- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഞ്ഞടിച്ച് ഹോൾഡർ; ഗെയ്ലിനെ ഇറക്കിയിട്ടും കരതൊടാതെ പഞ്ചാബ്; ഹൈദരാബാദിന് 126 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
ഷാർജ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് പതറുന്നു. ഹൈദരാബാദ് ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റിന് 39 റൺസ് എന്ന നിലയിലാണ്. മൂന്ന് ഓവറിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് പവർപ്ലേ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിലായിരുന്നു.
ഡേവിഡ് വാർണറെയും(3 പന്തിൽ 2), കെയ്ൻ വില്യംസണെയും(6 പന്തിൽ 1) പേസർ മുഹമ്മദ് ഷമി പുറത്താക്കി. 13 റൺസ് എടുത്ത മനീഷ് പാണ്ഡയെ രവി ബിഷ്ണോയി പുറത്താക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, സൺറൈസേഴ്സ് ബൗളർമാർക്ക് മുന്നിൽ വിയർത്തപ്പോൾ 20 ഓവറിൽ ഏഴ് വിക്കറ്റിന് 125 റൺസേ എടുത്തുള്ളൂ. 27 റൺസെടുത്ത എയ്ഡൻ മർക്രാമാണ് ടോപ് സ്കോറർ. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ജേസൻ ഹോൾഡറാണ് പഞ്ചാബിനെ പൂട്ടിയത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹോൾഡർ തുടക്കത്തിലെ ആഞ്ഞടിച്ചതോടെ പഞ്ചാബ് മുൻനിര തകർന്നു. അഞ്ചാം ഓവറിൽ പന്തെടുത്ത ഹോൾഡർ ഓപ്പണർമാരെ അഞ്ച് പന്തുകളുടെ ഇടവേളയിൽ മടക്കി. കെ എൽ രാഹുൽ 21 പന്തിൽ അത്രതന്നെ റൺസെടുത്തും മായങ്ക് അഗർവാൾ ആറ് പന്തിൽ അഞ്ച് റൺസുമെടുത്താണ് കൂടാരം കയറിയത്. പവർപ്ലേ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റിന് 29 റൺസ് മാത്രമാണ് ടീമിനുണ്ടായിരുന്നത്.
ടീമിലേക്കെത്തിയ ക്രിസ് ഗെയ്ൽ(17 പന്തിൽ 14) കൂറ്റൻ ഷോട്ടുകൾക്ക് മടിച്ചപ്പോൾ 11-ാം ഓവറിൽ റാഷിദ് ഖാൻ എൽബിയിൽ കുരുക്കൊരുക്കി. മറ്റൊരു വിൻഡീസ് വെടിക്കെട്ട് വീരൻ നിക്കോളാസ് പുരാനെ നിലയുറപ്പിക്കാൻ സന്ദീപ് ശർമ്മയും അനുവദിച്ചില്ല. 12-ാം ഓവറിൽ തുടർച്ചയായ രണ്ടാം സിക്സറിന് ശ്രമിച്ച പുരാനെ(4 പന്തിൽ എട്ട്) സന്ദീപ് റിട്ടേൺ ക്യാച്ചിൽ പറഞ്ഞയച്ചു. ഒരുവശത്ത് കാലുറപ്പിക്കുമെന്ന് തോന്നിയ എയ്ഡൻ മർക്രാം 32 പന്തിൽ 27 റൺസെടുത്ത് അബ്ദുൾ സമദിന് മുന്നിൽ കീഴടങ്ങിയതോടെ പഞ്ചാബ് 15 ഓവറിൽ 93/5 എന്ന നിലയിൽ വലിയ പ്രതിരോധത്തിലായി.
അവസാന അഞ്ച് ഓവറിൽ പഞ്ചാബ് കിങ്സ് 32 റൺസ് മാത്രമാണ് നേടിയത്. 16-ാം ഓവറിൽ ഹോൾഡർ വീണ്ടും മിന്നലായി. ഇതോടെ ദീപക് ഹൂഡ 10 പന്തിൽ 13 റൺസിൽ വീണു. ഹർപ്രീത് ബ്രാറും നേഥൻ എല്ലിസും പഞ്ചാബിനെ 17-ാം ഓവറിൽ 100 കടത്തി. അവസാന ഓവറിൽ വെടിക്കെട്ടിനുള്ള ശ്രമത്തിനിടെ നേഥൻ എല്ലിസ്(12 പന്തിൽ 12) ഭുവിക്ക് മുന്നിൽ കീഴടങ്ങി. 20 ഓവർ പൂർത്തിയാകുമ്പോൾ ഹർപ്രീത് ബ്രാറും(18 പന്തിൽ 18*), മുഹമ്മദ് ഷമിയും(0*) പുറത്താകാതെ നിന്നു.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. അതേസമയം പഞ്ചാബ് കിങ്സിൽ മൂന്ന് മാറ്റമുണ്ടായാരുന്നു. ഫാബിയൻ അലനും ഇഷാൻ പോരെലും ആദിൽ റഷീദും പുറത്തിരിക്കുമ്പോൾ നേഥൻ എല്ലിസ്, ക്രിസ് ഗെയ്ൽ, രവി ബിഷ്ണോയി എന്നിവർ പ്ലേയിങ് ഇലവനിലെത്തി.
സ്പോർട്സ് ഡെസ്ക്