- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്ക പിന്മാറിയ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യം; അമേരിക്കയുമായി സൗഹൃദം ദിനംപ്രതി മെച്ചപ്പെടുമ്പോഴും പഴയ സുഹൃത്തായ റഷ്യയെ ചേർത്ത് പിടിക്കാൻ മോദി; പുട്ടിൻ ഡൽഹിയിൽ എത്തുമ്പോൾ
ന്യൂഡൽഹി: റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് ഡൽഹിയിൽ. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പുട്ടിൻ എത്തുന്നത് ഏറെ നിർണ്ണായകമാണ്. ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്കെതിരെ ഒരുമിക്കുകയാണ്. അഫ്ഗാനിലെ താലിബാനും ഭീഷണിയാണ്. ഇതിനെതിരായ ഇന്ത്യൻ പോരാട്ടത്തിന് റഷ്യ കൂടെയുണ്ടെന്ന സന്ദേശമാണ് പുട്ടിന്റെ വരവ് നൽകുന്നത്.
റഷ്യയുടെ ചിരവൈരിയായ അമേരിക്കയുമായി ഇന്ത്യയും ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി റഷ്യയും അടുക്കുന്ന സാഹചര്യത്തിൽ എന്നത്തെയും നല്ല സുഹൃദ് രാജ്യ മേധാവിയുടെ ഇത്തവണത്തെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതേസമയം അമേരിക്കയുമായി സൗഹൃദം ദിനംപ്രതി മെച്ചപ്പെടുമ്പോഴും പഴയ സുഹൃത്തായ റഷ്യയെ ചേർത്ത് പിടിക്കാൻ ഇന്ത്യ മടികാട്ടുന്നുമില്ല. ലോകത്തിന് അദ്ഭുതമാണ് ഇന്ത്യയുടെ ഈ നയതന്ത്ര വിജയം.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയിലും പുടിൻ പങ്കെടുക്കും. ഇന്ത്യയും റഷ്യയും തമ്മിൽ എ.കെ.203 റൈഫിൾ കരാറടക്കം 10 ഉഭയകക്ഷി കരാറുകളും ഒപ്പുവയ്ക്കും. റഷ്യൻ നിർമ്മിത എസ്400 ട്രയംഫ് മിസൈലുകൾ സംബന്ധിച്ച വിശദ ചർച്ചകളും നടക്കുമെന്നറിയുന്നു. 2018ലാണു കരാർ ഒപ്പിട്ടത്. ഈ ഇടപാടിന്റെ പേരിലുള്ള യുഎസ് ഉപരോധഭീഷണിയുടെ പശ്ചാത്തലത്തിൽ ചർച്ചകൾ സാധ്യതയേറെയാണ്. ചൈനയ്ക്കും തുർക്കിക്കും റഷ്യ ഈ മിസൈൽ നൽകിയിട്ടുണ്ട്.
അമേരിക്കയെ പിണക്കാതെ തന്നെ റഷ്യയുമായി സഹകരിക്കാനാണ് ഇന്ത്യൻ തീരുമാനം. പ്രതിരോധത്തിനൊപ്പം കോവിഡ് സഹകരണവും ചർച്ചയാകും. നിരവധി കരാറുകളും ഒപ്പിടും. പ്രതിരോധത്തിൽ 7.5 ലക്ഷം എ.കെ.203 റൈഫിളുകളുടെ നിർമ്മാണം സംബന്ധിച്ച കരാറാണ് മറ്റൊരു സുപ്രധാന നീക്കം. കൂടാതെ കപ്പൽ ഗതാഗതം, യാത്രാസൗകര്യങ്ങൾ, സാങ്കേതിക സഹകരണം, വിദ്യാഭ്യാസം, സാംസ്കാരികം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളും ഒപ്പിട്ടേക്കും.
റഷ്യ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, പ്രതിരോധ മന്ത്രി സെർജി ഫൊയ്ഗു എന്നിവർ ഇന്നലെ ഡൽഹിയിലെത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ഇന്നു രാവിലെ അവർ ചർച്ചകൾ നടത്തും. യുഎസും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ചേർന്ന 'ക്വാഡ്' കൂട്ടായ്മയോട് റഷ്യയ്ക്ക് താൽപര്യമില്ല. 'ഇൻഡോ പസിഫിക്' മേഖല എന്ന ആശയത്തോടും റഷ്യയ്ക്ക് എതിർപ്പാണ്.
ഏഷ്യ പസിഫിക് എന്ന ആശയത്തിലൂന്നിയാണു സഹകരണങ്ങൾ വേണ്ടെന്നും റഷ്യ പറയുന്നു. ഇക്കാര്യങ്ങളും ചർച്ചകളിൽ വന്നേക്കും. അഫ്ഗാനിലെ സ്ഥിതി ഗതികളും ചൈനയുടെ വെല്ലുവിളികളും റഷ്യയ്ക്ക് മുമ്പിൽ ഇന്ത്യ അവതരിപ്പിക്കും. മോദി പുട്ടിൻ ചർച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയുമുണ്ടാകും. കോവിഡ് കാരണം കഴിഞ്ഞ വർഷം ഇന്ത്യറഷ്യ ഉച്ചകോടി മാറ്റിവച്ചിരുന്നു. 2019 ലെ ബ്രിക്സ് ഉച്ചകോടിയിലാണ് മോദിയും പുട്ടിനും ഒടുവിൽ കണ്ടത്.
അമേരിക്ക പിന്മാറിയ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ, ഭീകര ഭീഷണി നേരിടാൻ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ