ദോഹ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ യുവതി പ്രസവിച്ചു. അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യുവതിയെയും നവജാത ശിശുവിനെയും സുരക്ഷിതമായി നാട്ടിലെത്തിച്ചതായി അധികൃതർ അറിയിച്ചു.

ഖത്തറിലെ ഇന്ത്യൻ എംബസിയാണ് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതമായ തിരിച്ചുവരവ് സംബന്ധിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇവർക്ക് യാത്ര തുടരാനോ നാട്ടിലെത്താനോ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സഹകരിച്ച പുനർജനി ഖത്തർ, ഗുജറാത്തി സമാജ് തുടങ്ങിയ കമ്മ്യൂണിറ്റി സംഘടനകൾക്ക് എംബസി നന്ദി അറിയിച്ചു.

ഇത്തരം അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ ഏകോപനം ആവശ്യമാണെന്ന് പുനർജനി ഖത്തർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാൻ വിമാനത്താവള അധികൃതരും ബന്ധപ്പെട്ടവരും നടത്തിയ ഇടപെടലുകളെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.