പത്തനംതിട്ട: അതിസങ്കീർണമായ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ചെറുകിട ഇടത്തരം ക്വാറികളുടെ പ്രവർത്തനം നിലച്ചു. ഇതോടെ പാറ ഉൽപന്നങ്ങളുടെ വില കുതിച്ചുയർന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ പാറ വൻ വിലയ്ക്ക് കൊണ്ടു വന്ന് ഉപയോഗിക്കുന്നതിനാൽ ക്രഷർ യൂണിറ്റുകൾ അനുബന്ധ വസ്തുക്കളായ മെറ്റൽ, പാറപ്പൊടി, തുടങ്ങിയവയുടെ വില ക്രമാതീതമായി വർധിപ്പിച്ചിരിക്കുകയാണ്. തങ്ങൾക്ക് നാട്ടിൽ നിന്നും പാറ ലഭിക്കാത്തതിനാൽ ഇതരസംസ്ഥാനത്ത് നിന്ന് കൊണ്ടു വരണമെന്നും ഇതിന് ചെലവേറുമെന്നും ആനുപാതികമായി ഉൽപന്നങ്ങൾക്ക് വില വർധിക്കുമെന്നും ക്രഷർ യൂണിറ്റ് ഉടമകൾ പറയുന്നു.

വരാൻ പോകുന്ന സിൽവർ ലൈനിന്റെ പണിക്ക് അസംസ്‌കൃത പദാർഥങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇല്ലാത്ത വ്യവസ്ഥകൾ ചുമത്തി ക്വാറികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചിരിക്കുന്നതെന്നും പറയുന്നു. ഇക്കാര്യം പറയാതെ പറയുകയാണ് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസു കുട്ടി തേവരുമുറിയിൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനിൽ ഉഴത്തിൽ, സെക്രട്ടറി അജികുമാർ വള്ളിക്കോട്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.പി ഗോപാലകൃഷ്ണൻ, സാബു കണ്ണംകുഴയത്ത് എന്നിവർ.

നിലവിൽ ക്വാറികൾ സംസ്ഥാന വ്യാപകമായി സ്തംഭിപ്പിച്ചിരിക്കുന്നത് കെ-റെയിലിന് വേണ്ടിയാണെന്ന ആരോപണം അവർ ശരിവയ്ക്കുന്നു.
പിടിവാശിയും ആഭ്യന്തര കലാപവും ഒഴിവാക്കി കെ-റെയിൽ വിഷയത്തിൽ ആരോഗ്യകരമായ സംവാദവും തുടർന്ന് റഫറണ്ടവും വേണമെന്ന് നേതാക്കൾ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നിവേദനം നൽകും.

അതിവേഗവും സംയോജിതവുമായ ഗതാഗതം കാലഘട്ടത്തിന്റെ ആവശ്യമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, മുൻഗണനകൾ എന്നിവയും പ്രധാനമാണ്. മെയ്‌ മാസത്തിൽ അസോസിയേഷൻ എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് സംവാദം സംഘടിപ്പിക്കും. ആരോഗ്യകരമായ സംവാദങ്ങളും റഫറണ്ടവും സംസ്ഥാനത്തിന്റെ വികസനത്തിന് ശരിയായ ദിശാബോധം സൃഷ്ടിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

നിർമ്മാണ വസ്തുക്കളുടെ വില, കൂലി, ഗതാഗത ചെലവുകൾ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് കരാർ തുകകളിലും മാറ്റം വരുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ധന വിലകളിൽ അടിക്കടിയുണ്ടാകുന്ന വ്യതിയാനം നിർമ്മാണ ചെലവുകളിൽ ബഹുതല മാറ്റമാണുണ്ടാക്കുന്നത്. അതോടൊപ്പം വൻകിട ഉദ്പാകർ സംഘം ചേർന്ന് ബിറ്റുമിൻ, സിമെന്റ്, സ്റ്റീൽ, പൈപ്പുകൾ, ഇലക്ട്രിക്കൽ-പ്ലംബിങ് സാധനങ്ങൾ, ക്വാറി-ക്രഷർ ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിപ്പിക്കുകയാണ്.

ടാർ വില പൊതുമരാമത്ത് പട്ടിക നിരക്കിനേക്കാൾ നൂറുശതമാനത്തിലേറെ വർധിച്ചു. അതിന് നഷ്ടപരിഹാരം നൽകാൻ ധനവകുപ്പ് ഉത്തരവിറക്കിയിട്ടും ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ഓരോ മാസത്തെയും നിരക്കുകളുടെ ശരാശരി കണക്കാക്കാൻ സംവിധാനം ഉണ്ടാക്കുകയും അതിനനുസരിച്ച് കരാർ തുകയിൽ മാറ്റം വരുത്തുകയും വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മെയ്‌ ഏഴിന് അസോസിയേഷൻ സൂചനാ പണിമുടക്ക് നടത്തും.

ഏഴു മാസത്തെ കുടിശിക തുകയാണ് കരാറുകാർക്ക് ഇനി ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ ചെയ്ത പണികൾക്കുള്ള പണം ഇതുവരെ ലഭിച്ചില്ലെന്നും കരാറുകാർ പറയുന്നു.