- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെലാറസിലേക്ക് സൈന്യത്തെ അയച്ചും നൊർത്ത് സീയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചും യൂറോപ്പിനെ പ്രകോപിപ്പിച്ച് റഷ്യ; പോളണ്ടിലേക്ക് സൈന്യത്തെ അയച്ച് തിരിച്ചടിക്കാൻ ബ്രിട്ടൻ; ഉക്രെയിനിൽ കടന്നു കയറി പുട്ടിൻ പ്രകോപനം സൃഷ്ടിച്ചേക്കുമെന്ന് അമേരിക്ക; നിനച്ചിരിക്കാതെ ലോകം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിങ്ങനെ
ബെലാറസിനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും ഇടയിൽ ഉരുണ്ടുകൂടുന്ന സംഘർഷാവസ്ഥ വീണ്ടും കനക്കുകയാണ്. ബെലാറസ് ഏകാധിപതി അലക്സാണ്ടർ ലുക്കാഷെൻകോവിനെതിരെ പടനയിക്കുന്ന ജനാധിപത്യവാദികൾക്ക് പിന്തുണനൽകിയെന്ന കാരണത്താൽ പത്രപ്രവർത്തകനെ റെയ്നാർ വിമാനം ബലമായി നിലത്തിറക്കി അറസ്റ്റ്ചെയ്തപ്പോൾ തുടങ്ങിയതാണ് ബെലാറസും യൂറോപ്യൻ യൂണിയനുമായുള്ള സംഘർഷം. ഈ അറസ്റ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ബെലാറസിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
അതിന്റെ പ്രതികാരമെന്നോണം ലുക്കാഷെൻകോവ് പുതിയ യുദ്ധ തന്ത്രങ്ങളായിരുന്നു പയറ്റാൻ ആരംഭിച്ചത്. മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെ പാവങ്ങളെ ആകർഷിച്ച് ബെലറസിലെത്തിച്ച് അവരെ അതിർത്തികടത്തി, പോളണ്ട് വഴി പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടത്തുക എന്നതായി ബെലാറസിന്റെ പദ്ധതി. ബെലാറസ് സൈന്യത്തിന്റെ സഹായത്തോടെ നടക്കുന്ന ഈ അനധികൃത കുടിയേറ്റം യൂറോപ്പിൽ അരാജകത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന ആരോപണം ഉയർന്നിരുന്നു. മാത്രമല്ല, സൈനിക പരിശീലനം സിദ്ധിച്ചവരെയും മുൻ സൈനികരേയുമാണ് തിരഞ്ഞുപിടിച്ച് ഇത്തരത്തിൽ അതിർത്തി കടത്തുന്നതെന്ന് ബെലാറസിന്റെ ഒരു മുൻ നയതന്ത്ര ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വടക്കൻ കടലിൽ അശാന്തി പരത്തി റഷ്യൻ സൈന്യം
മേഖലയിൽ സംഘർഷം മൂർച്ഛിച്ചതോടെ ബെലാറസിന് പിന്തുണയുമായി റഷ്യ രംഗത്തെത്തി. കഴിഞ്ഞ ദിവസം ബെലാറസ് അതിർത്തിയിൽ റഷ്യയുടെ വ്യോമസേന പരിശീലനപ്പറക്കൽ നടത്തിയിരുന്നു. അതിനുപുറമേ ഇപ്പോൾ ബെലാറസിലേക്ക് സൈന്യത്തെ അയച്ചിരിക്കുകയാണ് റഷ്യ. കൂടാതെ പശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിക്കാനായി വടക്കൻ കടലിനു മീതെ ബോംബർ വിമാനങ്ങളുമായി റഷ്യൻ വ്യോമസേന പ്രകടനം നടത്തുകയും ചെയ്തിരിക്കുന്നു. അതേസമയം ഉക്രെയിനിനെ ആക്രമിക്കാനാണ് റഷ്യ ഉദ്ദേശിക്കുന്നതെങ്കിൽ അത് വ്ളാഡിമിർ പുട്ടിൻ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമായി മാറുമെന്ന മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തി.
ലോകത്തിന്റെ കണ്ണുകൾ ബെലാറസ് അതിർത്തിയിലുണ്ടെന്നും അമേരിക്കയും അവിടത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് പറഞ്ഞു. യൂറോപ്പിനെതിരെ കുടിയേറ്റക്കാരെ ആയുധമാക്കി ഉപയോഗിക്കുന്ന ഏകാധിപതി, അലക്സാണ്ടർ ലുക്കാഷെൻകോവിന്റെ നടപടികൾക്കെതിരെ അമേരിക്ക സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിൻകെനും രംഗത്തെത്തി. ബെലാറസിയൻ സൈന്യവുമായി ചേർന്ന് റഷ്യ ബോംബിങ് പരിശീലനം നടത്തിയതിനും ഉക്രെയിൻ അതിർത്തിയിൽ സൈന്യവിന്യാസം വർദ്ധിപ്പിച്ചതിനും തൊട്ടു പിന്നാലെ പാരിസിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് കമലാ ഹാരിസ് ഇക്കാര്യം പറഞ്ഞത്.
ലുക്കാഷെൻകോവ് ഭരണകൂടം മേഖലയിലെ സമാധാനം കെടുത്തുകയാണെന്ന് ആരോപിച്ച കമല ഹാരിസ്, താൻ ഇക്കാര്യം ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണുമായി ചർച്ച ചെയ്തുവെന്നും അറിയിച്ചു. പോളണ്ടിലേക്ക് കടക്കുവാൻ അഭയാർത്ഥികളായെത്തിയവർ തടിച്ചുകൂടിയ അതിർത്തിപ്രദേശത്തുനിന്നും 20 മൈൽ അകലെയായിരുന്നു പാരാട്രൂപ്പർമാർ അടങ്ങിയ സംഘം പരിശീലന പ്രകടനം നടത്തിയത്. അതേസമയം ചെറിയൊരു വിഭാഗം ബ്രിട്ടീഷ് സൈന്യത്തെ പോളണ്ട് അതിർത്തിയിൽ വിന്യസിച്ചതായി വാർത്തകളുണ്ട്. റോയൽ ഇലക്ട്രിക്കൽ മെക്കാനിക്കൽ എഞ്ചിനിയേഴ്സിൽ നിന്നുള്ളവരാണ് ഇവർ എന്നാണ് അറിയുവാൻ കഴിയുന്നത്.
റഷ്യ ഉന്നം വയ്ക്കുന്നത് ഉക്രെയിനിനെ
ബെലാറസിന് പിന്തുണയുമായി യൂറോപ്യൻ ശക്തികളെ വെല്ലുവിളിച്ചിറങ്ങിയ റഷ്യയുടെ കണ്ണുകൾ പക്ഷെ ഉക്രെയിനിലാണെന്നാണ് നിരീക്ഷകർ പറയുന്നത്. പുട്ടിന്റെ അടുത്തയാളായ ഉക്രെയിൻ മുൻ പ്രസിഡണ്ട് യാനുക്കോവിച്ചിനെ പുറത്താക്കിയപ്പോൾ തുടങ്ങിയതാണ് പുട്ടിന് ഉക്രെയിനിനോടുള്ള വിരോധം. റഷ്യൻ അനുകൂലിയായ യാനുക്കോവിച്ചിൽ നിന്നും അധികാരം പിടിച്ചെടുത്ത പ്രതിപക്ഷം എന്നും യൂറോപ്യൻ യൂണിയനെ പിന്തുണച്ചിട്ടുള്ള വിഭാഗമാണ്.അതുകൊണ്ടു തന്നെ ഉക്രെയിനിനകത്ത് ഒരു വിമതവിഭാത്തെ സൃഷ്ടിച്ചുകൊണ്ട് തന്റെ പ്രതികാരനടപടികൾ പുട്ടിൻ ആരംഭിക്കുകയായിരുന്നു.
അഭ്യന്തര കലഹങ്ങൾ കൊടുമ്പിരികൊണ്ട് അവസരം മുതലെടുത്ത് ഉക്രെയിനിന്റെ ഭാഗമായ ക്രീമിയ റഷ്യയോട് കൂട്ടിച്ചേർത്ത പുടിൻ പക്ഷെ അതുകൊണ്ടും തൃപ്തനായിട്ടില്ല. ഇപ്പോഴും ക്രീമിയയുമായുള്ള ഉക്രെയിൻ അതിർത്തി പ്രദേശങ്ങളിൽ റഷ്യൻ അനുകൂലികളായ വിമതർ കലാപത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് ഉക്രെയിനിനെ ആക്രമിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്ന് ചില പാശ്ചാത്യ നിരീക്ഷകർ പറയുന്നു. കിഴക്കൻ ഉക്രെയിനിൽ റഷ്യ ആക്രമണത്തിനു മുതിർന്നാൽ അത് റഷ്യ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായി മാറുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ഉക്രെയിൻ ആക്രമണത്തിനെതിരെ റഷ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാൻസും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, റഷ്യയാകട്ടെ ഈ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ്. തങ്ങൾ ആരെയും ഭീഷണി പെടുത്തുന്നില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഉക്രെയിനിനെ ആക്രമിക്കുമെന്നത് സാങ്കല്പികമായ ഭീതി മാത്രമാണെന്നാണ് റഷ്യ പറയുന്നത്. അതേസമയം, റഷ്യയ്ക്ക് അതിന്റെ അതിർത്തികൾ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതുമാത്രമേ ചെയ്യുന്നുള്ളു എന്നുമായിരുന്നു റഷ്യൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞത്.
അതിർത്തികളിൽ സൈന്യങ്ങൾ തയ്യാറെടുക്കുന്നു
അതിനിടയിൽ പോളണ്ട് അതിർത്തിയിലേക്ക് 15,000 സൈനികരെ കൂടി അയച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെലാറസുമായുള്ള അതിർത്തിയിൽ നടക്കുന്ന അനധികൃത കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ നടപടി. യൂറോപ്പ്യൻ യൂണിയന്റെ കിഴക്കൻ അതിർത്തി സംരക്ഷിക്കേണ്ട ബാദ്ധ്യത പോളണ്ടിനുണ്ടെന്നും തങ്ങൾ അതു മാത്രമാണ് ചെയ്യുന്നതെന്നും പോളണ്ട് അവകാശപ്പെടുന്നു. റഷ്യൻ ഭീഷണി കനത്തതോടെ ഉക്രെയിനും അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. റഷ്യയുമായുള്ള ഉക്രെയിനിന്റെ കിഴക്കൻ അതിർത്തിയിലേക്ക് 8,500 സൈനികരെയാണ് പുതിയതായി ഉക്രെയിൻ അയച്ചിരിക്കുന്നത്.
അതോടൊപ്പം കരിങ്കടലിൽ അമേരിക്കൻ നാവിക സേനയുടെ ശക്തമായ സാന്നിദ്ധ്യവും ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്ക നാവിക കപ്പലുകൾ റഷ്യയോട് കൂടുതൽ അടുത്തുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം റഷ്യ പ്രതിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ പോളണ്ട് -ബെലാറസ് അതിർത്തിയിൽ ബ്രിട്ടീഷ് സൈന്യത്തെ വിന്യസിച്ചത്. നാറ്റോ സഖ്യവും റഷ്യൻ അതിർത്തിയിൽ സൈനിക ശക്തി വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. റഷ്യ ഇതിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. നാറ്റോ സഖ്യത്തിലെ അംഗരാജ്യങ്ങളായ പോളണ്ടിന്റെയും ലിത്വാനിയയുടെയും അതിർത്തിയിൽ റഷ്യൻ-ബെലാറസ് സൈന്യങ്ങൾ പരിശീലന പ്രകടനം നടത്തിയതോടെ നാറ്റോ സഖ്യം കൂടുതൽ ജാഗരൂകരാവുകയാണ്.
പ്രതിസന്ധി ഉടലെടുത്തത് ബെലാറസിൽ നിന്ന്
2020 ആഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏകാധിപതിയായ അലക്സാണ്ടർ ലുക്കഷെൻകോവ് ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മേഖലയിൽ അശാന്തി പടരുന്നത്. ബെലാറസിലെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ഫലം ബഹിഷ്കരിക്കുകയായിരുന്നു. ന്യായമായും സുതാര്യമായും അല്ല തെരഞ്ഞെടുപ്പ് നടന്നതെന്ന അവരുടെ വാദത്തോട് യൂറോപ്യൻ യൂണിയനും യോജിച്ചു. തുടർന്ന് ബെലാറസിൽ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഏകദേശം 35,000 പേരോളമാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
അതിനെ തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ബെലാറസിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ വിമാനം തടഞ്ഞ് പത്രപ്രവർത്തകനായ റോമൻ പ്രാടാസെവിച്ചിനെ അറസ്റ്റ് ചെയ്തതോടെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിച്ചു. ഇതോടെയാണ് ലുക്കാഷെൻകോവ് പുതിയ യുദ്ധമുറകൾ പയറ്റാൻ തുടങ്ങിയത്. ഇറാഖിൽ നിന്നും സിറിയയിൽ നിന്നുമൊമ്മെ അഭയാർത്ഥികളുമായി വിമാനങ്ങൾ ബെലാറസിൽ എത്താൻ തുടങ്ങി. പോളണ്ട്, ലിത്വാനിയ, ലാറ്റ്വിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ഇവരെ കടത്തിവിട്ട് പടിഞ്ഞാറൻ യൂറോപ്പിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയായിരുന്നു പുതിയ പദ്ധതി. ഇതോടെയാണ് സംഘർഷം കൂടുതൽ കനക്കുന്നത്.
നിലവിൽ യൂറോപ്പിലേക്ക് കടക്കാൻ ഏകദേശം 20,000 അഭയാർത്ഥികളോളം ബെലാറസിൽ തമ്പടിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇവരിൽ പലരും ഇപ്പോൾ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതെ വിഷമിക്കുകയാണ്. ശൈത്യം കനക്കുന്നതോടെ ധാരാളം മരണങ്ങളും കാണേണ്ടി വരുമെന്ന് പല മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യൻ ബോംബർ വിമാനങ്ങളെ തടഞ്ഞ് ബ്രിട്ടീഷ് വ്യോമസേന
അതിനിടയിൽ വടക്കൻ കടലിനു മുകളിലൂടെ പറന്ന് ഇംഗ്ലീഷ് ചാനലിന് സമീപം വരെയെത്തിയ രണ്ട് റഷ്യൻ ബോംബറുകളെ തടയുവാൻ ബ്രിട്ടീഷ് വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ ഉയർന്ന് പൊങ്ങിയത് ഒരു യുദ്ധത്തിന്റെ പ്രതീതി തന്നെ സൃഷ്ടിച്ചു. പോളണ്ട് അതിർത്തിയിൽ ബ്രിട്ടീഷ് സൈന്യത്തെ വിന്യസിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. രണ്ട് റഷ്യൻ ടു-160 വൈറ്റ് സ്വാൻ ബോംബറുകളാണ് ബ്രിട്ടീഷ് താത്പര്യങ്ങളുള്ള മേഖലയിലേക്ക് പ്രവേശിച്ചത്. ഡച്ച് അതിർത്തിയിലെത്തുന്നതിന് തൊട്ടുമുൻപായിട്ടായിരുന്നു ബ്രിട്ടീഷ് വിമാനങ്ങൾ റഷ്യൻ വിമാനങ്ങളെ തടഞ്ഞത്.
മൂന്നാം ലോക മഹായുദ്ധത്തിന് ആരംഭമാകുമോ ?
ഉക്രെയിനും പോളണ്ടും നാറ്റോ അംഗങ്ങളാണ്. ഈ രാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ നാറ്റോ സഖ്യത്തിന് സ്വാഭാവികമായും പോർമുഖത്തേക്ക് ഇറങ്ങേണ്ടതായ് വരും. പോളണ്ടിലൂടെ അഭയാർത്ഥികളെ അയച്ച് യൂറോപ്പിൽ അശാന്തി പടർത്തുക എന്നതാണ് ലെക്കഷെൻകോവിന്റെ ഉദ്ദേശമെങ്കിൽ, ഉക്രെയിനിനെ പാഠം പഠിപ്പിക്കുവാനുള്ള ഒരു അവസരമാണ് പുടിൻ കാത്തിരിക്കുന്നത്. ഈ രണ്ട് ഏകാധിപതികളും യുദ്ധം വിലയ്ക്ക് വാങ്ങുന്നത് തങ്ങളുടെ സ്വകാര്യ താത്പര്യങ്ങൾ സംരക്ഷിക്കുവാനാണ് എന്നതും ഒരു സത്യമാണ്. ലോകം കണ്ട രണ്ട് മഹായുദ്ധങ്ങൾക്കും വിത്തെറിഞ്ഞത് യൂറോപ്പിന്റെ മണ്ണിലായിരുന്നു. മൂന്നാമതും അത് ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകംമുഴുവൻ. കോവിഡ് പ്രതിസന്ധിയിൽ നിന്നു തന്നെ പൂർണ്ണമായും മുക്തമാകാത്ത ലോകത്തിന്ഒരു യുദ്ധം കൂടി താങ്ങാൻ കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
മറുനാടന് ഡെസ്ക്