ദോഹ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മനുഷ്യരഹിത എയർ ടാക്സിയുടെ (eVTOL) പരീക്ഷണപ്പറക്കൽ ഖത്തറിൽ വിജയകരമായി പൂർത്തിയായി. ഓൾഡ് ദോഹ പോർട്ടിനും കതാറ കൾച്ചറൽ വില്ലേജിനും ഇടയിലാണ് ഈ ചരിത്രപരമായ പറക്കൽ നടന്നത്. സ്മാർട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.

ഖത്തർ ഗതാഗത മന്ത്രാലയം സംഘടിപ്പിച്ച പരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ എയർ ടാക്സി പറന്നത്. നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യയും സ്വയം നിയന്ത്രണ സംവിധാനവും ഉപയോഗിച്ചാണ് ടാക്സി നിയന്ത്രിച്ചത്. പരീക്ഷണപ്പറക്കൽ ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയുടെ സാന്നിധ്യത്തിൽ നടന്നു. ഇത് ഖത്തറിൻ്റെ ഹൈടെക് ഗതാഗതത്തിൻ്റെ ഭാവിക്കുള്ള വാതിൽ തുറക്കുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.

ഭാവിയിലെ നഗര ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമാകാനും യാത്രാ വേഗതയും സുരക്ഷയും വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ ഗതാഗത സംവിധാനം രാജ്യത്ത് അംഗീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും തയ്യാറാക്കുന്നതിനുള്ള തുടർനടപടികൾ ഗതാഗത മന്ത്രാലയം സ്വീകരിക്കും. അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ ഓരോ ഘട്ടത്തിലും വിശദമായി പരിശോധിക്കും.