- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനലൂർ പാസഞ്ചറിൽ ആക്രമണം ഉണ്ടായിട്ടും ഐലൻഡിൽ 30കാരിയെ ടിടിആർ കടന്നുപിടിച്ചിട്ടും റെയിൽവെക്ക് കുലുക്കമില്ല; വ്യാഴാഴ്ചയും പേരിന് പോലും ഇല്ല സുരക്ഷാ ഉദ്യോഗസ്ഥർ; സ്ത്രീകൾ യാത്ര ചെയ്യുന്നത് ഭീതിയോടെ: വ്യാഴാഴ്ച എല്ലാവരും കൂടി ഒരുകംപാർട്ട്മെന്റിൽ; റെയിൽവെ പൊലീസിന് കഴിയില്ലെങ്കിൽ കേരള പൊലീസെങ്കിലും സുരക്ഷ നൽകണമെന്ന് യാത്രികർ
കൊച്ചി: ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായിട്ടും പേരിനു പോലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാതെ ഇന്ന് രാവിലെ ഗുരുവായൂർ - പുനലൂർ പാസഞ്ചർ സർവ്വീസ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ട്രെയിനാണിത്. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ ഭീതിയിൽ സ്ത്രീകൾ എല്ലാവരും ഒരു കംപാർട്ട്മെന്റിലാണ് യാത്ര ചെയ്തത്. ബാക്കിയുള്ള കംപാർട്ടമെന്റുകൾ കാലിയായിരുന്നു. റെയിൽവേയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടും സുരക്ഷ വർദ്ധിപ്പിക്കാതെ അലംഭാവം കാട്ടുന്നതിനെതിരെ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാന പൊലീസെങ്കിലും സുരക്ഷയ്ക്കായി രംഗത്തെത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
റെയിൽവേ ജീവനക്കാരിൽ നിന്നുപോലും പീഡന ശ്രമം ഉണ്ടാകുന്നതിനെ ഏറെ ഞെട്ടലോടെയാണ് കാണുന്നതെന്ന് യാത്രക്കാർ പറയുന്നു. ഏപ്രിൽ 12 ന് ഐലൻഡ് എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് യാത്രചെയ്ത 30കാരിയെ ടിടിആർ കടന്നു പിടിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇന്നാണ് റെയിൽവേ അയാളെ സസ്പെൻഡ് ചെയ്തത്. സ്ത്രീ സുരക്ഷയെന്നത് വെറും കടലാസിൽ ഒതുങ്ങാതെ പ്രാവർത്തികമാക്കുകയാണ് റെയിൽവേ വേണ്ടതെന്നും അവർ വർ പറഞ്ഞു. സർക്കാരുകൾ സുരക്ഷയ്ക്കായി ഒന്നും ചെയ്തില്ലെങ്കിൽ ട്രെയിൻ യാത്ര ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.
ചെങ്ങന്നൂരിൽ ജോലി ചെയ്യുന്ന മുളന്തുരുത്തി കാരിക്കോട് സ്വദേശിനിയായ 32-കാരിയാണ് പട്ടാപ്പകൽ ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ ആക്രമണത്തിനിരയായത്. ബുധനാഴ്ച കാലത്ത് ഒമ്പതുമണിയോടെ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകൾക്കിടയിൽ ഓലിപ്പുറത്തിനു സമീപത്താണ് യുവതി തീവണ്ടിയിൽനിന്നു ചാടിയത്. രാവിലെ എട്ടേമുക്കാലോടെ മുളന്തുരുത്തി സ്റ്റേഷനിൽനിന്നാണ് ഇവർ വനിതാ കമ്പാർട്ട്മെന്റിൽ കയറിയത്. ഇതിലുണ്ടായിരുന്നയാളാണ് തീവണ്ടി പുറപ്പെട്ടപ്പോൾ യുവതിയെ ആക്രമിച്ചത്. വലിയ സ്ക്രൂഡ്രൈവർ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോണും സ്വർണമാലയും വളകളും വാങ്ങിയെടുത്തു. ലേഡീസ് കമ്പാർട്ട്മെന്റിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കവർച്ചയ്ക്കു ശേഷം ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് യുവതി തീവണ്ടിയിൽനിന്ന് ചാടിയത്. അല്പസമയം തീവണ്ടിയുടെ പുറത്ത് തൂങ്ങി ക്കിടന്ന ശേഷം ട്രാക്കിന്റെ വശത്തേക്ക് വീഴുകയായിരുന്നു. തൂങ്ങിക്കിടക്കുന്നതിനിടെ പ്രതി തള്ളിയിട്ടതാണോ എന്നും സംശയമുണ്ട്. തീവണ്ടിക്ക് വേഗം കുറവായതും മണൽത്തിട്ടയിൽ വീണതും രക്ഷയായി. ഇവർ വീണുകിടക്കുന്നതു കണ്ട ഒലിപ്പുറം തൃക്കേമ്യാലിൽ ശ്യാമളയും മകൾ ശ്രീജയുമാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിന്റെ നേതൃത്വത്തിൽ യുവതിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. കഴുത്തിനും തലയ്ക്കും നട്ടെല്ലിനും പരിക്കുള്ള യുവതി ഐ.സി.യു.വിലാണ്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പത്തു വർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ഫെബ്രുവരി 11ന് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് ഷൊർണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷമാണ് ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. സൗമ്യയെ ട്രെയിനിൽനിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.