- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും കേസിൽ പെടുത്തി എന്നെ അറസ്റ്റ് ചെയ്യൂ; ജൂനിയർ മാൻഡ്രേക്കിലെ ജഗതിയെ പോലെ അഭ്യർത്ഥനയുമായി സ്ഥിരം മോഷ്ടാവ് സ്റ്റേഷനിൽ; ഓടിച്ചു വിട്ടപ്പോൾ ബസ് എറിഞ്ഞു തകർത്തു; ഗ്രേഡ് എസ്ഐയെ ചവിട്ടിയും സ്റ്റേഷൻ അടിച്ചു തകർത്തും അതിക്രമം
പത്തനംതിട്ട: സൂപ്പർ ഹിറ്റായ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ പൊലീസ് സ്റ്റേഷനിലെ സെല്ലിൽ കയറി കിടക്കാൻ ജഗതിയുടെ കഥാപാത്രം കാണിച്ചു കൂട്ടിയ പരിപാടികൾ കണ്ട് പൊട്ടിച്ചിരിച്ചവരാണ് നമ്മൾ എല്ലാവരും. ഇതേ പോലെ ചിറ്റാർ സ്റ്റേഷനിലെ സെല്ലിൽ കയറി കിടക്കണമെന്ന മോഹവുമായി സ്ഥിരം മോഷ്ടാവും ക്രിമിനൽ കേസുകളിൽ പ്രതിയുമായ അച്ചായി എന്ന് അറിയപ്പെടുന്ന മണക്കയം സ്വദേശി ഷാജി തോമസ് എത്തിയത് ബുധനാഴ്ച വൈകിട്ട് നാലിനാണ്.
തന്റെ ആവശ്യം സവിനയം പൊലീസുകാരെ അറിയിച്ചു. അവിടെ നിന്നുള്ള മറുപടി ആശാവഹമായിരുന്നില്ല. അവർ അനുനയിപ്പിച്ചു നോക്കി. രക്ഷയില്ല. അവസാനം ഓടിച്ചു വിട്ടു. സെല്ലിൽ കിടക്കണമെന്ന ഷാജിയുടെ മോഹം ഇതു കൊണ്ടൊന്നും ഇല്ലാതായില്ല. ചിറ്റാർ ടൗണിൽ എത്തി ഒരു സ്വകാര്യ ബസിന്റെ മുന്നിലെ ചില്ല് എറിഞ്ഞുടച്ചു. ജീവനക്കാർ കൈയോടെ പിടിച്ച് സ്റ്റേഷനിൽ എത്തിച്ചു.
സ്റ്റേഷനുള്ളിൽ കയറിയതോടെ ഷാജി തനിസ്വഭാവം കാണിച്ചു. ഇയാളുടെ ചവിട്ടേറ്റ് ഗ്രേഡ് എസ്ഐ ഷാജി പണിക്കർക്ക് പരുക്കേറ്റു. മേശപ്പുറത്തിരുന്ന സ്‌കാനർ തട്ടി മറിച്ചിട്ടു. ബഞ്ചും കസേരയുമെടുത്ത് നിലത്തടിച്ചു. അടിയുടെ ആഘാതത്തിൽ സ്റ്റേഷൻ തറയിലെ ടൈൽ പൊട്ടിമാറി. സ്‌കാനറും ഫർണിച്ചറുകളും തകർത്തതുമായി ബന്ധപ്പെട്ട് 25000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കെഎസ്ആർടിസി അടക്കം നിരവധി ബസുകൾ മോഷ്ടിച്ച കേസിൽ പ്രതിയാണ് ഇയാൾ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്