിന്റെ അനന്തിരവനാണ് ഉമർ ഫാറൂഖ്.

ആദിൽ അഹമ്മദ് ദർ ആണ് ചാവേർ ആയി സിആർപിഎഫ് സംഘത്തിലേക്ക് കാർ ഓടിച്ചുകയറ്റിയത്. നാല് ഭീകരർക്കൊപ്പം 2018 ഏപ്രിൽ 14നാണ് ഉമർ ഫാറൂഖ് അതിർത്തിയിൽ നുഴഞ്ഞുകയറിയത്. ദക്ഷിണ കാഷ്മീരിൽ എത്തിയ ഉമർ ഫാറൂഖ് ആദ്യം ചെറുകിട ഭീകരാക്രമണങ്ങളിലാണ് പങ്കെടുത്തത്. കുടുതൽ ഭീകരരെ ഇതിനായി പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു.

2018 ഒക്ടോബറിൽ ഇയാളുടെ സഹോദരൻ ഇബ്രാഹിം ഹൈദർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് ഇയാൾ ആക്രമണങ്ങളുടെ നേതൃത്വം ഏറ്റെടുത്തത്. ഇൻഷയുടെ വീട്ടിലെ നിത്യസന്ദർശകനായ ഉമർ ഫാറൂഖ് അവിടെ വച്ച് വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. അതിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുന്നുണ്ട്.