ദോഹ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന് ഖത്തറിൽ 194 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് കോംബാറ്റിംഗ് വിഭാഗമാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വീഡിയോകളും വാർത്തകളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതിനാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുകയും ഔദ്യോഗിക വിവരങ്ങൾ വളച്ചൊടിക്കുകയും ചെയ്തവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഈ അറസ്റ്റുകൾ.

സുരക്ഷാ നടപടികളുമായോ ഫീൽഡ് പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനോ, പങ്കുവെക്കുന്നതിനോ, കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനോ എതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുണ്ട്.

വ്യാജവാർത്തകൾക്കും അഭ്യൂഹങ്ങൾക്കുമെതിരെ കുവൈത്തും സമാനമായ നടപടികളെടുക്കുന്നുണ്ട്. മാധ്യമ നിയമങ്ങൾ ലംഘിക്കുകയും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

ചില മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജവാർത്തകൾ നൽകുന്നത് മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നിയമലംഘനം നടത്തിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.