മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയുടെ നികുതിവെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനത്തിലും ഇൻകംടാക്സ് അന്വേഷണം നടക്കുന്നതിനിടെ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധിക ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതിയുടെ അന്ത്യശാസനവും. സാമ്പത്തിക തട്ടിപ്പ്, നികുതിവെട്ടിപ്പ്, അനധികൃ സ്വത്ത് സമ്പാദനം, നിയമവിരുദ്ധ തടയണ, റോപ് വെ തുടങ്ങിയ നിയമലംഘനങ്ങളിൽ ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും കുലുക്കമില്ലാതെ അൻവറും, അനക്കമില്ലാതെ സർക്കാരും സിപിഎം നേതൃത്വവും.

മംഗലാപുരത്ത് ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് സിപിഎം സഹയാത്രികനായ പ്രവാസി എൻജിനിയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതിയാണ് പി.വി അൻവർ. ഈ കേസിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരന്റെ ആരോപണത്തെ തുടർന്ന് ഹൈക്കോടതി ഉത്തരവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണിപ്പോൾ.

അൻവറിനെ അറസ്റ്റ് ചെയ്യാതെ ക്രൈം ബ്രാഞ്ചും ഒത്തുകളിച്ചതോടെ അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കി. 2016ൽ നിലമ്പൂരിൽ നിന്നും നിയമസഭാംഗമായി മാസങ്ങൾക്കകം ഗുണ്ടാസംഘത്തെ അയച്ച് നിലമ്പൂർ പൂക്കോട്ടുംപാടത്തെ റീഗൾ എസ്റ്റേറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് പി.വി അൻവർ എംഎ‍ൽഎ ഒന്നാം പ്രതിയായത്. മഞ്ചേരി മാലാംകുളത്ത് അൻവറിന്റെ പീവീആർ മെട്രോ വില്ലേജിലേക്ക് റോഡുണ്ടാക്കാൻ സി.പി ജോസഫ് എന്ന കുടിയേറ്റ കർഷകന്റെ ഭൂമി കരാർ എഴുതിയതിനും കൂടുതലായി നാലുസെന്റ് ഭൂമി തട്ടിയെടുത്തതിന് മഞ്ചേരി സബ് കോടതി അൻവറിനെ ശിക്ഷിച്ചു. കോടതി വിധിച്ച നഷ്ടപരിഹാരം നൽകാത്തതിനാൽ നാല് തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എംഎ‍ൽഎയായ ശേഷമാണ് അറസ്റ്റ് വാറണ്ടിനെ തുടർന്ന് പണമടച്ച് തടിയൂരിയത്.

ഇതിനു പിന്നാലെ കക്കാടംപൊയിലിൽ മലയിടിച്ച് വാട്ടർതീം പാർക്ക് കെട്ടി വിവാദങ്ങളിൽ നിറഞ്ഞു. പാർക്കിൽ ഉരുൾപൊട്ടയതോടെ കോഴിക്കോട് കളലക്ടർതന്നെ പാർക്ക് അടച്ച്പൂട്ടി. ചീങ്കണ്ണിപ്പാലിയിൽ ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട കാട്ടരുവി തടഞ്ഞ് തടയണ കെട്ടി നിയമലംഘനം നടത്തിയതായി അടുത്ത പരാതി. തുടർന്ന് തടയണ പൊളിക്കാൻ മലപ്പുറം കലക്ടർ ഉത്തരവിട്ടപ്പോൾ ഹൈക്കോടതിയിൽ പോയി സ്റ്റേ നേടി.

ഒടുവിൽ ഹൈക്കോടതി തന്നെ കലക്ടറുടെ ഉത്തരവ് ശരിവെച്ച് തടയണ പൊളിക്കാൻ ഉത്തരവിട്ടു. ഇപ്പോഴും തടയണ പൂർണമായും പൊളിച്ചുനീക്കിയിട്ടില്ല. ഹോട്ടൽ പണിയാൻ പെർമിറ്റ് നേടി തടയണക്ക് കുറുകെ നിയമംലംഘിച്ച് റോപ് വേ പണിതതായി അടുത്ത ചട്ടലംഘനം. റോപ് വെ പൊളിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടും അനക്കമില്ല.

2011 മുതൽ തുടർച്ചയായി വരുമാന നഷ്ടം കാണിച്ച ശേഷം കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പും അനധികൃത സമ്പാദ്യവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി വന്നതോടെയാണ് അൻവർ വീണ്ടും വെട്ടിലായത്. നികുതിവെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനവും ആദായനികുതി വകുപ്പ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷിക്കുമെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്.

ഇതിനു പിന്നാലെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ അഭിമാന നിയമമായ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പരിധിയിൽ കവിഞ്ഞ ഭൂമി സമ്പാദിച്ചതിന് അൻവർ ഹൈക്കോടതി നടപടി നേരിടുന്നത്. അൻവറിന്റെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് എട്ടുമാസമായി നടപ്പാക്കാഞ്ഞതോടെയാണ് കോടതി അലക്ഷ്യഹർജിയിൽ ഹൈക്കോടതി അൻവറിനെതിരെ നടപടി കടുപ്പിച്ചത്.

കൂടുതൽ സാവകാശം തേടിയുള്ള സർക്കാർ സത്യവാങ്മൂലം തള്ളിയാണ് 10 ദിവസത്തിനകം നടപടി പൂർത്തിയാക്കി മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലമ്പൂരിൽ യു.ഡി.എഫ് കോട്ട അൻവറിലൂടെ പിടിച്ചടക്കിയതിന്റെ നന്ദിസൂചകമായി പലകാര്യങ്ങളും സിപിഎം നേതൃത്വവും സർക്കാരും കണ്ടില്ലെന്ന് നടിച്ചെങ്കിലും അൻവറിപ്പോൾ പാർട്ടിക്കും തലവേദന തന്നെയാണെന്ന രീതിയിൽ മുതിർന്ന നേതാക്കൾക്കിടയിലും സംസാരമുണ്ട്. അൻവറിനെതിരെ മേൽപറഞ്ഞ കേസുകളില്ലായിരുന്നുവെങ്കിൽ ഈ മന്ത്രിസഭയിൽ വരെ അംഗമാകാൻ സാധ്യതയുള്ള വ്യക്തികൂടിയായിരുന്നു.