- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി പടനയിച്ച് ജോണി ബെയർസ്റ്റോ; മികച്ച പിന്തുണയുമായി വാർണറും വില്യംസണും; പഞ്ചാബ് കിങ്സിനെ ഒമ്പത് വിക്കറ്റിന് തകർത്ത ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
ചെന്നൈ: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ ഒമ്പത് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് ഒടുവിൽ വിജയ വഴിയിൽ. പഞ്ചാബ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ ലക്ഷ്യത്തിലെത്തി.
ബോളർമാരുടെ മികവിൽ പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കിയ ഹൈദരാബാദ്, അർധ സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയുടെ ബാറ്റിങ് മികവിലാണ് ലക്ഷ്യം മറികടന്നത്. 56 പന്തുകൾ നേരിട്ട ബെയർസ്റ്റോ മൂന്ന് സിക്സും മൂന്ന് ഫോറുമടക്കം 63 റൺസോടെ പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ കൂടിയായ ഡേവിഡ് വാർണറിനൊപ്പം ബെയർസ്റ്റോ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തപ്പോൾത്തന്നെ മത്സരത്തിന്റെ വിധി വ്യക്തമായിരുന്നു. 61 പന്തിൽ 73 റൺസ് കൂട്ടിച്ചേർത്താണ് ഇവരുടെ സഖ്യം പിരിഞ്ഞത്.
വാർണർ 37 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് പുറത്തായി. പഞ്ചാബ് ജഴ്സിയിൽ അരങ്ങേറിയ വെസ്റ്റിൻഡീസ് താരം ഫാബിയൻ അലനാണ് വിക്കറ്റ്. ഹൈദരാബാദ് നിരയിൽ സീസണിലെ ആദ്യ മത്സരം കളിച്ച ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ 19 പന്തിൽ 16 റൺസുമായി വിജയത്തിൽ ബെയർസ്റ്റോയ്ക്ക് കൂട്ടുനിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോ വില്യംസൻ സഖ്യം 51 പന്തിൽ 48 റൺസ് കൂട്ടിച്ചേർത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 19.4 ഓവറിൽ 120 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഹൈദരാബാദ് ബൗളർമാർ തിളങ്ങിയതോടെ പഞ്ചാബിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി.
22 റൺസ് വീതമെടുത്ത മായങ്ക് അഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറർമാർ.
കെ.ൽ രാഹുൽ (4), ക്രിസ് ഗെയ്ൽ (15), നിക്കോളാസ് പുരൻ (0), ദീപക് ഹൂഡ (13) എന്നിവർക്കാർക്കും തന്നെ പഞ്ചാബ് സ്കോറിലേക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല.
മോയ്സസ് ഹെന്റിക്വസ് (14), ഫാബിയാൻ അലൻ (6), മുരുഗൻ അശ്വിൻ (9), മുഹമ്മദ് ഷമി (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
സൺറൈസേഴ്സിനായി ഖലീൽ അഹമ്മദ് നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നും അഭിഷേക് ശർമ നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാൻ, മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. സിദ്ധാർഥ് കൗൾ 3.4 ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു
ഹൈദരാബാദ് ടീമിൽ മുജീബ്, അബ്ദുൾ സമദ്, മനീഷ് പാണ്ഡെ എന്നിവർക്ക് പകരം കെയ്ൻ വില്യംസൺ, കേദാർ ജാദവ്, സിദ്ധാർഥ് കൗൾ എന്നിവർ ഇടംനേടി.
രണ്ടു മാറ്റങ്ങളോടെയാണ് പഞ്ചാബ് കളത്തിലിറങ്ങിയത്. ജൈ റിച്ചാർഡ്സണും റിലി മെറിഡിത്തിനും പകരം ഫാബിയാൻ അലനും മോയ്സസ് ഹെന്റിക്വസും ഇടംപിടിച്ചു.
സ്പോർട്സ് ഡെസ്ക്