- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരങ്ങൾ വേഗത്തിലും കൃത്യതയിലും; രഹസ്യങ്ങളുടെ കലവറയായ കുഞ്ഞുചതുരപ്പെട്ടിക്ക് പ്രിയമേറുമ്പോൾ; ക്വിക് റെസ്പോൺസ് കോഡ് എന്ന ക്യു ആർ കോഡിന്റെ കുഞ്ഞു വലിയ കഥകൾ
തിരുവനന്തപുരം: കറുപ്പും വെളുപ്പും കുത്തുകൾ നിറഞ്ഞ ചെറിയ ഒരു ചതുരപ്പെട്ടി ഇപ്പോൾ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. പത്രമാധ്യമങ്ങൾ മുതൽ പണമിടാപാടിനു വരെ ഇപ്പോൾ ഈ ചതുരപ്പെട്ടിയെ കാണാൻ കഴിയും. ക്യു ആർ കോഡ് എന്ന ചതുരപ്പെട്ടിയുടെ പൂർണ്ണരൂപം ക്വിക് റെസ്പോൺസ് കോഡ് എന്നാണ്. എളുപ്പത്തിൽ വിവരങ്ങൾ കൈമാറാനും ഒത്തിരി വിവരങ്ങൾ സൂക്ഷിക്കുവാൻ കഴിയുമെന്നതുമാണ് ക്യൂ ആർ കോഡിനെ ഉപയോക്താക്കളുടെ പ്രിയങ്കരനായി മാറ്റുന്നത്. കോവിഡാനന്തരം പണമിടപാടുകൾ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വഴിയായതോടെ ക്യൂ ആർ കോഡിന്റെ ഉപയോഗം വർധിച്ചു. ബാർകോഡുകളുടെ തുടർച്ചയായണ് ക്യൂ ആർ കോഡും രംഗം കീഴടക്കുന്നത്.
കുഞ്ഞൻ ചതുരപ്പെട്ടി വന്ന വഴി
ജപ്പാനാണ് ക്യൂ ആർ കോഡിന്റെ സ്വദേശം. 1960-കളിൽ ജപ്പാൻ സാമ്പത്തികമായി വളർച്ച പ്രാപിക്കുന്ന സമയം.ഈ കാലഘട്ടത്തിലാണ് അവിടെ സൂപ്പർമാർക്കറ്റ് എന്ന സംവിധാനം നിലവിൽ വരുന്നത്.വ്യാപാര സൗകര്യം വർധിച്ചതോടെ ജനങ്ങൾ സൂപ്പർ മാർക്കറ്റുകളെ കൂടുതലായും ആശ്രയിക്കാൻ തുടങ്ങി. പക്ഷെ ഈ മാറ്റം കാഷ്യർമാർക്കും മറ്റും ഇത് പ്രതികൂലമായ ഒരു പ്രശ്നം സൃഷ്ടിച്ചു. അവർക്ക് അമിത ജോലിഭാരം നേരിട്ടു. ഇതിന് പരിഹാരമായാണ് ബാർകോഡ് സംവിധാനം ആവിഷക്കരിക്കുന്നത്. ഇത് ചെറിയ മാറ്റങ്ങൾ അവിടെ സൃഷ്ടിച്ചു. ഉത്പാദന, വിതരണ വ്യവസായ മേഖലകളിലെല്ലാം 1980-കളോടെ ബാർകോഡ് സംവിധാനം ഉപയോഗിക്കാൻ തുടങ്ങി. 1990 കൾ ആയപ്പോഴേക്കും വീണ്ടും വലിയ മാറ്റങ്ങൾ നേരിച്ചു. വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ബാർകോഡുകൾ പോരാതെ വന്നു.കൂടുതൽ ഡാറ്റ ഉൾക്കൊള്ളുന്ന ബാർകോഡ് വികസിപ്പിക്കേണ്ടതായി വന്നു.
ഈ ഒരു മാറ്റത്തിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു കോഡ് സംവിധാനം എന്ന ആവശ്യം ഉയർന്നുവന്നത്. അങ്ങിനെയാണ് ഇന്ന് കാണുന്ന ക്യു ആർ കോഡുകളുടെ ആദ്യരൂപം സൃഷ്ടിക്കപ്പെട്ടത്. ഡെൻസോയിലെ ബാർകോഡ് സ്കാനറുകളുടെയും ക്യാരക്റ്റർ ഒപ്റ്റിക്കൽ റെക്കഗ്നിഷൻ ഉപകരണങ്ങളുടെയും വികസനത്തിൽ ഏർപ്പെട്ടിരുന്ന മസാഹിരോ ഹാര എന്ന മനുഷ്യൻ കൂടുതൽ വേഗത്തിൽ വായിക്കാൻ കഴിയുന്ന വിധത്തിലുള്ള ബാർകോഡുകൾ വികസിപ്പിക്കാൻ തയ്യാറെടുത്തു. തുടക്കത്തിൽ ചില പോരായ്മകളൊക്കെ നേരിട്ടു. ഒട്ടേറെ പരിമിതികൾ അതിനുണ്ടായി. ഒരു ചെറിയ ഏരിയയിൽ അച്ചടിക്കാൻ കഴിയുന്ന കോഡ് സൃഷ്ടിക്കണമെന്ന ആവശ്യം നേരിട്ടു. തുടർന്ന് ഒട്ടേറെ വിവരങ്ങളെ സംഭരിക്കുന്ന ഒരു കോംപാക്റ്റ് കോഡ് വികസിപ്പിച്ചെടുത്തു. വളരെ വേഗത്തിൽ വായിക്കാൻ കഴിയുന്നത്.ഇങ്ങനെയാണ് ക്യു ആർ കോഡ് ജനിക്കുന്നത്.
ക്യു ആർ കോഡുകൾ ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത് 1994-ൽ ആണ്.ഡെൻസോ വേവ് കോർപ്പറേഷനായിരുന്നു അവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ആദ്യം ക്യു ആർ കോഡ് വികസിപ്പിച്ചത്. വാഹനങ്ങൾ നിർമ്മിക്കുന്ന ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായിരുന്നു അത്. വാഹനനിർമ്മാണത്തിനാവശ്യമായ സ്പെയർപാർട്ടുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്താനായിരുന്നു ആദ്യത്തെ ഉപയോഗം. ക്യു ആർ കോഡിന്റെ പേറ്റന്റ് ഡെൻസോ വേവ് കമ്പനിക്കാണെങ്കിലും അവർ പിന്നീട് ഇത് സ്വതന്ത്രമായ ഉപയോഗത്തിനായി വിട്ടുനൽകുകയായിരുന്നു. പുതിയ കാലത്ത് ക്യു ആർ കോഡുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി.
താരമായി ക്യൂ ആർ കോഡ്.. ചതുരപ്പെട്ടി തരംഗമാകുമ്പോൾ..
പ്രധാനപ്പെട്ട പല വിവരങ്ങളും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രത്യേക രീതിയിലുള്ള ദ്വിമാന മെട്രിക്സ് കോഡുകളാണ് ഇവ. കടയിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെയും പുസ്തകങ്ങളുടെയുമൊക്കെ പുറകുവശത്ത് കാണാറുള്ള കറുപ്പും വെള്ളയും ബാർകോഡുകൾ ഇല്ലേ, ഏതാണ്ട് അതുപോലെയുള്ള ഒന്നാണ് ഈ ക്യു ആർ കോഡും.ബാർകോഡിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും എന്നതാണ് ക്യു ആർ കോഡിന്റെ പ്രധാന നേട്ടം.
യു ആർ എൽ വീഡിയോയുടെ ലിങ്കുകൾ, വിശദമായ വിവരങ്ങൾ എന്നിവയെല്ലാം ഇത് ഉൾക്കൊള്ളുന്നു. വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭിക്കുന്നു എന്നതാണ് ക്യു ആർ കോഡിനെ ജനപ്രിയമാക്കിയത്. ക്യു ആർ കോഡ് റീഡർ പോലുള്ള ആപ്പുകൾ നമ്മുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി, കോഡിലുള്ള സകല വിവരങ്ങളും ഫോണിലൂടെ കാണാനാകും.വളരെ എളുപ്പത്തിൽ ക്യു ആർ കോഡുകൾ ജനറേറ്റ് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റുകൾ രംഗത്ത് വന്നു. ഇതെല്ലാം ക്യു ആർ കോഡുകളുടെ ഉപയോഗത്തെയും സാധ്യതയേയും അനുകൂലമായി ബാധിച്ചു.
സ്മാർട്ട് ഫോണുകളുടെ ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതും ഒരു പ്രധാനപ്പെട്ട കാര്യമാണ്. ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്ന രീതിയും ഹോട്ടലുകളിലും മറ്റും വ്യാപകമായിത്തുടങ്ങി. എല്ലാ രാജ്യങ്ങളിലും ഇന്ന് ക്യു ആർ കോഡ് സംവിധാനം ലഭിക്കുന്നു. ഒക്ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളി ആദ്യമായി ക്യു. ആർ കോഡ് ഉപയോഗിച്ച ദേവാലയം എന്ന ചരിത്രനേട്ടം കൈവരിച്ചു. വരും നാളുകളിൽ ക്യൂ ആർ കോഡ് കൂടുതൽ മാറ്റങ്ങൾ കൈവരിക്കുന്നതോടെ ഇ സാങ്കേതിക വിദ്യ കൂടുതൽ ജനപ്രീയമാകുമെന്ന കാര്യം തീർച്ചയാണ്.
മറുനാടന് ഡെസ്ക്